'കിളി'യെ പറത്തിവിടാന്‍ മസ്‌ക്; ട്വിറ്ററിന് ഇനി പുതിയ ലോഗോ

പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്ററിനെ റീബ്രാൻഡ് ചെയ്യാനൊരുങ്ങി ഇലോൺ മസ്‌ക്. ലോഗോയിൽ നിന്ന് കിളിയെ ഒഴിവാക്കുന്നതായും തിങ്കളാഴ്ച മുതൽ X' ആയിരിക്കും പുതിയ ലോഗോ എന്നും മസ്‌ക് ട്വിറ്ററിൽ കുറിച്ചു.

' ഉടനെ ഞങ്ങൾ ട്വിറ്റർ ബ്രാൻഡിനോട്‌ വിടപറയും, പതിയെ എല്ലാ കിളികളോടും'. എന്നാണ് ഇലോൺ മസ്ക് കുറിച്ചിരിക്കുന്നത്.

ഞായറാഴ്ച അര്‍ദ്ധരാത്രി മുതൽ നിരവധി തവണ മസ്ക് ഇതുമായി ബന്ധപ്പെട്ട് ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇന്ന് രാവിലെ തന്നെ പുതിയ ലോഗോ ഡിസൈനും മസ്ക് പങ്കു വച്ചിട്ടുണ്ട്.

സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമിനപ്പുറം ഫിന്‍ടെക് പ്ലാറ്റ്‌ഫോം കൂടിയായിരിക്കും ട്വിറ്റര്‍ എന്നാണ് മനസിലാക്കുന്നത്. ട്വിറ്ററിന്റെ എതിരാളിയായി ത്രെഡ്സ് രംഗത്തെത്തി ദിവസങ്ങൾക്ക് ഉള്ളിലാണ് പുതിയ നീക്കം. ഈ മാസം ആദ്യമാണ് ഫേസ്ബുക്കിന്റെ ഉടമസ്ഥരായ മെറ്റ ട്വിറ്ററിന് വെല്ലുവിളിയായി ത്രെഡ്സ് അവതരിപ്പിച്ചത്.

'X' നോടുള്ള പ്രണയം

ഇക്കഴിഞ്ഞ മെയിൽ ട്വിറ്ററിന്റെ സി.ഇ.ഒ ആയി എൻ.ബി.സി യൂണിവേഴ്സലിലെ ഗ്ലോബൽ അഡ്വെർടൈസിങ് ആന്റ് പാർട്നർഷിപ്പ് ചെയർമാനായിരുന്ന ലിൻഡ യക്കാരിനോയെ നിയമിച്ചപ്പോഴും മസ്ക് x നെ കുറിച്ച് പരാമർശിച്ചിരുന്നു.

ട്വിറ്ററിനെ ഏറ്റെടുത്തശേഷം മാതൃകമ്പനിയുടെ പേര് എക്സ് കോർപ്പറേഷൻ എന്നാക്കി മാറ്റിയിരുന്നു. ബഹിരാകാശ ഗവേഷണ സ്ഥാപനമായ സ്പേസ് എക്സിന്റെ ചുവടുപിടിച്ച് ട്വിറ്റർ ഉൾപ്പെടെയുള്ള എല്ലാ സേവനങ്ങളെയും എക്സ് ബ്രാൻഡിലേക്ക് മാറ്റാനാണ് മസ്‌ക് ഉദ്ദേശിക്കുന്നത്.


ട്വിറ്ററിലെ നിറം മാറ്റുന്നതിനെക്കുറിച്ചും മസ്ക് ട്വിറ്ററിൽ അഭിപ്രായ വോട്ടെടുപ്പ് നടത്തുന്നുണ്ട്. പ്ലാറ്റ്ഫോമിന്റെ നിറം കറുപ്പിലേക്ക് മാറ്റണോ എന്ന ചോദ്യത്തിന് ഒപ്പം വെള്ളയും കറുപ്പും ഇമോജികളും നൽകിയിട്ടുണ്ട്.

ബാങ്കിങ് സേവനങ്ങളും

ഇലോൺ മസ്കിന്റെ ട്വീറ്റിന് പിന്നാലെ ട്വിറ്ററിന്റെ ഭാവി പദ്ധതികളെ കുറിച്ച് നിരവധി ട്വീറ്റുകളുമായി സി.ഇ.ഒയും രംഗത്ത് വന്നിട്ടുണ്ട്. നിലിവിലുള്ള വീഡിയോ ഷെയറിംഗ്, മെസേജിംഗ് തുടങ്ങിയ മൈക്രോബ്ലോഗിംഗ് സേവനങ്ങള്‍ക്കപ്പുറം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ പിന്തുണയോടെ പേയ്‌മെന്റ്‌സ്‌, ബാങ്കിംഗ് തുടങ്ങിയ മേഖലകളിലേക്കും ട്വിറ്റര്‍ കടക്കുമെന്നാണ് ലിന്‍ഡ് സൂചിപ്പിച്ചിരിക്കുന്നത്.

നിരവധി പരിഷ്‌കാരങ്ങൾ

ട്വിറ്ററിനെ സ്വന്തമാക്കിയതിനു ശേഷം നിരവധി പരിഷ്കാരങ്ങളാണ് മസ്ക് നടപ്പാക്കിയത്. വരുമാനമുയർത്താൻ ട്വിറ്ററിന് 8 ഡോളർ സബ്സ്ക്രിപ്ഷൻ നിരക്ക് ഏർപ്പെടുത്തിയതാണ് ഏറ്റവും ഒടുവിൽ വരുത്തിയ മാറ്റം. മസ്ക് കമ്പനി ഏറ്റെടുത്തതിനു ശേഷം വരുമാനത്തിൽ വലിയ ഇടിവുണ്ടായിട്ടുണ്ട്. ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി നിരവധി ജീവനക്കാരേയും മസ്ക്‌ പിരിച്ചുവിട്ടിരുന്നു.

കൂടാതെ ഈ വർഷം ഏപ്രിലിൽ ട്വിറ്റർ ലോഗോയിലെ കിളിയെ മാറ്റി പകരം നായകുട്ടിയെ അവതരിപ്പിച്ചിരുന്നെങ്കിലും ഉടൻതന്നെ മാറ്റുകയും ചെയ്തു.

Related Articles
Next Story
Videos
Share it