സോഹോയിൽ നിന്നുള്ള മത്സരം ചെറുക്കാൻ മൈക്രോസോഫ്റ്റ് വിലയുദ്ധത്തിലേക്ക്; 90% ഡിസ്കൗണ്ട് നൽകിയതായി ശ്രീധർ വെമ്പുവിന്റെ വെളിപ്പെടുത്തൽ

വിപണിയിൽ ബദൽ മാർഗങ്ങൾ ഉണ്ടാകുന്നത് പ്രബലമായ കമ്പനികളുടെ വില നിയന്ത്രിക്കാനും ഉപഭോക്താക്കൾക്ക് ഗുണകരമായ തീരുമാനങ്ങൾ എടുക്കാനും സഹായിക്കും
Sridhar Vembu of Zoho
Sridhar Vembu of Zoho
Published on

ഐടി വിപണിയിലെ മത്സരത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന അനുഭവം പങ്കുവെച്ച് സോഹോ (Zoho) കോ-ഫൗണ്ടറും ചീഫ് സയന്റിസ്റ്റുമായ ശ്രീധർ വെമ്പു. ഒരു ഇന്ത്യൻ ഉപഭോക്താവിന് മൈക്രോസോഫ്റ്റ് ഓഫീസ് ലൈസൻസ് പുതുക്കുന്ന വേളയിൽ സോഹോയുടെ ഉൽപ്പന്നങ്ങൾ വാങ്ങാൻ ആലോചിക്കുകയാണെന്ന് അറിയിച്ചതിനെ തുടര്‍ന്ന് 90 ശതമാനം ഡിസ്കൗണ്ട് ലഭിച്ചുവെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്. നേരത്തെ തന്നെ സോഹോയുടെ ചില ഉൽപ്പന്നങ്ങൾ ഉപയോഗിച്ചിരുന്ന ഒരു ഉപഭോക്താവിനെ ഉദ്ധരിച്ചുകൊണ്ടാണ് വെമ്പു അനുഭവം പങ്കുവെച്ചത്.

സംഭവം ഇങ്ങനെ

ലൈസൻസ് പുതുക്കുന്ന സൈക്കിളിൽ തുക മൈക്രോസോഫ്റ്റ് വൻതോതിൽ വർദ്ധിപ്പിച്ചിരുന്നു. തുടര്‍ന്ന് തങ്ങൾ സോഹോയുടെ ഓഫീസ് സ്യൂട്ട് ഉൽപ്പന്നങ്ങൾ വാങ്ങാൻ ആലോചിക്കുകയാണെന്ന് ഉപഭോക്താവ് മറുപടി നൽകിയതോടെ മൈക്രോസോഫ്റ്റ് വിലയിൽ 90 ശതമാനം കുറവ് വരുത്താൻ തയാറാവുകയായിരുന്നു എന്ന് വെമ്പു പറഞ്ഞു. സോഹോയുടെ ഉൽപ്പന്നങ്ങൾ വാങ്ങാതെ തന്നെ തങ്ങളുടെ കമ്പനിക്ക് വലിയൊരു തുക ലാഭിക്കാൻ കഴിഞ്ഞതിൽ ഉപഭോക്താവ് വെമ്പുവിന് നന്ദി അറിയിച്ചു.

സാങ്കേതിക മേഖലയിലെ മത്സരത്തെക്കുറിച്ചുള്ള വിപുലമായ ചർച്ചയുടെ ഭാഗമായാണ് അദ്ദേഹം ഈ ഉദാഹരണം പങ്കുവെച്ചത്. ആന്ത്രോപ്പിക്കിന്റെ ഏറ്റവും പുതിയ എഐ മോഡലുകളെക്കുറിച്ചും ചൈനീസ് ഓപ്പൺ സോഴ്സ് എഐ മോഡലുകളുടെ മത്സരത്തെക്കുറിച്ചും സംസാരിക്കവെയാണ് അദ്ദേഹം സോഫ്റ്റ്‌വെയർ വിപണിയിലെ ഈ മാറ്റം വിശദീകരിച്ചത്. വിപണിയിൽ ബദൽ മാർഗങ്ങൾ ഉണ്ടാകുന്നത് പ്രബലമായ കമ്പനികളുടെ വില നിയന്ത്രിക്കാനും ഉപഭോക്താക്കൾക്ക് ഗുണകരമായ തീരുമാനങ്ങൾ എടുക്കാനും സഹായിക്കും.

മത്സരം സുതാര്യമായിരിക്കണം

2000 ൽ അമേരിക്കൻ ഫെഡറൽ കോടതി മൈക്രോസോഫ്റ്റ് ഒരു കുത്തകയാണെന്ന് കണ്ടെത്തിയ കാര്യം വെമ്പു ഓർമ്മിപ്പിച്ചു. ലൈസൻസ് പുതുക്കുന്ന വേളയിൽ വലിയ തുക ആവശ്യപ്പെടുന്ന സാഹചര്യങ്ങളിൽ സോഹോയെ ഒരു ബദലായി അവതരിപ്പിക്കുന്നത് വിലപേശാൻ സഹായിക്കുമെന്ന് അദ്ദേഹം മറ്റ് കമ്പനികള്‍ക്ക് ഉപദേശവും നൽകി. ഉപഭോക്താവിന്റെ പേരോ കരാറിന്റെ കൃത്യമായ വിശദാംശങ്ങളോ അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല. എഐ, സോഫ്റ്റ്‌വെയർ, ക്ലൗഡ് സേവനങ്ങൾ എന്നീ മേഖലകളിലെല്ലാം സുതാര്യമായ മത്സരത്തിന്റെ ആവശ്യകതയെ ഈ സംഭവം അടിവരയിടുന്നു. അതേസമയം മൈക്രോസോഫ്റ്റ് ഈ അവകാശവാദത്തോട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com