ഊബര്‍ ഈറ്റ്‌സിന്റെ ഡെലിവറി ബോയ് ആയെത്തിയത് ഊബര്‍ സിഇഓ; അനുഭവം ഇങ്ങനെ

''ഇന്ന് കുറച്ച് മണിക്കൂറുകള്‍ ഊബര്‍ ഈറ്റ്സ് ഡെലിവറി നടത്തി,1. സാന്‍ഫ്രാന്‍സിസ്‌കോ തികച്ചും മനോഹരമായ ഒരു നഗരമാണ്. 2. റസ്‌റ്റോറന്റ് ജീവനക്കാരെല്ലാം വളരെ മികച്ച ആളുകള്‍ തന്നെ. 3.മൂന്നര വരെ നല്ല തിരക്കായിരുന്നു. 4. എനിക്ക് വിശക്കുന്നു - ഹാംബര്‍ഗറും ഫ്രഞ്ച് ഫ്രൈസുമൊക്കെ ഓര്‍ഡര്‍ നല്‍കട്ടെ.'' ഒരാള്‍ കഴിഞ്ഞ ദിവസം ചെയ്ത ഈ ട്വീറ്റാണ് ലോകം മുഴുവനുമുള്ള സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ ചര്‍ച്ച ചെയ്യുന്നത്. കക്ഷി മറ്റാരുമല്ല, ഊബര്‍ ഈറ്റ്‌സ് അടക്കമുള്ള വിഭാഗങ്ങള്‍ കൈകാര്യം ചെയ്യുന്ന ഊബര്‍ കമ്പനിയുടെ സിഇഓ ദറാ ഖോസ്രോഷാഹിയുടെ ട്വീറ്റ് ആയിരുന്നു ഇത്.

ഓണ്‍ലൈന്‍ ഭക്ഷണ വിതരണ രംഗത്ത് അതികായന്മാരാണ് ഊബര്‍ ഈറ്റ്‌സ്. ഡിജിറ്റല്‍ ലോകത്തിലെ വമ്പന്‍ ബിസിനസുകളില്‍ പ്രധാനപ്പെട്ട ഈ കമ്പനി സിഇഒ മുമ്പും ഇത്തരം രസകരമായ കാര്യങ്ങള്‍ ചെയ്തിട്ടുള്ളതായി ചിലര്‍ സോഷ്യല്‍മീഡിയയില്‍ പറയുന്നു. ആദ്യ ദിനം 10 ട്രിപ്പ്‌സ് കംപ്ലീറ്റ് ചെയ്തതായും 99 ഡോളറോളം തുക നേടിയതായും അദ്ദേഹം പങ്കുവച്ച ട്വീറ്റില്‍ പറയുന്നു.
ഫുഡ് ഡെലിവറിക്കിടെ പകര്‍ത്തിയ ചിത്രവും ഊബര്‍ ഈറ്റ്‌സ് ആപ്പിന്റെ സ്‌ക്രീന്‍ഷോട്ടും പങ്കുവെച്ചിട്ടുണ്ട്. രണ്ടാം ദിനമായ ഇന്നലെ
ആറ് ട്രിപ്പുകള്‍ വഴി ഡെലിവറി നടത്തിയതായും 50.63 ഡോളര്‍ നേടിയതായും കാണാം. ആദ്യ ദിനം പോലെ കാര്യങ്ങള്‍ എളുപ്പമായിരുന്നില്ലെന്നും ട്രാഫിക്കും മറ്റ് പ്രശ്‌നങ്ങളും നേരിട്ടെന്നും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.
ഊബര്‍ ഫാസ്റ്റ് ഫുഡ് ഡെലിവറിക്കായി ആയിരക്കണക്കിന് പേരാണ് സാന്‍ഫ്രാന്‍സിസ്‌കോയില്‍ മാത്രം ജോലി ചെയ്യുന്നത്. ദറാ ഖോസ്രോഷാഹി ഇവരിലൊരാളായി നാട് ചുറ്റിയത് എന്തിനെന്ന രസകരമായ കഥയും പിന്നാലെ വരുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
അതേ സമംയ റിട്ടേണ്‍-ടു-ഓഫീസ് നയം പരിഷ്‌കരിച്ചെങ്കിലും ഊബര്‍ ടെക്‌നോളജീസ് ഇങ്ക് ജീവനക്കാരെ പകുതി മണിക്കൂര്‍ അവര്‍ ആഗ്രഹിക്കുന്നിടത്ത് നിന്ന് ജോലിചെയ്യാന്‍ അനുവദിച്ചേക്കുമെന്നും ഉടന്‍ കമ്പനി ഉത്തരവ് പുറപ്പെടുവിച്ചേക്കുമെന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് ഊബര്‍ ഓഫീസ് ജീവനക്കാര്‍ക്കായിരിക്കും ബാധകമാകുക എന്നതാണ് അറിയുന്നത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story
Share it