ടിക് ടോക്ക് ഇന്ത്യയില്‍ ഉടന്‍ തിരിച്ചുവരവിന് തയ്യാറെടുക്കുന്നു, വീണ്ടും നിയമനങ്ങൾ ആരംഭിച്ച് കമ്പനി

ടിക് ടോക്ക് 2020 ജൂണിലാണ് ഇന്ത്യയില്‍ നിരോധിക്കുന്നത്
ടിക് ടോക്ക് ഇന്ത്യയില്‍ ഉടന്‍ തിരിച്ചുവരവിന് തയ്യാറെടുക്കുന്നു, വീണ്ടും നിയമനങ്ങൾ ആരംഭിച്ച് കമ്പനി
Published on

ടിക് ടോക് ഇന്ത്യയില്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഇപ്പോഴിതാ കമ്പനി ഇന്ത്യയില്‍ നിയമനങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്. ടിക് ടോക്കിന്റെ ഗുഡ്ഗാവ് ഓഫീസിലേക്ക് ലിങ്ക്ഡ്ഇനിൽ രണ്ട് പുതിയ തൊഴിലവസരങ്ങൾ പ്രത്യക്ഷപ്പെട്ടു. റിക്രൂട്ട്മെന്റ് പ്രവർത്തനങ്ങൾ സൂചിപ്പിക്കുന്നത് കമ്പനി ഇന്ത്യയിൽ സാന്നിധ്യം നിലനിർത്തി ഭാവിയിലേക്ക് തയ്യാറെടുക്കുന്നു എന്നാണ്. അതേസമയം, ടിക് ടോകിന്റെ കേന്ദ്ര സർക്കാർ നിരോധനം ഇതുവരെ നീക്കിയിട്ടില്ല. ആപ്പ് ഇപ്പോഴും ഇന്ത്യയില്‍ ഡൗൺലോഡ് ചെയ്യാൻ ലഭ്യമല്ല.

ചൈനീസ് ടെക് ഭീമനായ ബൈറ്റ്ഡാന്‍സിന്റെ (ByteDance) ഉടമസ്ഥതയിലുള്ള ടിക് ടോക്ക് 2020 ജൂണിലാണ് ഇന്ത്യയില്‍ നിരോധിക്കുന്നത്. ഗാല്‍വാന്‍ താഴ്‌വരയില്‍ ചൈനയുമായുള്ള അതിര്‍ത്തി സംഘര്‍ഷത്തെത്തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ ആപ്പ് നിരോധിക്കുന്നത്. 59 ചൈനീസ് ആപ്പുകളാണ് അന്ന് ദേശീയ സുരക്ഷയും ഡാറ്റ സ്വകാര്യതാ ആശങ്കകളും ചൂണ്ടിക്കാട്ടി നിരോധിച്ചത്.

നിരോധനത്തിന് മുമ്പ് ടിക് ടോക്കിന് ഇന്ത്യയിൽ ഏകദേശം 20 കോടി ഉപയോക്താക്കളാണ് ഉണ്ടായിരുന്നത്. കമ്പനിയുടെ ഏറ്റവും വലിയ വിപണികളിൽ ഒന്നാണ് ഇന്ത്യ. അടുത്തിടെ, ടിക് ടോക്കിന്റെ വെബ്‌സൈറ്റ് ഭാഗികമായി ആക്‌സസ് ചെയ്യാൻ കഴിയുന്നതായി കുറച്ച് ഉപയോക്താക്കൾ വ്യക്തമാക്കിയിരുന്നു.

ടിക് ടോക്കിന്റെ ഗുഡ്ഗാവ് ഓഫീസിലേക്കുളള ഒഴിവുകള്‍ കണ്ടന്റ് മോഡറേറ്റർ (ബംഗാളി സ്പീക്കർ), വെൽബീയിംഗ് പ്രവർത്തനങ്ങളുടെ നേതൃത്വം എന്നീ തസ്തികകളാണ്. ടിക് ടോക്കിലെ ഉള്ളടക്കം നിരീക്ഷിക്കുകയും ഫിൽട്ടർ ചെയ്യുകയും ചെയ്യുക എന്നതാണ് കണ്ടന്റ് മോഡറേറ്ററുടെ ജോലി. ടിക് ടോക്കിന്റെ പ്രാദേശിക ടീമുകളുടെ ക്ഷേമ സംരംഭങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ആഗോള നയങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുന്ന റോളാണ് വെൽബീയിംഗ് ചുമതല. പുതിയ തൊഴില്‍ അവസരങ്ങള്‍ പ്രത്യക്ഷപ്പെട്ടത് കമ്പനി ഇന്ത്യയില്‍ താമസിയാതെ പ്രവര്‍ത്തനം തുടങ്ങുന്നതിന്റെ പ്രാരംഭ നടപടികളായാണ് കരുതുന്നത്.

TikTok begins hiring in India, signaling possible return despite ongoing government ban.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com