Begin typing your search above and press return to search.
ക്രിമിനലുകള്‍ ടെലിഗ്രാം ഉപയോഗിക്കുന്നതായി യു.എന്‍ മുന്നറിയിപ്പ്, മോഡറേഷന്‍ നയങ്ങള്‍ അയഞ്ഞതാണെന്നും റിപ്പോര്‍ട്ട്
ഹാക്ക് ചെയ്ത ഡാറ്റകള്‍, സൈബർ ക്രൈം ടൂളുകൾ തുടങ്ങിയവ വിറ്റഴിക്കാനും ലൈസൻസില്ലാത്ത ക്രിപ്‌റ്റോകറൻസി എക്‌സ്‌ചേഞ്ചുകളിലൂടെ കളളപ്പണം വെളുപ്പിക്കാനും കുറ്റവാളികള്‍ ടെലിഗ്രാം ആപ്പ് ഉപയോഗിക്കുന്നതായി ഐക്യരാഷ്ട്രസഭയുടെ (യു.എൻ) റിപ്പോർട്ട്.
മോഷ്ടിച്ച ക്രെഡിറ്റ് കാർഡ് വിശദാംശങ്ങൾ, പാസ്‌വേഡുകൾ, ബ്രൗസർ ചരിത്രങ്ങൾ, ഡാറ്റ മോഷ്ടിക്കാൻ രൂപകൽപ്പന ചെയ്‌ത മാൽവെയർ തുടങ്ങിയവ പ്ലാറ്റ്‌ഫോമിൽ പരസ്യമായി ട്രേഡ് ചെയ്യപ്പെടുന്നതായി യുണൈറ്റഡ് നേഷൻസ് ഓഫീസ് ഫോർ ഡ്രഗ്സ് ആൻഡ് ക്രൈം (യു.എൻ.ഒ.ഡി.സി) പ്രസിദ്ധീകരിച്ച റിപ്പോർട്ടില്‍ പറയുന്നു.
ഡീപ്ഫേക്ക് സാങ്കേതികവിദ്യയും മറ്റ് നൂതന ഫ്രോഡ് ടൂളുകളും സൈബർ കുറ്റവാളികൾ ഉപയോഗിക്കുന്നുണ്ട്. തെക്കുകിഴക്കൻ ഏഷ്യയിൽ പ്രവർത്തിക്കുന്ന അന്തർദേശീയ സംഘടിത ക്രൈം ഗ്രൂപ്പുകളാണ് പ്രധാനമായും ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നത്.
തെക്കുകിഴക്കൻ ഏഷ്യ തട്ടിപ്പുകളുടെ വിളനിലം
പ്രതിവര്‍ഷം 27.4 ബില്യൺ മുതൽ 36.5 ബില്യൺ ഡോളർ വരെയാണ് ക്രിമിനലുകള്‍ തട്ടിയെടുക്കുന്നത്. തെക്കുകിഴക്കൻ ഏഷ്യ, പ്രത്യേകിച്ച് ചൈന തട്ടിപ്പ് പ്രവർത്തനങ്ങളുടെ ഹോട്ട്‌സ്‌പോട്ടായി മാറിയിരിക്കുകയാണ്. തൊഴിലാളികളെ മറ്റു രാജ്യങ്ങളില്‍ നിന്ന് കടത്തിക്കൊണ്ടു വന്ന് അവരുടെ തട്ടിപ്പ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ചൂഷണം ചെയ്യുകയാണ്. സാങ്കേതിക വിദ്യയുടെയും ഡാർക്ക് വെബിന്റെയും സഹായത്തോടെ വിവിധ നിയമവിരുദ്ധ മാർഗങ്ങളിലൂടെ ലോക വ്യാപകമായി ക്രിമിനലുകള്‍ ഇരകളെ കബളിപ്പിക്കുകയാണെന്നും റിപ്പോര്‍ട്ട് പറയുന്നു.
ടെലിഗ്രാം സ്ഥാപകന്‍ പവൽ ഡുറോവിനെ ഓഗസ്റ്റിൽ ഫ്രാൻസിൽ അറസ്റ്റ് ചെയ്തിരുന്നു. കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ചിത്രങ്ങളുടെ വിതരണം ഉൾപ്പെടെയുള്ള ക്രിമിനൽ പ്രവർത്തനങ്ങൾക്ക് ടെലിഗ്രാം ഉപയോഗിക്കാൻ അനുവദിച്ചത് അടക്കമുളള കുറ്റം ചുമത്തിയാണ് ഡുറോവിനെ അറസ്റ്റ് ചെയ്തത്.
ക്രിമിനൽ സംഘങ്ങള്‍ ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മാൽവെയർ, ഡീപ്ഫേക്കുകൾ എന്നിവ ഉപയോഗിച്ച് നവീകരിച്ചാണ് അവരുടെ പ്രവർത്തനങ്ങൾ നടത്തുന്നത്.
ടെലിഗ്രാമിന്റെ അയഞ്ഞ മോഡറേഷൻ നയങ്ങള്‍ കാരണം കുറ്റവാളികള്‍ക്ക് പ്ലാറ്റ്ഫോം നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കാന്‍ അനായാസമായി സാധിക്കുന്നതായി യു.എൻ.ഒ.ഡി.സി യുടെ തെക്കുകിഴക്കൻ ഏഷ്യ, പസഫിക്ക് ഡെപ്യൂട്ടി പ്രതിനിധി ബെനഡിക്റ്റ് ഹോഫ്മാൻ പറഞ്ഞു.
Next Story
Videos