ചൈനയുടെ എ.ഐ മോഷണത്തിനെതിരെ യു.എസ് ടെക് വമ്പന്മാരുടെ അസാധാരണ പടയൊരുക്കം, ഗൂഗിളും ഓപ്പണ്‍എഐയും ഒന്നിക്കുന്നു

കൃത്യമായ മാനദണ്ഡങ്ങൾ ഇല്ലാത്ത എഐ മോഡലുകൾ ശത്രുരാജ്യങ്ങൾ വികസിപ്പിക്കുന്നത് വലിയ സുരക്ഷാ ഭീഷണിയാണെന്നും കമ്പനികള്‍
china, usa
Image courtesy: Canva
Published on

ആഗോള എഐ വിപണിയിൽ ചൈനീസ് കമ്പനികൾ നടത്തുന്ന മോഡൽ കോപ്പിയടി തടയാൻ അസാധാരണമായ കൂട്ടായ്മ രൂപീകരിച്ച് വിപണിയിലെ കടുത്ത എതിരാളികളായ ഓപ്പൺഎഐ (OpenAI), ആന്ത്രോപിക് (Anthropic), ഗൂഗിൾ (Google) എന്നിവർ. അമേരിക്കൻ എഐ മോഡലുകളിൽ നിന്ന് വിവരങ്ങൾ ചോർത്തി (Extraction) കുറഞ്ഞ ചെലവിൽ സമാനമായ മോഡലുകൾ നിർമ്മിക്കുന്ന ചൈനീസ് തന്ത്രത്തെ പ്രതിരോധിക്കുകയാണ് ഈ സഹകരണത്തിന്റെ ലക്ഷ്യം.

സാങ്കേതിക വിദ്യ

'ആഡ്വേഴ്സറിയൽ ഡിസ്റ്റിലേഷൻ' (Adversarial Distillation) എന്ന സാങ്കേതിക വിദ്യയാണ് ഇതിനായി ചൈനക്കാര്‍ പ്രധാനമായും ഉപയോഗിക്കുന്നത്. ചൈനീസ് കമ്പനിയായ ഡീപ്സീക് (DeepSeek) ഓപ്പൺഎഐയുടെ പ്രധാന സവിശേഷതകള്‍ അനധികൃതമായി കോപ്പിയടിക്കാന്‍ ഈ സാങ്കേതിക വിദ്യയാണ് ഉപയോഗിച്ചത്. ഒരു മികച്ച 'ടീച്ചർ' മോഡലിന്റെ ഔട്ട്പുട്ട് ഉപയോഗിച്ച് പുതിയൊരു 'സ്റ്റുഡന്റ്' മോഡലിനെ പരിശീലിപ്പിക്കുകയാണ് ഇതില്‍ ചെയ്യുന്നത്. ഇത് യഥാർത്ഥ മോഡൽ ആദ്യം മുതൽ നിർമ്മിക്കുന്നതിനേക്കാൾ വളരെ കുറഞ്ഞ ചെലവിൽ സമാനമായ ശേഷികളുമായി പുതിയൊരു മോഡല്‍ നിര്‍മ്മിക്കാന്‍ ചൈനക്കാരെ സഹായിക്കുന്നു.

സുരക്ഷാ ഭീഷണി

ഇത്തരത്തിലുള്ള കോപ്പിയടി മൂലം ഓപ്പൺഎഐ, ആന്ത്രോപിക്, ഗൂഗിൾ തുടങ്ങിയ സിലിക്കൺ വാലിയിലെ കമ്പനികൾക്ക് പ്രതിവർഷം ശതകോടിക്കണക്കിന് ഡോളറിന്റെ നഷ്ടം ഉണ്ടാക്കുന്നതായി അമേരിക്കൻ ഉദ്യോഗസ്ഥർ വിലയിരുത്തുന്നു. സാമ്പത്തിക ആഘാതത്തിന് പുറമെ, കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങൾ (Safety guardrails) ഇല്ലാത്ത എഐ മോഡലുകൾ ചൈന, റഷ്യ തുടങ്ങിയ ശത്രുരാജ്യങ്ങൾ വികസിപ്പിക്കുന്നത് വലിയ ദേശീയ സുരക്ഷാ ഭീഷണിയാണെന്നും ഇവര്‍ വ്യക്തമാക്കുന്നു ഉദാഹരണത്തിന്, മാരകമായ രോഗാണുക്കളെ സൃഷ്ടിക്കുന്നതിനോ മറ്റോ ഇത്തരം സുരക്ഷാ കവചങ്ങളില്ലാത്ത എഐ ഉപയോഗിക്കപ്പെടാൻ സാധ്യതയുണ്ടെന്നാണ് കമ്പനികളുടെ മുന്നറിയിപ്പ്.

ഫ്രോണ്ടിയർ മോഡൽ ഫോറം (Frontier Model Forum) എന്ന സംഘടന വഴിയാണ് ഈ മൂന്ന് കമ്പനികളും തങ്ങളുടെ മോഡലുകൾക്ക് നേരെയുള്ള അക്രമണങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പരസ്പരം പങ്കുവെക്കുന്നത്. സൈബർ സുരക്ഷാ രംഗത്ത് കമ്പനികൾ അക്രമണ രീതികൾ പങ്കുവെക്കുന്നതിന് സമാനമായ നീക്കമാണിത്. നിലവിൽ ആന്റിട്രസ്റ്റ് നിയമങ്ങളിലെ അവ്യക്തത കാരണം വിവരങ്ങൾ പങ്കുവെക്കുന്നതിൽ ചില പരിമിതികൾ ഉണ്ടെങ്കിലും, ചൈനീസ് വെല്ലുവിളിയെ നേരിടാൻ യുഎസ് ഗവൺമെന്റിന്റെ കൂടുതൽ മികച്ച പിന്തുണ തേടുകയാണ് കമ്പനികൾ.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com