സ്റ്റേബിള്‍ ക്രിപ്‌റ്റോകളെ അംഗീകരിച്ച് അമേരിക്ക

ഡോളറുമായി പെഗ് ചെയ്ത സ്റ്റേബിള്‍ ക്രിപ്‌റ്റോ കോയിനുകളെ അംഗീകരിച്ച് അമേരിക്ക. ഇതു സംബന്ധിച്ച പ്രത്യക നിയമങ്ങള്‍ സംബന്ധിച്ച കരട് യുഎസ് സെനറ്റര്‍ പാട്രിക് ടൂമി അവതരിപ്പിച്ചു. ട്രസ്റ്റ് ആക്ട് അഥവാ

സ്റ്റേബിള്‍കോയിന്‍ ട്രാന്‍സ്‌പെരന്‍സി ഓഫ് റിസര്‍വ്‌സ് ആന്‍ഡ് യൂണിഫോം സെയില്‍ ട്രാന്‍സാക്ഷന്‍സ് ആക്ട്-2022 എന്നാണ് പുതിയ നിയമം അറിയപ്പെടുക. ദൈനംദിന ഇടപാടുകള്‍ക്ക് സ്റ്റേബിള്‍ കോയിനുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കല്‍, നിയന്ത്രണം തുടങ്ങിയവ ലക്ഷ്യമിട്ടാണ് ട്രസ്റ്റ് ആക്ട് എത്തുന്നത്.

സ്വര്‍ണം, കറന്‍സികള്‍, മറ്റ് ആസ്തികള്‍ എന്നിവയെ അടിസ്ഥാനപ്പെടുത്തി മൂല്യം നിശ്ചയിക്കുന്നവയാണ് സ്റ്റേബിള്‍ കോയിനുകള്‍. അടിസ്ഥാനമാക്കുന്ന ആസ്തിയുടെ മൂല്യത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ സ്വാഭാവികമായും സ്‌റ്റേബിള്‍ കോയിനുകളില്‍ പ്രതിഫലിക്കും.

ടെതര്‍, യുഎസ്ഡി കോയിന്‍, ബിനാന്‍സ് യുഎസ്ഡി തുടങ്ങിയവ യുഎസ് ഡോളറുമായി പെഗ് ചെയ്ത സ്‌റ്റേബിള്‍ കോയിനുകളാണ്. നിയമം പ്രാബല്യത്തില്‍ വരുന്നതോടെ അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയുടെ ഭാഗമായി സ്റ്റേബിള്‍ കോയിനുകള്‍ മാറും. ഇവ പുറത്തിറക്കുന്ന കമ്പനികള്‍ക്ക് രജിസ്‌ട്രേഷന്‍ ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ കരട് നിയമത്തിലുണ്ട്.

ഡോളറിന്റെ പിന്തുണയുള്ളവയെ പേയ്‌മെന്റ് സ്റ്റേബിള്‍ കോയിന്‍ എന്നാണ് കരടില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. അതേ സമയം മറ്റ് ആസ്തികളുമായി പെഗ് ചെയ്തിട്ടുള്ള സ്റ്റേബിള്‍ കോയിനുകളെ ഈ നിയമങ്ങള്‍ ബാധിക്കില്ല. ആദ്യമായാണ് ഒരു പാശ്ചാത്യ രാജ്യം ഇത്തരം ഒരു നിയമം കൊണ്ടുവരുന്നത്. ഔദ്യോഗിക പേയ്മന്റ് രീതികളില്‍ ഒന്നായി സ്റ്റേബിള്‍ കോയിനെ അംഗീകരിക്കുമെന്ന് യുകെ സര്‍ക്കാര്‍ കഴിഞ്ഞ ഏപ്രിലില്‍ പ്രഖ്യാപിച്ചിരുന്നു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it