ഇന്ത്യയില്‍ ക്രിപ്‌റ്റോയ്ക്ക് വന്‍ തിരിച്ചടി, ₹1,900 കോടിയുടെ തട്ടിപ്പ് നഷ്ടം ഉപയോക്താക്കള്‍ വഹിക്കണമെന്ന് വസീര്‍എക്‌സ്‌

കടുത്ത എതിര്‍പ്പുമായി ക്രിപ്‌റ്റോ വിദഗ്ധരും ഉപയോക്താക്കളും, അഭിപ്രായ വോട്ടെടുപ്പിനായി ഓഗസ്റ്റ് മൂന്ന് വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്
a masked man sitting in front of a laptop wazirx logo a mobile phone showing wazirx trading
image credit : canva , wazirX 
Published on

 ക്രിപ്‌റ്റോകറന്‍സി ഇടപാടുകാര്‍ക്ക് വന്‍ തിരിച്ചടി നല്‍കി രാജ്യത്തെ ഏറ്റവും വലിയ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകളിലൊന്നായ വസീര്‍എക്‌സ് (WazirX). ഹാക്കര്‍മാര്‍ തട്ടിയെടുത്ത 230 മില്യണ്‍ ഡോളര്‍ (ഏകദേശം 1,923 കോടി രൂപ) ഉപയോക്താക്കളില്‍ നിന്ന് ഈടാക്കാനാണ്‌  വാസിര്‍ എക്‌സിന്റെ പുതിയ നീക്കം. തട്ടിപ്പില്‍ നിന്ന് കരകയറാനുള്ള രണ്ട് പദ്ധതികളാണ് വസീർഎക്സ് ഉപയോക്താക്കളുമായി പങ്കുവച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച് അഭിപ്രായം രേഖപ്പെടുത്താന്‍ ഓഗസ്റ്റ് മൂന്നിന് വൈകിട്ട് 7 വരെ സമയം അനുവദിച്ചിട്ടുണ്ട്.

കഴിഞ്ഞ മാസം കമ്പനി പുറത്തുവിട്ട കണക്കുപ്രകാരം വസീര്‍എക്‌സ് ഉപയോക്താക്കള്‍ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചില്‍ സൂക്ഷിച്ചിരുന്ന 45 ശതമാനം ക്രിപ്‌റ്റോകറന്‍സികളും  തട്ടിപ്പുകാര്‍ കൈക്കലാക്കിയിട്ടുണ്ട്. സംഭവം സ്ഥിരീകരിച്ച വസീർ എക്സ്, ഇന്ത്യന്‍ കറന്‍സിയിലുള്ള ക്രിപ്‌റ്റോ ഇടപാടുകള്‍ താതകാലികമായി മരവിപ്പിക്കുകയും ചെയ്തിരുന്നു. 

പദ്ധതി ഇങ്ങനെ

വസീര്‍എക്‌സിന്റെ വീണ്ടെടുക്കല്‍ പ്ലാന്‍ അനുസരിച്ച് രണ്ട് ഓപ്ഷനുകള്‍ ആണ് ഉപയോക്താക്കള്‍ക്ക് മുന്നിലുള്ളത് ഓപ്ഷന്‍ 'എ' മുന്‍ഗണന നല്‍കുന്നത് നിക്ഷേപം വീണ്ടെടുക്കല്‍ ശ്രമങ്ങള്‍ക്കാണ്. ഇതില്‍ ക്രിപ്‌റ്റോ ആസ്തികള്‍ ട്രേഡ് ചെയ്യാനും ഹോള്‍ഡ് ചെയ്യാനുമാകുമെങ്കിലും പിന്‍വലിക്കുന്നതിന് നിയന്ത്രണമുണ്ട്. ഓപ്ഷന്‍ 'ബി'യില്‍ ട്രേഡിംഗും പിന്‍വലിക്കലുകളും അനുവദിക്കുമെങ്കിലും തിരിച്ചെടുക്കല്‍ ശ്രമങ്ങള്‍ക്ക് വലിയ പ്രാധാന്യം നല്‍കുന്നില്ല. ഉപയോക്താക്കള്‍ക്ക് ഈ രണ്ട് ഓപ്ഷനുകളിലേക്കും ഉപാധികളോടെ സ്വിച്ച് ചെയ്യാനാകും.

