ട്വിറ്ററിന്റെ ബദല്‍ ത്രെഡ്‌സ് നാളെ എത്തും; മസ്‌ക്-സക്കര്‍ബര്‍ഗ് പോര് മുറുകുന്നു
കഴിഞ്ഞ കുറച്ച് നാളുകളായി മെറ്റയുടെ ഉടമയായ മാര്‍ക്ക് സക്കര്‍ബര്‍ഗും ടെസ്ലയുടെ ഉടമയായ ഇലോണ്‍ മസ്‌കും തമ്മിലുള്ള വെല്ലുവിളികള്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. ഈ പോരിനിടെ ട്വിറ്ററിനു (twitter) ബദലായി പുതിയ ആപ്പ് പുറത്തിറക്കുകയാണ് ഫെയ്സ്ബുക്ക് (facebook), ഇന്‍സ്റ്റഗ്രാം (instagram), വാട്സാപ്പ് (whatsaap) എന്നിവയുടെ മാതൃകമ്പനിയായ മെറ്റ (meta). 'ത്രെഡ്സ്' (threads) എന്ന് പേരിട്ടിരിക്കുന്ന ട്വിറ്ററിന് സമാനമായ ഈ ആപ്പ് നാളെ പുറത്തിറങ്ങും.
എഴുത്തിന് പ്രാധാന്യം
ഇന്‍സ്റ്റഗ്രാമുമായി ബന്ധപ്പെടുത്തിയാകും 'ത്രെഡ്‌സ്' എത്തുക. ത്രെഡ് പോസ്റ്റുകള്‍ നിങ്ങളുടെ ഇന്‍സ്റ്റാഗ്രാം ഫോളോവേഴ്സുമായി പങ്കിടാം. ഇതുവരെ പുറത്തുവന്ന ചിത്രങ്ങളില്‍ ത്രെഡ്‌സിന് ട്വിറ്ററിനു സമാനമായ ഡാഷ്‌ബോര്‍ഡാണ് ഉള്ളതെന്ന് സൂചനയുണ്ട്. എഴുത്തിന് പ്രാധാന്യം നല്‍കുന്ന സമൂഹ മാധ്യമമായിരിക്കും ഇത്. ത്രെഡ്സ് ആപ്പ് സൗജന്യമായിരിക്കും.നാളെ മുതല്‍ ഉപയോക്താക്കള്‍ക്ക് 'ത്രെഡ്സ്' ആപ്പ് ഡൗണ്‍ലോഡ് ചെയ്യാനാകും.
മാര്‍ക്ക് സക്കര്‍ബര്‍ഗും ഇലോണ്‍ മസ്‌കും
മാര്‍ക്ക് സക്കര്‍ബര്‍ഗും ഇലോണ്‍ മസ്‌കും തമ്മിലുള്ള പരസ്യ വെല്ലുവിളികള്‍ തുടങ്ങിയിട്ട് കുറച്ചധികം കാലമായി. വിവിധ മേഖലകളില്‍ അഭിപ്രായ വ്യത്യാസങ്ങളുള്ളവരാണിവര്‍. മെറ്റാവേര്‍സ്,നിര്‍മിത ബുദ്ധി, അഭിപ്രായ സ്വാതന്ത്ര്യം തുടങ്ങി പല വിഷയങ്ങളിലും ഇരുവര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടായിട്ടുണ്ട്. തമ്മില്‍ തല്ലി തീര്‍ക്കാം എന്ന് പരസ്പരം പറഞ്ഞ സംഭവങ്ങള്‍ വരെയുണ്ടായി. ട്വിറ്ററിനൊരു എതിരാളിയുമായി മെറ്റ വരുന്നു എന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ ഇവരുടെ പോരിന് കാഠിന്യം കൂടിയിരുന്നു.
ആരോപണവുമായി ജാക് ഡോഴ്‌സി
മെറ്റയുടെ ഈ ത്രെഡ്‌സ് ഉപയോക്താക്കളുടെ ആവശ്യത്തിലധികം വിവരങ്ങള്‍ ശേഖരിക്കുകയാണെന്ന ആരോപണവുമായി എത്തിയിരിക്കുകയാണ് ട്വിറ്റര്‍ സ്ഥാപകനായ ജാക് ഡോഴ്‌സി. നിങ്ങളുടെ 'ത്രെഡ്സ്' എല്ലാം ഞങ്ങളുടേതാണ് എന്ന കുറിപ്പോടെയാണ് ജാക്ക് ഡോര്‍സി ഈ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ചത്. ട്വിറ്റര്‍ ഉടമ ഇലോണ്‍ മസ്‌ക് 'അതേ' എന്നാണ് ഡോര്‍സിയുടെ ട്വീറ്റിന് കമന്റ് ചെയ്തത്.
All your Threads are belong to us https://t.co/FfrIcUng5O pic.twitter.com/V7xbMOfINt
— jack (@jack) July 4, 2023
ജാക്ക് ഡോര്‍സി നിര്‍മിച്ച ബ്ലൂസ്‌കൈ, കൂടാതെ ട്വിറ്ററിനുള്ള ഇന്ത്യന്‍ ബദലായ കൂ, മാസ്റ്റോഡണ്‍, പോസ്റ്റ് എന്നിവയില്‍ നിന്ന് ത്രെഡ്‌സ് മത്സരം നേരിടേണ്ടി വരും.