പേയ്‌മെന്റുകളും യാത്രകളും ജോലികളും എളുപ്പമാക്കും, പുതിയ എ.ഐ സേവനങ്ങൾ കൊണ്ടുവരാൻ വാട്‌സാപ്

എ.ഐ, സാമ്പത്തിക സേവനങ്ങൾ, കൂടുതൽ ലളിതമായ ആശയവിനിമയ ഫീച്ചറുകൾ എന്നിവയാണ് അടുത്ത ഘട്ടത്തിലെ പ്രധാന മുൻഗണനകളെന്നും കുനാൽ ഷാ
A close-up image of a person holding and using a smartphone with the WhatsApp chat screen open.
Image created with Chatgpt
Published on: 

വെറുമൊരു സന്ദേശ കൈമാറ്റ ആപ്പ് എന്നതിനപ്പുറം ഉപയോക്താക്കളുടെ ദൈനംദിന ആവശ്യങ്ങൾ തടസമില്ലാതെ നിർവഹിക്കാനുള്ള പ്ലാറ്റ്‌ഫോമായി വളരാനുള്ള പദ്ധതികളുമായി ജനപ്രിയ മെസേജിംഗ് ആപ്പായ വാട്‌സാപ്. കമ്പനിയുടെ ഗ്ലോബൽ ഹെഡ് കുനാൽ ഷായാണ് ഭാവി പദ്ധതികൾ വ്യക്തമാക്കിയത്. പേയ്‌മെന്റുകൾ, യാത്രാ ആവശ്യങ്ങൾ, ബുക്കിംഗുകൾ തുടങ്ങിയ ദൈനംദിന കാര്യങ്ങൾ കൂടുതൽ ലളിതമായി പൂർത്തിയാക്കാവുന്ന പ്ലാറ്റ്‌ഫോമായി വാട്‌സാപിനെ വികസിപ്പിക്കാനാണ് മെറ്റ ലക്ഷ്യമിടുന്നത്. എ.ഐ, സാമ്പത്തിക സേവനങ്ങൾ, കൂടുതൽ ലളിതമായ ആശയവിനിമയ ഫീച്ചറുകൾ എന്നിവയാണ് അടുത്ത ഘട്ടത്തിലെ പ്രധാന മുൻഗണനകളെന്നും കുനാൽ ഷാ പറഞ്ഞു.

പ്രധാന മാറ്റങ്ങളും സേവനങ്ങളും:

ദൈനംദിന സേവനങ്ങളും പേയ്‌മെന്റുകളും: ബില്ലുകൾ അടയ്ക്കുക, വായ്പയെടുക്കുന്നതുൾപ്പെടെയുള്ള സാമ്പത്തിക സേവനങ്ങൾ, യാത്രകളിൽ കണക്റ്റഡായിരിക്കുക തുടങ്ങിയ കാര്യങ്ങൾ മറ്റ് ആപ്പുകളിലേക്ക് മാറാതെ വാട്‌സാപിലൂടെ തന്നെ നേരിട്ട് ചെയ്യാൻ സൗകര്യമൊരുക്കും. ഇതിനായി ടെലികോം, ഫിനാൻഷ്യൽ സർവീസ് പങ്കാളികളുമായി കമ്പനി സഹകരിച്ച് പ്രവർത്തിച്ച് വരികയാണ്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (AI) പങ്ക്: ഉപയോക്താക്കൾക്ക് ആവശ്യമുള്ള വിവരങ്ങൾ കണ്ടെത്താനും, ബുക്കിംഗുകളും അപ്പോയിന്റ്‌മെന്റുകളും തെറ്റാതെ പൂർത്തിയാക്കാനും എ.ഐ സാങ്കേതികവിദ്യ സഹായിക്കും. ഉപയോക്താക്കളുടെ സമയം ലാഭിക്കുന്ന രീതിയിലാകും എ.ഐ പ്രവർത്തിക്കുക.

ആശയവിനിമയം കൂടുതൽ ഭംഗിയാക്കൽ: പ്രതിദിനം 1000 കോടിയിലധികം വോയ്‌സ് മെസേജുകളും 400 കോടിയോളം സ്റ്റിക്കറുകളും പങ്കുവെക്കപ്പെടുന്ന പ്ലാറ്റ്‌ഫോമിൽ വോയ്‌സ് നോട്ടുകൾ, സ്റ്റിക്കറുകൾ, വീഡിയോകൾ എന്നിവ കൂടുതൽ മികച്ചതും ലളിതവുമാക്കും.

സ്വകാര്യതക്ക് മുന്‍തൂക്കം: പ്രതിദിനം 10,000 കോടിയോളം സന്ദേശങ്ങളും 200 കോടിയോളം കോളുകളും കൈകാര്യം ചെയ്യുന്ന വാട്‌സാപിൽ സുരക്ഷയ്ക്ക് തന്നെയാണ് പ്രഥമ പരിഗണന. വ്യക്തിഗത സന്ദേശങ്ങളും കോളുകളും പൂർണമായും 'എൻഡ്-ടു-എൻഡ് എൻക്രിപ്റ്റഡ്' (End-to-End Encrypted) ആയി തന്നെ തുടരുമെന്നും കുനാൽ ഷാ പറഞ്ഞു.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```