എ.ഐ കോള്‍ റെക്കോഡിംഗ് സംവിധാനവുമായി ട്രൂകോളര്‍

നിര്‍മിതബുദ്ധി (എ.ഐ) ഉപയോഗിച്ചുള്ള കോള്‍ റെക്കോഡിംഗും ട്രാന്‍സ്‌ക്രിപ്ഷന്‍ (പകര്‍ത്തിയെഴുതുന്നത്) ഫീച്ചറും ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ സ്വീഡിഷ് കോളര്‍ ഐഡന്റിഫിക്കേഷന്‍ ആപ്പായ ട്രൂകോളര്‍. ആന്‍ഡ്രോയിഡ്, ഐ.ഒ.എസ് ഉപയോക്താക്കള്‍ക്ക് ഇനിമുതല്‍ ട്രൂകോളറിലൂടെ കോളുകള്‍ റെക്കോഡ് ചെയ്യാനാകും. ഇതിന് പുറമെ കോള്‍ റെക്കോഡിംഗ് നിര്‍മ്മിത ബുദ്ധി ഉപയോഗിച്ച് ട്രാന്‍സ്‌ക്രൈബ് ചെയ്യാനുമാകും.

ഐ.ഒ.എസിലും ആന്‍ഡ്രോയിഡിലും വ്യത്യസ്തമായാണ് കോള്‍ റെക്കോഡിംഗ് ഫീച്ചര്‍ പ്രവര്‍ത്തിക്കുക. തേഡ് പാര്‍ട്ടി ആപ്ലിക്കേഷനുകളുടെ കാര്യത്തില്‍ ഐഫോണില്‍ കൂടുതല്‍ നിയന്ത്രണങ്ങളുണ്ട്. അതിനാല്‍ ട്രൂകോളറിലെ സേര്‍ച്ച് പേജില്‍ പോയതിനുശേഷം റെക്കോഡ് കോള്‍ എന്ന ഓപ്ഷന്‍ ഉപയോഗിക്കണം. ഇവിടെ മറ്റ് ആപ്പുകള ആശ്രയിക്കാതെ ആപ്പിനുള്ളില്‍ നിന്നുതന്നെ കോള്‍ റെക്കോഡിംഗ് സാധ്യമാകും.

ആന്‍ഡ്രോയിഡില്‍ ട്രൂകോളര്‍ ഡയലറിനൊപ്പം തന്നെ റെക്കോഡിംഗിനുള്ള ഓപ്ഷനും നല്‍കിയിട്ടുണ്ട്. ആന്‍ഡ്രോയിഡിലും ഐ.ഒ.എസിലും കോള്‍ പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ ട്രാന്‍സ്‌ക്രിപ്ഷനായുള്ള നോട്ടിഫിക്കേഷന്‍ ലഭിക്കും. ഇംഗ്ലീഷിലും ഹിന്ദിയിലുമാണ് നിലവില്‍ ട്രാന്‍സ്‌ക്രിപ്ഷന്‍ ലഭ്യമാക്കുന്നത്. ട്രൂകോളര്‍ വഴി നേരിട്ട് ഇന്‍കമിംഗ്, ഔട്ട്ഗോയിംഗ് കോളുകള്‍ റെക്കോര്‍ഡ് ചെയ്യാനാകും.

പ്രീമിയം അംഗങ്ങള്‍ക്കായിരിക്കും ഈ ഫീച്ചര്‍ ലഭ്യമാകുക. ട്രൂകോളര്‍ പ്രീമിയം പ്രതിമാസം 75 രൂപയില്‍ അല്ലെങ്കില്‍ പ്രതിവര്‍ഷം 529 രൂപയിലണ് ആരംഭിക്കുന്നത്. മുമ്പ് 2023 ജൂണില്‍ അമേരിക്കയില്‍ ട്രൂകോളര്‍ ഇ ഫീച്ചര്‍ അവതരിപ്പിച്ചിരുന്നു. കൂടുതല്‍ മേഖലകളിലേക്ക് ഫീച്ചര്‍ വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യയില്‍ ഇത് അവതരിപ്പിക്കുന്നത്.

Related Articles
Next Story
Videos
Share it