നിലവിലെ ഉപയോക്താക്കളുടെ 55 ശതമാനം നിക്ഷേപം അവര്‍ക്ക് തിരിച്ചെടുക്കാം. ബാക്കിയുള്ള 45 ശതമാനം യു.എസ്.ഡി.ടിക്ക് തതുല്യമായ ടോക്കണുകളാക്കി ലോക്ക് ചെയ്തു വയ്ക്കും. അതായത് കവര്‍ച്ചയ്ക്ക് മുമ്പ് ഒരു ബിറ്റ്കോയിൻ നിക്ഷേപമുണ്ടെങ്കില്‍ അതിന്റെ 0.45 ബിറ്റ്‌കോയില്‍ സ്റ്റേബിള്‍ കറന്‍സിയായ യു.സ്.ഡി.ടിയിലേക്ക് മാറ്റി ലോക്ക് ചെയ്യും. നഷ്ടപ്പെട്ട തുക എല്ലാ ഉപയോക്താക്കളില്‍ നിന്നുമായി തുല്യമായി ഈടക്കാനുള്ള പദ്ധതിയാണ് വസീർ എക്സ് മുന്നോട്ടു വച്ചിരിക്കുന്നത്. രാജ്യത്ത് ആദ്യമായാണ് ക്രിപ്‌റ്റോ കറന്‍സി എക്‌സ്‌ചേഞ്ച് നഷ്ടം ഉപയോക്താക്കളിലേക്ക് വീതിക്കാന്‍ തീരുമാനിക്കുന്നത്.

ഇനി ഏതെങ്കിലും നിക്ഷേപകരുടെ പോര്‍ട്ട്‌ഫോളിയോ ഹാക്ക് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും അവരുടെ 55 ശതമാനം ആസ്തി മാത്രമാണ് തിരിച്ചു കിട്ടുക.  പൂര്‍ണമായും ഹാക്ക് ചെയ്യപ്പെട്ട ആസ്തിയുള്ളവര്‍ക്കും 55 ശതമാനം തിരിച്ചെടുക്കാം. എല്ലാ ഉപയോക്താക്കളിലേക്കും നഷ്ടം തുല്യമായി പങ്കുവയ്ക്കുകയാണ് (socialise the lossവസീർ എക്സ് ഇതു വഴി ഉദ്ദേശിക്കുന്നത്. ഇന്ത്യന്‍ കറന്‍സിയായി വസീര്‍എക്‌സ് അക്കൗണ്ടില്‍ സൂക്ഷിച്ചിട്ടുള്ളവരെ കവര്‍ച്ച ബാധിച്ചിട്ടില്ലെന്നും അവര്‍ വോട്ട് രേഖപ്പെടുത്തേണ്ടതില്ലെന്നുമാണ് സ്ഥാപനം പറയുന്നത്. ഓഗസ്റ്റ് മൂന്നിന് നടക്കുന്ന വോട്ടെടുപ്പിന് ശേഷം പ്രവര്‍ത്തനം പുനരാരംഭിക്കുമെന്നാണ് വസീർ എക്സ് അറിയിച്ചിരിക്കുന്നത്.

