വിവരങ്ങളുടെ 'ആഗോള വലയ്ക്ക്' ഇന്ന് ഹാപ്പി ബെര്‍ത്ത് ഡേ

നിങ്ങള്‍ക്ക് ഇപ്പോള്‍ ഈ വാര്‍ത്ത കാണാന്‍ കഴിയുന്നത് വിവിധ സാങ്കേതിക വിദ്യകള്‍ക്കൊപ്പം 1989 ല്‍ നിലവില്‍ വന്ന വേള്‍ഡ് വൈഡ് വെബ് എന്ന സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ്. ഇന്ന് വേള്‍ഡ് വൈഡ് വെബ് (world wide web) ദിനം. വാര്‍ത്ത അറിയാനും, കാലാവസ്ഥ അറിയാനും, വിവിധ വിഷയങ്ങള്‍ പഠിക്കാനും, ഓണ്‍ലൈന്‍ ആയി ആഹാരം വാങ്ങാനും നാം ഇന്ന് വേള്‍ഡ് വൈഡ് വെബ് എന്ന സംവിധാനത്തെ ആശ്രയിക്കുന്നു.

വേള്‍ഡ് വൈഡ് വെബ് വന്ന വഴി

1989 ല്‍ യൂറോപ്യന്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ ന്യൂക്ലിയര്‍ റിസര്‍ച്ചിലെ ടിം ബെര്‍ണേഴ്സ് ലീ എന്ന കമ്പ്യൂട്ടര്‍ ശാസ്ത്രഞ്ജനാണ് വേള്‍ഡ് വൈഡ് വെബിന് തുടക്കം കുറിച്ചത്. 1990 അവസാനത്തോടെ ആധുനിക വേള്‍ഡ് വൈഡ് വെബിന്റെ അടിത്തറ ടിം സ്ഥാപിച്ചു. വേള്‍ഡ് വൈഡ് വെബ് എന്ന് വിളിക്കുന്ന ആദ്യത്തെ വെബ് ബ്രൗസറും 'നെക്സ്റ്റ്' എന്ന സെര്‍വറും അദ്ദേഹം വികസിപ്പിച്ചെടുത്തു.

1991ല്‍ ആദ്യത്തെ വെബ്സൈറ്റിനായി എല്ലാം തയ്യാറായി. ആ വര്‍ഷം തന്നെ 'വേള്‍ഡ് വൈഡ് വെബ്' എന്ന പേരില്‍ നെക്സ്റ്റ് സെര്‍വറില്‍ ടിം ബെര്‍ണേഴ്സ് ലീ ആദ്യത്തെ വെബ്സൈറ്റ് ഹോസ്റ്റ് ചെയ്തു. 1993 ഏപ്രില്‍ 30ന് വേള്‍ഡ് വൈഡ് വെബ് ആര്‍ക്കും ഉപയോഗിക്കാവുന്ന സൗജന്യ സംവിധാനമായി.

ലക്ഷ്യം ഏകോപനം

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ശാസ്ത്രജ്ഞര്‍ വ്യത്യസ്ത കമ്പ്യൂട്ടര്‍ സംവിധാനങ്ങളാണ് വിവരങ്ങള്‍ അറിയാനും സൂക്ഷിക്കാനും ഉപയോഗിച്ചിരുന്നത്. ഹൈപ്പര്‍ ടെക്സ്റ്റുകളും ഇന്റര്‍നെറ്റും നേരത്തെ ഉണ്ടായിരുന്നെങ്കിലും ഒരു രേഖ നേരിട്ട് മറ്റൊന്നിലേക്ക് ഇന്റര്‍നെറ്റ് വഴി കൈമാറാനുള്ള മാര്‍ഗത്തെ പറ്റി ആരും ചിന്തിച്ചിരുന്നില്ല. ഇവയെ ഏകോപിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് ടിം ബെര്‍നേര്‍സ് ലീ വേള്‍ഡ് വൈഡ് വെബ് സൃഷ്ടിച്ചത്.

വിവര വിപ്ലവം

ശാസ്ത്രജ്ഞര്‍ക്ക് മാത്രമല്ല ലോകമെമ്പാടുമുള്ള ആളുകള്‍ക്ക് ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ വേള്‍ഡ് വൈഡ് വെബ് വഴി സാധിച്ചു. ആളുകള്‍ക്ക് വിവരങ്ങള്‍ ലഭിക്കാനും പങ്കുവയ്ക്കാനും ആശയവിനിമയം നടത്താനും കൂടുതല്‍ എളുപ്പമായി. വിവരങ്ങള്‍ക്കായി ഇന്റര്‍നെറ്റ് ഉപയോഗിക്കാനുള്ള ജനങ്ങളുടെ സ്വാതന്ത്ര്യത്തെ അംഗീകരിക്കുന്ന ദിനം കൂടിയാണിത്. ലോകത്തിന്റെ പല ഭാഗത്തും ഇന്റര്‍നെറ്റ് സാര്‍വത്രിക മൗലീക അവകാശമാക്കാനുള്ള പോരാട്ടങ്ങള്‍ക്ക് ഊര്‍ജം പകരുന്ന ദിനം കൂടിയാണിത്. ഒരു ആഗോള വെബ്സൈറ്റ് നെറ്റ്വര്‍ക്കിന്റെ കണ്ടുപിടുത്തം ലോകമെമ്പാടും ഒരു പുതിയ ആശയവിനിമയ, വിവര വിപ്ലവത്തിനാണ് തുടക്കമിട്ടത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it