കോളെടുക്കും മറുപടി പറയും, വ്യാജനെങ്കില്‍ പൂട്ടും; എ.ഐ അസിസ്റ്റന്റിനെ ഇറക്കി ട്രൂകോളര്‍
വ്യാജ കോളുകളും മെസേജുകളും തടയുന്നതിനായി നിര്‍മിത ബുദ്ധിയുമായി (artificial intelligence) കൈകോര്‍ത്ത് ട്രൂകോളര്‍ (Truecaller). നിര്‍മിത ബുദ്ധി ഇവിടെ ഉപയോക്താക്കളുടെ പേഴ്സണല്‍ അസിസ്റ്റന്റായി മാറുമെന്ന് കമ്പനി അറിയിച്ചു. ശേഷം വരുന്ന കോളുകളും മെസേജുകളും വേഗത്തില്‍ പരിശോധിച്ച് അവ വ്യാജമാണോ അല്ലയോ എന്ന് തിരിച്ചറിഞ്ഞ് ഉപയോക്താവിനെ അറിയിക്കുകയും ചെയ്യുന്നു.
എ.ഐ എങ്ങനെ പ്രവര്‍ത്തിക്കും
മൊബൈല്‍ ഫോണിലേക്ക് ഒരു കോള്‍ വരുമ്പോള്‍ ട്രൂകോളറിന്റെ ഈ എ.ഐ അസിസ്റ്റന്റ്് വിളിക്കുന്നയാളോട് കാര്യങ്ങള്‍ ചേദിച്ച ശേഷം അത്യാധുനിക സ്പീച്ച്-ടു-ടെക്സ്റ്റ് സാങ്കേതികവിദ്യ ഉപയോഗിച്ച് അയാള്‍ മറുപടി പറയുന്നതിന്റെ തത്സമയ ട്രാന്‍സ്‌ക്രിപ്ഷന്‍ ഫോണ്‍ സ്‌ക്രീനില്‍ കാണിക്കും.
ഇതോടെ ആരാണ് വിളിക്കുന്നതെന്നും അവര്‍ എന്തിനാണ് വിളിക്കുന്നതെന്നും ഉപയോക്താവിന് അറിയാനാകും. ഇവിടെ കോള്‍ ഏറ്റെടുക്കണോ വേണ്ടയോ എന്ന് ഉപയോക്താവിന് തീരുമാനിക്കുകയും വിളിക്കുന്നയാളോട് ഒരു ടാപ്പിലൂടെ കൂടുതല്‍ വിവരങ്ങള്‍ ചോദിക്കുകയോ അല്ലെങ്കില്‍ അത് സ്പാം ആയി അടയാളപ്പെടുത്തുകയോ ചെയ്യാനാകുമെന്ന് കമ്പനി പറയുന്നു.
സൗജന്യ ട്രയല്‍
നിലവില്‍ 14 ദിവസത്തെ സൗജന്യ ട്രയലില്‍ ട്രൂകോളര്‍ അസിസ്റ്റന്റ് ലഭ്യമാണ്. അതിനുശേഷം സബ്സ്‌ക്രൈബര്‍മാര്‍ക്ക് ട്രൂകോളര്‍ പ്രീമിയം പ്ലാനിന്റെ ഭാഗമായി അസിസ്റ്റന്റിനെ ചേര്‍ക്കാം. ഇത് പ്രതിമാസം 149 രൂപയില്‍ ആരംഭിക്കുന്നു. നിലവില്‍ ആഡ്രോയിഡ് ഉപകരണങ്ങളില്‍ മാത്രമേ ട്രൂകോളര്‍ അസിസ്റ്റന്റ് ലഭ്യമാകൂ. ട്രൂകോളര്‍ ഈ സംവിധാനം യു.എസ്, ഓസ്ട്രേലിയ വിപണികളില്‍ നേരത്തെ പുറത്തിറക്കിയിരുന്നു. ഇന്ത്യയിൽ തുടക്കത്തിൽ ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളിലാണ് ഈ സേവനം ലഭ്യമായിട്ടുള്ളത്. ഇന്ത്യയിലും ഈ സേവനം അവതരിപ്പിച്ചതിന് പിന്നാലെ കൂടുതല്‍ വിപണികളിലേക്ക് ഇത് എത്തിക്കാനൊരുങ്ങുകയാണെന്ന് കമ്പനി അറിയിച്ചു.