എതിര്‍പ്പ് ശക്തം

എന്നാല്‍ വസീർ എക്സ്സിന്റെ നീക്കത്തെ കുറിച്ച് വിമര്‍ശനം ശക്തമായിട്ടുണ്ട്. ഉപയോക്താക്കളെ കണക്കിലെടുക്കാതെയാണ് നീക്കമെന്നാണ് ഈ മേഖലയിലെ പ്രമുഖര്‍ ചൂണ്ടിക്കാട്ടുന്നത്. ഉപയോക്താക്കളോട് 45 ശതമാനം ആസ്തികള്‍ സോഷ്യലൈസ് ചെയ്യാന്‍ ആവശ്യപ്പെട്ടെങ്കിലും വസീർഎക്‌സിന്റെ സ്വന്തം പണം എന്തു ചെയ്യുമെന്ന് വ്യക്തമല്ല. മാത്രമല്ല എത്ര കാലത്തേക്കാണ് 45 ശതമാനം ആസ്തി ലോക്ക് ചെയ്യുന്നതെന്നും വ്യക്തമാക്കിയിട്ടില്ല. ഹാക്ക് ചെയ്യപ്പെട്ട ആസ്തികള്‍ വീണ്ടെടുക്കുന്ന മുറയ്ക്കാണ് ഈ ലോക്ക് ചെയ്ത 45 ശതമാനം ആസ്തികള്‍ തിരിച്ചു നല്‍കുക.

കമ്പനിയില്‍ മോഷണം നടന്നതിന് ഉപയോക്താക്കളോട് പണം ആവശ്യപ്പെടുന്നതിന് തുല്യമാണിതെന്നാണ് പ്രമുഖ പോര്‍ട്ട്‌ഫോളിയോ മാനേജരും ക്യാപിറ്റല്‍ മൈന്‍ഡിന്റെ സി.ഇ.ഒയുമായ ദീപക് ഷേണായി ഇതേ കുറിച്ച് എക്‌സില്‍ പ്രതികരിച്ചത്. ആദ്യം സ്വന്തം പണം നഷ്ടം നികത്താനായി വിനിയോഗിച്ച ശേഷം ബാക്കി വീതിക്കുക എന്നതാണ് നിയമപരമായ മാര്‍ഗമെന്നും പണം തിരിച്ചു നല്‍കാനാകുന്നില്ലെങ്കില്‍  നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലിനെ സമീപിച്ച് കമ്പനി ലിക്വേഡേറ്റ് ചെയ്യുകയാണ് വേണ്ടതെന്നും ദീപക് പറയുന്നു.

55/45 നീക്കം നിക്ഷേപകര്‍ക്ക് സ്വീകാര്യമാകില്ലെന്നും മറ്റ് മാര്‍ഗങ്ങള്‍ പരിഗണിക്കുന്നതാണ് നല്ലതെന്നും ഉപയോക്താക്കളെ  വീണ്ടും നഷ്ടത്തിലാക്കരുതെന്നും ക്രിപ്‌റ്റോ എഡ്യുക്കേഷന്‍ സ്റ്റാര്‍പ്പായ ബിറ്റിനിംഗിന്റെ സ്ഥാപകന്‍ കാശി റാസയും പ്രതികരിച്ചു. സമൂഹ്യമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകളാണ് ഇതുമായി ബന്ധപ്പെട്ട് നടക്കുന്നത്.

