

സ്പാം സന്ദേശങ്ങള്‍ ചെറുക്കുന്നതിനുള്ള ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) പുതിയ നിയന്ത്രണങ്ങൾ നിലവിൽ വന്നു. ബിസിനസ് ആവശ്യത്തിനായുളള സന്ദേശങ്ങള്‍, വെബ്‌സൈറ്റ് ലിങ്കുകൾ, ആപ്പ് ലിങ്കുകൾ, ഫയൽ അറ്റാച്ച്‌മെന്റുകൾ തുടങ്ങിയ ഉള്ളടക്കങ്ങള്‍ കമ്പനികള്‍ ഉപയോക്താക്കളിലേക്ക് പ്രചരിപ്പിക്കുന്നതിന് മുമ്പായി ടെലികോം ദാതാക്കളെ അറിയിക്കേണ്ടതാണ്.
ഒരു സുരക്ഷിത സംവിധാനത്തിലൂടെ പരിശോധിച്ചുറപ്പിച്ച സന്ദേശങ്ങൾ മാത്രമാണ് ഉപയോക്താക്കളിലേക്ക് ഡെലിവർ ചെയ്യുക. അതേസമയം സ്ഥിരീകരിക്കാത്ത സന്ദേശങ്ങൾ ബ്ലോക്ക് ചെയ്യപ്പെടുന്നതാണ്.
വൈറ്റ്‌ലിസ്റ്റിംഗ് എന്ന് വിളിക്കുന്ന ഈ പ്രക്രിയയിലൂടെ തട്ടിപ്പുകളിൽ നിന്നും അനാവശ്യ സന്ദേശങ്ങളിൽ നിന്നും മൊബൈല്‍ ഉപയോക്താക്കളെ സംരക്ഷിക്കുമെന്നും ട്രായ് വ്യക്തമാക്കുന്നു.
പ്രതിദിനം 170 കോടി വരെ അതായത് പ്രതിമാസം ഏകദേശം 5,500 കോടി സ്പാം സന്ദേശങ്ങളാണ് രാജ്യത്ത് പ്രചരിക്കുന്നത്. സ്പാം സന്ദേശങ്ങളുടെ ഈ തളളിക്കയറ്റം കടുത്ത അസ്വസ്ഥതയാണ് ഉപയോക്താക്കള്‍ക്ക് സൃഷ്ടിക്കുന്നത്.
ഒറ്റത്തവണ പാസ്‌വേഡുകൾ, പ്രമോഷണൽ ഓഫറുകൾ, അക്കൗണ്ട് അപ്‌ഡേറ്റുകൾ എന്നിവ ഉൾപ്പെടെ എല്ലാത്തരം വാണിജ്യ സന്ദേശങ്ങളും വൈറ്റ്‌ലിസ്റ്റ് ചെയ്യപ്പെടണമെന്നും ട്രായ് നിഷ്കര്‍ഷിക്കുന്നു.
ട്രായ് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ ജിയോ, എയർടെൽ, വോഡഫോൺ ഐഡിയ ഉപയോക്താക്കൾക്ക് ഇനി സ്പാം കോളുകളിലും മെസേജുകളിലും ഗണ്യമായ കുറവുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
എല്ലാ വാണിജ്യ സന്ദേശങ്ങളും ഒരു സുരക്ഷിത പ്ലാറ്റ്‌ഫോമിലൂടെ അയയ്‌ക്കണമെന്ന് നിഷ്കര്‍ഷിക്കുന്നതിലൂടെ മൊബൈല്‍ ഉപയോക്താക്കള്‍ക്ക് വര്‍ധിച്ച സുരക്ഷയാണ് വാഗ്ദാനം ചെയ്യുന്നത്. ഇത് ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ പരിരക്ഷിക്കുകയും ഫിഷിംഗ് ആക്രമണങ്ങളുടെ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
ഉപയോക്താക്കൾക്ക് ലഭിക്കുന്ന ലിങ്കുകളും അറ്റാച്ച്‌മെന്റുകളും നിയമാനുസൃതമാണെന്ന് ഉറപ്പാക്കാൻ വൈറ്റ് ലിസ്റ്റിംഗ് ഏറെ സഹായകരമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine