12,100 കോടി ആസ്തി: പിച്ചൈയേക്കാള്‍ സമ്പന്നന്‍ ഗൂഗിളിന്റെ ഈ കോട്ടയംകാരന്‍ സി.ഇ.ഒ

ഇന്ത്യന്‍ വംശജ സി.ഇ.ഒമാരില്‍ രണ്ടാമത്തെ വലിയ സമ്പന്നനാണ് തോമസ് കുര്യന്‍
Thomas Kurian and Sundar Pichai
Thomas Kurian/ Sundar Pichai/image : LinkedIn
Published on

കോട്ടയം പാമ്പാടി കോത്തല പുള്ളോലിക്കല്‍ വീട്ടില്‍ പി.സി. കുര്യന്‍-മോളി ദമ്പതികളുടെ മകനായ തോമസ് കുര്യനെ ഏവരും സ്‌നേഹത്തോടെ വിളിക്കുന്നത് ''ടി.കെ'' എന്നാണ്. ഇരട്ട സഹോദരന്‍ ജോര്‍ജ് കുര്യന്‍.

1966ല്‍ ജനിച്ച ഇരുവരുടെയും സ്‌കൂള്‍ ജീവിതം ബംഗളൂരുവിലായിരുന്നു. ബംഗളൂരു സെന്റ് ജോസഫ്‌സ് ബോയ്‌സ് ഹൈസ്‌കൂളിലെ പഠനശേഷം ഇരുവരും മദ്രാസ് ഐ.ഐ.ടിയില്‍ ചേര്‍ന്നെങ്കിലും പാതിവഴിക്ക് ഉപേക്ഷിച്ചു. അമേരിക്കയിലെ പ്രിന്‍സ്റ്റണ്‍ യൂണിവേഴ്‌സിറ്റിയില്‍ പ്രവേശം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു അത്.

അങ്ങനെ 16-ാം വയസില്‍ അമേരിക്കയിലേക്ക് പറന്ന ഇരുവരും പിന്നീട് ചുവടുവച്ചത് ലോകത്തെ ഏറ്റവും പെരുമയുള്ള രണ്ട് കമ്പനികളുടെ നിര്‍ണായക പദവികളിലേക്ക്. തോമസ് കുര്യന്‍ ഗൂഗിള്‍ ക്ലൗഡ് സി.ഇ.ഒയായി; സഹോദരന്‍ ജോര്‍ജ് കുര്യന്‍ പ്രമുഖ സോഫ്റ്റ് വെയര്‍ കമ്പനിയായ നെറ്റ്ആപ്പിന്റെ സി.ഇ.ഒയും

പിച്ചൈയേക്കാള്‍ പെരുമയില്‍ തോമസ് കുര്യന്‍

ഗൂഗിളിന്റെ സി.ഇ.ഒ സുന്ദര്‍ പിച്ചൈ ഓരോ ഇന്ത്യക്കാരന്റെയും അഭിമാനമാണ്. പക്ഷേ, മലയാളികള്‍ക്ക് അഭിമാനിക്കാന്‍ മറ്റൊരാള്‍ കൂടിയുണ്ട്. ഗൂഗിള്‍ ക്ലൗഡ് സി.ഇ.ഒ തോമസ് കുര്യന്‍.

2018 നവംബറിലാണ് തോമസ് കുര്യന്‍ ഗൂഗിള്‍ ക്ലൗഡിന്റെ സി.ഇ.ഒയായത്. നിലവില്‍, സുന്ദര്‍ പിച്ചൈയേക്കാള്‍ സമ്പന്നനാണ് തോമസ് കുര്യന്‍. ലോകത്തെ ഏറ്റവും സമ്പന്നരായ ഇന്ത്യന്‍ വംശജ സി.ഇ.ഒമാരില്‍ രണ്ടാമനുമാണ് ഈ മലയാളി.

പ്രിന്‍സ്റ്റണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഇലക്ട്രിക് എന്‍ജിനിയറിംഗ് ബിരുദവും സ്റ്റാന്‍ഫോഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എം.ബി.എയും നേടിയ തോമസ് കുര്യന്‍ 1990ല്‍ മക്കിന്‍സിയിലാണ് ആദ്യ ജോലി ആരംഭിക്കുന്നത്. കമ്പനിയില്‍ ധനകാര്യം, ടെലികമ്മ്യൂണിക്കേഷന്‍ വിഭാഗങ്ങളില്‍ പ്രവര്‍ത്തിച്ച അദ്ദേഹം 1996ല്‍ ഓറാക്കിളില്‍ ചേര്‍ന്നു.