വാസിര്‍എക്‌സ്

ഇന്ത്യയുടെ ബിറ്റ്‌കോയിന്‍ എക്‌സ്‌ചേഞ്ച് എന്ന് സ്വയം വിശേഷിപ്പിക്കുന്ന വസീർ എക്സ് ഒരുക്കിയിരുന്ന വന്‍ സുരക്ഷാ കവചം ഭേദിച്ചാണ് ഹാക്കര്‍മാര്‍ വാലറ്റുകളില്‍ നിന്ന് നിക്ഷേപം അടിച്ചുമാറ്റിയത്. ഇടപാടുകള്‍ നടത്തുന്നതിന് ഒന്നിലധികം ഓഹരി ഉടമകളുടെ നുമതി ആവശ്യമായ മള്‍ട്ടി -സിഗ്നേച്ചര്‍സുരക്ഷാ സംവിധാനമാണ് വസീർഎക്സ് ഒരുക്കിയിരിക്കുന്നത്. ബിറ്റ്കോയിന്‍, ഇതേറിയം, റിപ്പിള്‍ തുടങ്ങിയ 200ലധികം ക്രിപ്‌റ്റോ കറന്‍സികള്‍ വാങ്ങാനും വില്‍ക്കാനുംട്രേഡിംഗ് ചെയ്യാനുമുള്ള പ്ലാറ്റ്‌ഫോമാണിത്. ഇന്ത്യന്‍ രൂപയിലും സ്വന്തം ക്രിപ്‌റ്റോ കറന്‍സി ടോക്കണായ ഡബ്ല്യു.ആര്‍.എക്‌സിലുമാണ് ഉപയോക്താക്കളില്‍ നിന്നും ഫീസ് ഈടാക്കിയിരുന്നത്.

വസീർഎക്സ്, കോയിന്‍ഡി.സി.എക്‌സ് എന്നിവയുള്‍പ്പെടെയുള്ള ഇന്ത്യന്‍ ക്രിപ്റ്റോ എക്സ്ചേഞ്ചുകള്‍ ഉപഭോക്താക്കളെ ക്രിപ്റ്റോയില്‍ നിന്ന് പിന്‍വലിക്കാനും ഹാര്‍ഡ്വെയര്‍ വാലറ്റുകളില്‍ സൂക്ഷിക്കാനും അനുവദിക്കുന്നില്ല. പിന്‍വലിക്കാനുള്ള ഒരേയൊരു മാര്‍ഗം അവരുടെ ആസ്തികള്‍ വിറ്റ് രൂപയിലേക്ക് ലിക്വിഡേറ്റ് ചെയ്യുക എന്നതാണ്. എന്നാല്‍ ഇത് അവരുടെ ക്രിപ്‌റ്റോ ഹോള്‍ഡിംഗ്‌സ് നഷ്ടപ്പെടുത്തുന്നു.

പ്രായോഗികമായ ഇന്‍ഷുറന്‍സ് ഓപ്ഷന്‍സ് ലഭ്യമല്ലാതിരുന്നതിനാല്‍ ഉപയോക്താക്കളുടെ പണത്തിന് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാക്കിയിരുന്നില്ലെന്ന് സ്ഥാപകന്‍ നിശ്ചല്‍ ഷെട്ടി സ്ഥിരീകരിച്ചു. നിക്ഷേപം വീണ്ടെടുക്കല്‍ ശ്രമങ്ങള്‍ വിജയിക്കാനും പരാജയപ്പെടാനും സാധ്യതയുണ്ടെന്നും ഇതിന് വര്‍ഷങ്ങളെടുത്തേക്കുമെന്നും അദ്ദേഹം മുന്നറിയിപ്പും നല്‍കുന്നുണ്ട്. ഹാക്ക് ചെയ്യപ്പെട്ട 45  ശതമാനം ആസ്തികളും ലോക്ക് ആക്കുമെന്നും ഇത് തിരിച്ചു നല്‍കുന്നത് വീണ്ടെടുക്കല്‍ ശ്രമങ്ങളുടെ വിജയത്തെ ആശ്രയിച്ചിരിക്കുമെന്നുമാണ് വസീര്‍എകസിന്റെ പ്രസ്താവനയില്‍ പറയുന്നത്. 

ഇത്രയും വലിയ തോതിലുള്ള സുരക്ഷാ ലംഘനത്തിന് വിധേയമായ ഒരു എക്സ്ചേഞ്ചില്‍ വിശ്വാസം അര്‍പ്പിക്കാന്‍ ഉപയോക്താക്കള്‍ തയ്യാറായേക്കില്ല എന്നതിനാല്‍ വസീര്‍എക്‌സ് ഇതിനെ അതിജീവിക്കുമോ എന്ന് കണ്ടറിയണം.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com