'വെളച്ചിലെടുക്കരുത് കേട്ടോ'! എന്നു പറഞ്ഞ് വാട്‌സാപ്പ്, പൂട്ടിച്ചത് 14 ലക്ഷത്തിലേറെ ഇന്ത്യന്‍ അക്കൗണ്ടുകള്‍

ഓരോ മാസവും ഇന്ത്യയില്‍ വാട്‌സാപ്പ് ലക്ഷക്കണക്കിന് അക്കൗണ്ടുകളാണ് പൂട്ടിക്കുന്നത്. ഫെബ്രുവരിയിലും നിരവധി അക്കൗണ്ടുകളാണ് നിരോധിച്ചത്. പ്രതിമാസ കംപ്ലയന്‍സ് റിപ്പോര്‍ട്ട് അനുസരിച്ച് ഫെബ്രുവരിയില്‍ മാത്രം 14,26,000 ഇന്ത്യന്‍ അക്കൗണ്ടുകള്‍ നിരോധിച്ചു. ജനുവരിയില്‍ ഇത് 1.8 ലക്ഷം അക്കൗണ്ടുകളായിരുന്നു. എന്നാല്‍, 28 ദിവസത്തിനിടെയാണ് 14 ലക്ഷത്തോളം അക്കൗണ്ടുകള്‍ പൂട്ടിച്ചത് എന്നത് റെക്കോര്‍ഡ് ആണ്.

ഉപയോക്താവില്‍ നിന്നും ലഭിച്ച 'നെഗറ്റീവ് ഫീഡ്ബാക്കിനുള്ള' പ്രതികരണമായും ചില അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്തിട്ടുണ്ടെന്ന് മെറ്റായുടെ ഉടമസ്ഥതയിലുള്ള വാട്‌സാപ് പുറത്തുവിട്ട വിവരങ്ങളില്‍ വിശദമാക്കുന്നു. ഉപയോക്താക്കളുടെ സുരക്ഷ നിലനിര്‍ത്തുന്നതിനായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മറ്റ് അത്യാധുനിക സാങ്കേതികവിദ്യ എന്നിവയാണ് ഇതിനായി ഉപയോഗപ്പെടുത്തുന്നത്.

ഫെബ്രുവരിയില്‍ ഇന്ത്യയില്‍ നിന്ന് മൊത്തം 335 പരാതി റിപ്പോര്‍ട്ടുകള്‍ ലഭിച്ചു. ഇതില്‍ പലതും സെലിബ്രിറ്റികളില്‍ നിന്നാണെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്. കണ്‍ട്രി കോഡ് ആയ +91 ഫോണ്‍ നമ്പര്‍ വഴിയാണ് ഇന്ത്യന്‍ അക്കൗണ്ടുകള്‍ തിരിച്ചറിയുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്.

തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതുള്‍പ്പെടെ പ്ലാറ്റ്ഫോമിലെ മറ്റ് ഉപയോക്താക്കളെ ഉപദ്രവിക്കല്‍, വ്യാജ വാര്‍ത്തകള്‍ കൈമാറല്‍ എന്നിവയ്ക്കാണ് ഈ അക്കൗണ്ടുകള്‍ നിരോധിച്ചത്. വാട്‌സാപ്പിന് ഇന്ത്യയില്‍ പരാതി സെല്‍ ഉണ്ട്. ഏതൊരു ഉപയോക്താവിനും ഇമെയില്‍ അല്ലെങ്കില്‍ സ്‌നൈല്‍ മെയില്‍ വഴി കംപ്ലയന്‍സ് ഓഫിസറെ ബന്ധപ്പെടാവുന്നതുമാണ്.

വാട്‌സാപ്പിലൂടെയുള്ള കോള്‍ ഉള്‍പ്പെടുന്ന എല്ലാ സന്ദേശങ്ങളും എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റഡ് ആണെന്ന് കമ്പനി വീണ്ടും വ്യക്തമാക്കുന്നു. അതായത് സന്ദേശം അയയ്ക്കുന്നവര്‍ക്കും സ്വീകരിക്കുന്നവര്‍ക്കും അല്ലാതെ മറ്റാര്‍ക്കും വായിക്കാന്‍ കഴിയില്ല.

Related Articles
Next Story
Videos
Share it