നീണ്ട 22 വര്‍ഷക്കാലം ഒറാക്കിളില്‍ പ്രവര്‍ത്തിച്ച അദ്ദേഹം 32 രാജ്യങ്ങളിലായുള്ള 35,000ഓളം ജീവനക്കാരുടെ ടീമിനെ നയിച്ചു. 2018ല്‍ ഒറാക്കിള്‍ കോ-ഫൗണ്ടര്‍ ലാറി എലിസണുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് രാജിവച്ചു. ആ വര്‍ഷം തന്നെ ഗൂഗിള്‍ ക്ലൗഡിന്റെ സി.ഇ.ഒയുമായി.

സൗമ്യനായ ടി.കെ

ക്ലൗഡ് വിപണിയില്‍ താരതമ്യേന ചെറിയ വിഹിതമുണ്ടായിരുന്ന ഗൂഗിള്‍ ക്ലൗഡിനെ മുന്‍നിരയിലെത്തിക്കുകയെന്ന ദൗത്യമാണ് തോമസ് കുര്യനുണ്ടായിരുന്നത്. 2019ലെ ഗൂഗിളിന്റെ ക്ലൗഡ് നെക്്‌സ്റ്റ് കോണ്‍ഫറന്‍സില്‍ ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയത് എപ്പോഴും സൗമ്യഭാവം വച്ചുപുലര്‍ത്തുന്ന തോമസ് കുര്യന്‍ എന്ന ടി.കെയാണ്.

പരിപാടിയില്‍ ഗൂഗിള്‍ ക്ലൗഡിന്റെ പുത്തന്‍ മുഖമായ 'ആന്തോസ്', ഗൂഗിള്‍ എ.ഐ പ്ലാറ്റ്‌ഫോം എന്നിവ പരിചയപ്പെടുത്തി അദ്ദേഹം ഏവരുടെയും കൈയടി നേടി. ഉപഭോക്തൃ സേവനത്തിന് കൂടുതല്‍ ശ്രദ്ധയൂന്നിയ അദ്ദേഹം, ക്ലൗഡ് ജീവനക്കാരുടെ ശമ്പളവും ഉയര്‍ത്തി ടീമിനെ കൂടുതല്‍ ഊര്‍ജ്ജസ്വലമാക്കി. തത്ഫലമായി പിന്നീട് നിരവധി കമ്പനികള്‍ ഗൂഗിള്‍ ക്ലൗഡ് ഡേറ്റ സൂക്ഷിക്കാനായി ഉപയോഗിക്കാന്‍ തുടങ്ങി.

സമ്പത്തില്‍ രണ്ടാമന്‍, പിച്ചൈയേക്കാളും നദാലെയാക്കാളും മുന്നില്‍

സമ്പത്തില്‍ സ്വന്തം കമ്പനിയായ ഗൂഗിളിന്റെ സി.ഇ.ഒ സുന്ദര്‍ പിച്ചൈയേക്കാളും മുന്നിലാണ് തോമസ് കുര്യന്‍. 2022ലെ ഹുറൂണ്‍ ഇന്ത്യ റിച്ച് ലിസ്റ്റ് പ്രകാരം 12,100 കോടി രൂപയുടെ ആസ്തിയുണ്ട് തോമസ് കുര്യന്. പിച്ചൈയുടെ ആസ്തിയായ 5,300 കോടി രൂപയേക്കാള്‍ ഇരട്ടിയിലധികം.

മൈക്രോസോഫ്റ്റ് സി.ഇ.ഒയും ഇന്ത്യന്‍ വംശജനുമായ സത്യ നദേലയുടെ ആസ്തി 6,200 കോടി രൂപയാണ്. അഡോബീയുടെ ഇന്ത്യന്‍ വംശജനായ സി.ഇ.ഒ ശന്തനു നാരായണനുള്ളത് 3,800 കോടി രൂപ. അരിസ്റ്റ നെറ്റ്‌വര്‍ക്കിന്റെ ജയശ്രീ ഉള്ളാല്‍ (16,600 കോടി രൂപ) കഴിഞ്ഞാല്‍ ലോകത്തെ രണ്ടാമത്തെ വലിയ സമ്പന്നനായ ഇന്ത്യന്‍ വംശജ സി.ഇ.ഒയാണ് തോമസ് കുര്യന്‍.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com