യുപിഐ ചാർജിൽ ആശങ്ക വേണ്ട; ബാധ്യത വ്യാപാരികൾക്ക് മാത്രമെന്ന് നിർമല സീതാരാമൻ

ബാങ്കുകള്‍ക്കും ഫിന്‍ടെക് കമ്പനികള്‍ക്കും ഡിജിറ്റല്‍ പേയ്‌മെന്റ് അടിസ്ഥാന സൗകര്യങ്ങളിലും സൈബര്‍ സുരക്ഷയിലും കൂടുതല്‍ നിക്ഷേപം നടത്താന്‍ എംഡിആര്‍ സഹായിക്കും
യുപിഐ ചാർജിൽ ആശങ്ക വേണ്ട; ബാധ്യത വ്യാപാരികൾക്ക് മാത്രമെന്ന് നിർമല സീതാരാമൻ
Published on

യുപിഐ ഡിജിറ്റല്‍ ഇടപാടുകളില്‍ മെര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് (MDR) ഏര്‍പ്പെടുത്തിയാലും അത് ഉപഭോക്താക്കളെ ബാധിക്കില്ലെന്നും, വ്യാപാരികള്‍ക്ക് മാത്രമായിരിക്കും ബാധകമാകുകയെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. യുപിഐ ഉപയോഗിക്കുന്ന സാധാരണക്കാര്‍ക്ക് അധിക ചാര്‍ജ് നല്‍കേണ്ടിവരുമെന്ന കോണ്‍ഗ്രസ് നേതാവ് ജെയ്‌റാം രമേശിന്റെ ആരോപണത്തോടാണ് മന്ത്രി എക്സിലൂടെ പ്രതികരിച്ചത്.

എംഡിആര്‍ സംബന്ധിച്ച അന്തിമ തീരുമാനം ഇതുവരെ എടുത്തിട്ടില്ല. പാര്‍ലമെന്റില്‍ ഇതുസംബന്ധിച്ച ബില്‍ പാസാക്കിയ ശേഷമേ നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ കീഴിലുള്ള യുപിഐ ആന്‍ഡ് സര്‍വീസസ് സ്റ്റീയറിങ് കമ്മിറ്റി (UPI and Services Steering Committee) ഇക്കാര്യത്തില്‍ തീരുമാനമെടുക്കുകയുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി.

ഉപഭോക്താക്കള്‍ക്ക് നേരിട്ടുള്ള ബാധ്യതയില്ല

എംഡിആര്‍ ചാര്‍ജ് വ്യാപാരികളില്‍ നിന്നാണ് ഈടാക്കുക. ഉപഭോക്താക്കളില്‍ നിന്ന് യുപിഐ ഇടപാടുകള്‍ക്ക് പ്രത്യേക ഫീസ് ഈടാക്കുമെന്ന തരത്തിലുള്ള പ്രചാരണം വസ്തുതാവിരുദ്ധമാണെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.

ബാങ്കുകള്‍ക്കും ഫിന്‍ടെക് കമ്പനികള്‍ക്കും ഡിജിറ്റല്‍ പേയ്‌മെന്റ് അടിസ്ഥാന സൗകര്യങ്ങളിലും സൈബര്‍ സുരക്ഷയിലും കൂടുതല്‍ നിക്ഷേപം നടത്താന്‍ എംഡിആര്‍ സഹായിക്കും. ചാര്‍ജ് ഈടാക്കുന്നതിന്റെ പ്രയോജനം ദീര്‍ഘകാലാടിസ്ഥാനത്തില്‍ എല്ലാ യുപിഐ ഉപയോക്താക്കള്‍ക്കും ലഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പേയ്‌മെന്റ് ആന്‍ഡ് സെറ്റില്‍മെന്റ് സിസ്റ്റംസ് ആക്ട്, 2007-ലെ സെക്ഷന്‍ 10(എ) ഭേദഗതി ചെയ്യുന്നതിനാണ് കേന്ദ്രം പുതിയ ബില്‍ കൊണ്ടു വന്നിരിക്കുന്നത്. ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനങ്ങളിലോ പ്രത്യേക ഇടപാടുകളിലോ ഏതൊക്കെയാണ് സൗജന്യമായി തുടരേണ്ടതെന്ന് കേന്ദ്ര സര്‍ക്കാരിന് വിജ്ഞാപനത്തിലൂടെ തീരുമാനിക്കാനുള്ള അധികാരമാണ് ഭേദഗതി നല്‍കുന്നത്.

എംഡിആറിന്റെ രൂപവും നിരക്കും സംബന്ധിച്ച അന്തിമ തീരുമാനം ഇതുവരെ എടുത്തിട്ടില്ല. പാര്‍ലമെന്റ് ബില്‍ പാസാക്കിയ ശേഷം സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കിയ ശേഷമാകും പുതിയ സംവിധാനം നിലവില്‍ വരിക. നിലവിലെ ചര്‍ച്ചകളില്‍ ചെറുകിട വ്യാപാരികളെയും സാധാരണ യുപിഐ ഉപഭോക്താക്കളെയും നേരിട്ട് ബാധിക്കാത്ത മാതൃകയ്ക്കാണ് മുന്‍ഗണന നല്‍കുന്നതെന്നാണ് സൂചന.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com