ഒറ്റ ദിവസം കൊണ്ട് റാങ്കിങ് 90-ൽ നിന്ന് 15 ലേക്ക്, പിന്നിൽ ടിക് ടോക്കിന്റെ പ്രൊമോഷൻ സ്ട്രാറ്റിജി

ഒരാഴ്ച്ച നീണ്ടുനിന്ന നിരോധനത്തിനു ശേഷം പൂർവാധികം കരുത്തോടെ ഇന്ത്യൻ വിപണിയിൽ തിരിച്ചെത്തിയിരിക്കുകയാണ് ചൈനീസ് സോഷ്യൽ മീഡിയ ആപ്ലിക്കേഷനായ ടിക് ടോക്ക്. ആപ്പ് നിരോധിക്കാൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടതോടെ ഏപ്രിൽ 17 ന് ഗൂഗ്ളും ആപ്പിളും തങ്ങളുടെ ആപ്പ് സ്റ്റോറിൽ നിന്ന് ആപ്ലിക്കേഷൻ മാറ്റിയിരുന്നു.

നിരോധനം നീങ്ങിയ ശേഷം ഏപ്രിൽ 30ന് ആപ്പ് തിരിച്ചെത്തി. എന്നാൽ അന്നത്തെ ദിവസം ഇന്ത്യയിൽ ഏറ്റവുമധികം ഡൗൺലോഡ് ചെയ്യപ്പെട്ട ആപ്പുകളുടെ ലിസ്റ്റിൽ 90 മത്തെ റാങ്ക് ആയിരുന്നു ടിക് ടോക്കിന്.

എന്നാൽ തൊട്ടടുത്ത ദിവസം 15 മത്തെ സ്ഥാനത്തേയ്ക്ക് റാങ്കിങ് കുതിച്ചു. ഇതിന് പിന്നിൽ ടിക് ടോക്കിന്റെ പാരന്റ് കമ്പനിയായ ബൈറ്റ് ഡാൻസിന്റെ പ്രൊമോഷൻ തന്ത്രമാണെന്നാണ് വിദഗ്ധർ പറയുന്നത്. നിരോധനം നടപ്പാക്കുന്നവരെ പ്രതിദിന ഡൗൺലോഡുകളുടെ എണ്ണത്തിൽ ഒന്നാം സ്ഥാനത്തായിരുന്നു ടിക് ടോക്ക്.

ആപ്പ് നിരോധിച്ച സമയത്ത് പ്രതിദിനം 500,000 ഡോളറിന്റെ (ഏകദേശം 4 കോടി രൂപ) നഷ്ടമാണ് കമ്പനി നേരിട്ടത്. ആ നഷ്ടം നികത്താൻ പുതിയ മാർക്കറ്റിംഗ് തന്ത്രങ്ങൾ പരീക്ഷിക്കുകയാണ് ബൈറ്റ് ഡാൻസ്.

മേയ് ഒന്നുമുതൽ മേയ് 16 വരെ, ആപ്പ് ഡൗൺലോഡ് ചെയ്യുന്നവർക്ക് ഒരു ലക്ഷം രൂപ വരെ നേടാമെന്നുള്ള ഓഫറാണ് ഇപ്പോൾ കമ്പനി മുന്നോട്ടു വെക്കുന്നത്. ഒരു ദിവസം മൂന്ന് പേർക്ക് സമ്മാനം നേടാം.

നീക്കം ശ്രദ്ധയോടെ

ഇനിയൊരു വീഴ്ച തങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകാതിരിക്കാനുള്ള എല്ലാ മുൻകരുതലുകളും കമ്പനി എടുക്കുന്നുണ്ട്. പുതിയ രണ്ട് സേഫ്റ്റി ഫീച്ചറുകൾ ബുധനാഴ്ച കമ്പനി പുറത്തിറക്കി. നോട്ടിഫിക്കേഷൻ കൺട്രോൾ, ഡിവൈസ് മാനേജ്മെന്റ് ടൂൾ എന്നിവയാണ് അവ.

Related Articles
Next Story
Videos
Share it