വോഡഫോണ്‍- ഐഡിയക്കാര്‍ക്ക് അതിവേഗ ഇന്റര്‍നെറ്റ്; ജിഗാനെറ്റ് അവതരിപ്പിക്കാനൊരുങ്ങി 'വി'

വോഡഫോണ്‍- ഐഡിയക്കാര്‍ക്ക് അതിവേഗ ഇന്റര്‍നെറ്റ്; ജിഗാനെറ്റ് അവതരിപ്പിക്കാനൊരുങ്ങി 'വി'
Published on

ഇന്ത്യയിലെ ഏറ്റവും ശക്തമായ അതിവേഗ ഇന്റര്‍നെറ്റ് ശൃംഖലയാകുമെന്ന അവകാശവാദവുമായി വി ബ്രാന്‍ഡിന്റെ ജിഗാനെറ്റ് എത്തുന്നു. വോഡഫോണും ഐഡിയയും ചേര്‍ന്ന പുതിയ ബ്രാന്‍ഡ് 'വി' അവതരിപ്പിച്ച 4 ജി ശൃംഖലയാണ് ജിഗാനെറ്റ്. വേഗമാര്‍ന്ന ഇന്റര്‍നെറ്റ് ശേഷിയും ഉയര്‍ന്ന സ്പെക്ട്രവും ജിഗാനെറ്റിന്റെ പ്രധാന പ്രത്യേകതകളായി കമ്പനി ചൂണ്ടിക്കാട്ടുന്നത്. നിര്‍മിത ബുദ്ധി അടിസ്ഥാനപ്പെടുത്തിയുള്ള യൂണിവേഴ്‌സല്‍ ക്ലൗഡ് സാങ്കേതികവിദ്യയാണ് ജിഗാനെറ്റ് ഉപയോഗിക്കുന്നത്. അതിവേഗം വന്‍തോതിലുള്ള ഡേറ്റ ഉപയോഗവും കൈമാറ്റവും ഇതു സാധ്യമാക്കും. മികച്ച ഡൗണ്‍ലോഡിംഗ് സ്പീഡും അപ് ലോഡിംഗ് സ്പീഡും ഇത് വാഗ്ദാനം ചെയ്യുന്നു.

കോളുകള്‍ കണക്റ്റ് ചെയ്യാനുള്ള വേഗത, ഇന്റര്‍നെറ്റ് സെര്‍ച്ചിംഗിനുള്ള സ്പീഡ് എന്നിവയില്‍ മാത്രം ഒതുങ്ങുന്നതല്ല ഇപ്പോള്‍ ടെലികോം ശൃംഖലകളുടെ പങ്കെന്ന് ജിഗാനെറ്റ് അവതരിപ്പിക്കവെ 'വി' ചീഫ് ടെക്നോളജി ഓഫിസര്‍ വിഷാന്ത് വോറ വ്യക്തമാക്കി. കണക്ടിവിറ്റിയെ ഡിജിറ്റല്‍ സമൂഹത്തിന്റെ അടിത്തറയാക്കി മാറ്റാനുള്ള വിയുടെ ശ്രമമാണ് പുതിയ 4 ജി ശൃംഖലയായ ജിഗാനെറ്റ്. വ്യക്തിഗതഉപയോഗത്തേക്കാളേറെ വന്‍കിട കോര്‍പറേറ്റുകള്‍ക്കും ചെറുകിട സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കുമെല്ലാം ആവശ്യമായ കണക്ടിവിറ്റി തടസ്സമില്ലാതെ ലഭ്യമാക്കാന്‍ ജിഗാനെറ്റിന് സാധിക്കുമെന്ന് വോറ ചൂണ്ടിക്കാട്ടി.

നിലവില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയും കമ്പനിയെ അലട്ടുന്നുണ്ട്. 7,854 കോടി രൂപയാണ് ഇതുവരെ എജിആര്‍ കുടിശ്ശികയില്‍ കമ്പനി അടച്ചത്. 10 വര്‍ഷം കൊണ്ട് മിച്ചമുള്ള തുക അടയ്ക്കണം. വരിക്കാരുടെ കൊഴിഞ്ഞുപോക്കാണ് വോഡഫോണ്‍ ഐഡിയ നേരിടുന്ന മറ്റൊരു പ്രതിസന്ധി. ജിയോയുടെ വരവോടെ ഏറ്റ ഈ ആഘാതത്തില്‍ നിന്നും കരകയറാന്‍ വി എന്ന പേരില്‍ ബ്രാന്‍ഡ് പുനര്‍നാമകരണം ചെയ്ത് ശക്തമായ തിരിച്ചുവരവാണ് കമ്പനി ലക്ഷ്യമിട്ടിരിക്കുന്നത്.

സെപ്തംബര്‍ 30 -ന് നടക്കുന്ന വാര്‍ഷിക പൊതുയോഗത്തില്‍ വായ്പയെടുക്കല്‍ പരിധി ഉയര്‍ത്താന്‍ ഓഹരിയുടമകള്‍ സമ്മതിക്കുമെന്ന പ്രതീക്ഷ കമ്പനിക്കുണ്ട്. നിലവില്‍ 25,000 കോടി രൂപയാണ് വോഡഫോണ്‍ ഐഡിയ ലിമിറ്റഡിന് വായ്പയെടുക്കാന്‍ അനുവദിച്ചിരിക്കുന്ന പരിധി. ഇത് ഒരു ലക്ഷം കോടി രൂപയായി ഉയര്‍ത്തണമെന്നാണ് കമ്പനി മുന്നോട്ടുവച്ചിരിക്കുന്ന ആവശ്യം.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam YouTube Channel – youtube.com/dhanammagazine

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com