ദീര്‍ഘമായ യൂട്യൂബ് വീഡിയോകളുടെ സംഗ്രഹം എളുപ്പത്തില്‍ അറിയുന്നത് എങ്ങനെ? വീഡിയോയെക്കുറിച്ച് ചോദ്യങ്ങളും ആരായാം

പൂർണമായ വീഡിയോ കാണാൻ സമയമില്ല എന്നാല്‍ വീഡിയോയുടെ സംഗ്രഹം അറിയണമെന്നുണ്ടെങ്കിൽ ഈ ഫീച്ചർ ഉപയോഗപ്രദമാണ്

ലോകത്തിലെ പ്രമുഖ വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമാണ് യൂട്യൂബ്. ഉപയോക്താവിനായി വീഡിയോകളുടെ അനന്തമായ നിരയാണ് ഇത് വാഗ്ദാനം ചെയ്യുന്നത്. ഒരു മിനിറ്റ് മുതൽ മണിക്കൂറുകൾ വരെ നീളമുള്ള ഹ്രസ്വവും ദൈർഘ്യമേറിയതുമായ വീഡിയോകളുടെ മിശ്രിതമാണ് ഈ പ്ലാറ്റ്ഫോമില്‍ ഉളളത്.
യൂട്യൂബ് ആപ്പിൽ നിന്ന് പുറത്തുപോകാതെ തന്നെ ഒരു വീഡിയോയെ സംഗ്രഹിക്കാനോ വീഡിയോ സംബന്ധിച്ച് ചോദ്യങ്ങൾ ചോദിക്കാനോ സാധിക്കുന്നത് എങ്ങനെയെന്നാണ് ഇവിടെ പരിശോധിക്കുന്നത്.

എങ്ങനെ പ്രവര്‍ത്തനക്ഷമമാക്കാം

യൂട്യൂബ് തുറന്ന് സംഗ്രഹിക്കാനോ ചോദ്യങ്ങൾ ചോദിക്കാനോ നിങ്ങൾ ആഗ്രഹിക്കുന്ന വീഡിയോ പ്ലേ ചെയ്യുക.
പവർ ബട്ടൺ ദീർഘനേരം അമർത്തി ജെമിനി പ്രവര്‍ത്തനക്ഷമമാക്കുക.
ജെമിനിയില്‍ 'ഈ വീഡിയോയെക്കുറിച്ച് ചോദിക്കുക' (Ask about this video) ബട്ടണിൽ ടാപ്പുചെയ്യുക, നിങ്ങൾ കാണുന്ന യൂട്യൂബ് വീഡിയോയുടെ യു.ആര്‍.എല്‍ ഓട്ടോമാറ്റിക് ആയി ജെമിനി പകർത്തുന്നതാണ്.
ടെക്‌സ്‌റ്റ് ഫീൽഡിൽ 'ഈ വീഡിയോ സംഗ്രഹിക്കുക' (Summarise this video) എന്ന് ടൈപ്പ് ചെയ്‌ത് വീഡിയോ സംഗ്രഹിക്കാന്‍ നിങ്ങള്‍ക്ക് ജെമിനിയോട് ആവശ്യപ്പെടാം, കൂടാതെ വീഡിയോയെക്കുറിച്ച് ഉപയോക്താവിനുളള ചോദ്യങ്ങളും ഈ ഫീല്‍ഡില്‍ ചോദിക്കാവുന്നതാണ്.
ഉപയോക്താക്കൾ യൂട്യൂബ് വീഡിയോയുടെ യു.ആര്‍.എല്‍ കോപ്പി ചെയ്ത് ജെമിനിയിൽ പേസ് ചെയ്യുന്ന മുൻ രീതിക്ക് പകരമായി, ഈ വഴി താരതമ്യേന വേഗതയുള്ളതാണ്. ഒരു ആപ്പില്‍ നിന്ന് മറ്റൊന്നിലേക്ക് മാറാതെ തന്നെ ചോദ്യങ്ങൾ ചോദിക്കാനോ സംഗ്രഹം നേടാനോ ഉപയോക്താക്കളെ അനുവദിക്കുന്നതാണ് ഈ സവിശേഷത.

എക്സ്റ്റെന്‍ഷന്‍ എനേബിള്‍ ചെയ്യുക

ഈ ഫീച്ചർ ഉപയോഗിക്കുന്നതിന് മുമ്പ് ജെമിനിയുടെ യൂട്യൂബ് എക്സ്റ്റെന്‍ഷന്‍ പ്രവർത്തനക്ഷമമാണെന്ന് ഉറപ്പാക്കാന്‍ ഉപയോക്താക്കള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങളുടെ ഫോണിൽ ജെമിനി തുറന്ന് പ്രൊഫൈൽ ചിത്രത്തിൽ ടാപ്പ് ചെയ്ത് എക്സ്റ്റെന്‍ഷന്‍ എന്നതില്‍ ക്ലിക്ക് ചെയ്യുക. തുടർന്ന് ദൃശ്യമാകുന്ന സ്ക്രീനിൽ യൂട്യൂബ് എന്ന ടോഗിൾ ഓണാക്കുക. ഡിഫോൾട്ട് അസിസ്റ്റൻ്റായി നിങ്ങൾ ജെമിനിയെ സജ്ജമാക്കാനും ശ്രദ്ധിക്കണം.
പൂർണമായ വീഡിയോ കാണാൻ സമയമില്ല എന്നാല്‍ ഉപയോക്താക്കള്‍ക്ക് വീഡിയോയുടെ ഒരു സംഗ്രഹം ലഭിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ മുകളിൽ പറഞ്ഞ ഫീച്ചർ വളരെ ഉപയോഗപ്രദമാണ്. സാധാരണയായി ഒരു മണിക്കൂറിലധികം ദൈർഘ്യമുള്ള ഡോക്യുമെൻ്ററികൾ അല്ലെങ്കിൽ പോഡ്‌കാസ്റ്റുകൾ പോലുള്ള ദൈർഘ്യമേറിയ വീഡിയോകളാണ് നിങ്ങൾ സാധാരണയായി കാണുന്നതെങ്കിൽ ഇത് വളരെ പ്രയോജനകരമാണ്.
Related Articles
Next Story
Videos
Share it