എഴുതിത്തള്ളാന്‍ വരട്ടെ! വരിക്കാരുടെ കൊഴിഞ്ഞുപോക്ക് തടയാന്‍ മാസ്റ്റര്‍ പ്ലാനുമായി വോഡ ഐഡിയ

4ജി വിപുലീകരണം നടപ്പിലാക്കുന്നത് ശക്തമാക്കാനൊരുങ്ങി വോഡഫോൺ ഐഡിയ. മാർച്ചിൽ വാണിജ്യാടിസ്ഥാനത്തിൽ 5ജി പുറത്തിറക്കാനും കമ്പനി ലക്ഷ്യമിടുന്നു.
നോക്കിയ, എറിക്സണ്‍, സാംസഗ് എന്നിവയുമായുള്ള പുതിയ കരാറുകൾ പ്രകാരം 4ജി വിപുലീകരണം നവംബറിൽ ആരംഭിക്കുമെന്ന് വോഡ ഐഡിയ ചീഫ് ടെക്‌നോളജി ഓഫീസർ ജഗ്ബീർ സിംഗ് 'മണികൺട്രോളി'നോട് പറഞ്ഞു. കമ്പനി മുൻഗണന നല്‍കുന്ന 17 സർക്കിളുകളിലും 5ജി വാണിജ്യ സേവനങ്ങൾ 2025 മാർച്ചിൽ പുറത്തിറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 4 ജി സേവനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്ന ടെൽകോയ്ക്ക് 2025 ജൂണോടെ ഇന്ത്യയില്‍ 90 ശതമാനവും 4ജി എത്തിക്കാനാകും.

ആറ് മാസത്തിനുള്ളിൽ ശക്തമായ പദ്ധതികള്‍

അതേസമയം, എ.ജി.ആർ കുടിശ്ശിക വീണ്ടും കണക്കാക്കുന്നതുമായി ബന്ധപ്പെട്ട് വോഡഐഡിയയും ഭാരതി എയർടെലും സമര്‍പ്പിച്ച തിരുത്തല്‍ ഹര്‍ജികള്‍ കഴിഞ്ഞ മാസം സുപ്രീം കോടതി തള്ളിയതിനെ തുടർന്ന് വോഡഫോൺ ഐഡിയയുടെ ഓഹരികൾ തകർന്നിരുന്നു. ടെലികോം വകുപ്പിന് ഏകദേശം 70,000 കോടി രൂപയാണ് വോഡഐഡിയ നൽകാനുളളത്.
കൂടാതെ, സ്പെക്ട്രം പേയ്‌മെന്റുകളും ലൈസൻസ് ഫീസും ഉൾപ്പെടെ സര്‍ക്കാരിന് നൽകാനുള്ള മൊത്തം കുടിശ്ശിക ഏകദേശം 2.1 ലക്ഷം കോടി രൂപയാണ്. എന്നാല്‍, തങ്ങളെ എഴുതിത്തള്ളാറായിട്ടില്ലെന്ന് കമ്പനിയുടെ പ്രധാന പ്രമോട്ടറായ കുമാർ മംഗളം ബിർള പറഞ്ഞു. അടുത്ത ആറ് മാസത്തിനുള്ളിൽ ഞങ്ങൾ കൂടുതല്‍ ശക്തമായ പദ്ധതികൾ പ്രഖ്യാപിക്കുമെന്നും ബിര്‍ള പറഞ്ഞു.
കമ്പനിയുടെ ശൃംഖല മെച്ചപ്പെടുത്തുന്നതിനും ബിസിനസ് വിപുലീകരിക്കുന്നതിനും പല പദ്ധതികളും നിക്ഷേപങ്ങളും പരിഗണനയിലാണ്. ഇന്ത്യന്‍ ടെലികോം മേഖലയുടെ ശക്തി വളരെ വലുതാണെന്നും ബിര്‍ള പറഞ്ഞു.
സുപ്രീം കോടതി വിധിക്ക് ശേഷം ബിസിനസിലേക്ക് 55,000 കോടി രൂപയുടെ നിക്ഷേപം വോഡ ഐഡിയ പ്രഖ്യാപിച്ചിരുന്നു. നോക്കിയ, എറിക്‌സൺ, സാംസങ് എന്നിവയിൽ നിന്ന് നെറ്റ്‌വർക്ക് ഉപകരണങ്ങൾ വാങ്ങുന്നതിന് 30,000 കോടി രൂപയാണ് കമ്പനി ചെലവഴിക്കുന്നത്.
Related Articles
Next Story
Videos
Share it