ടെലഗ്രാം ചാനലുകള്‍ക്ക് സമാനമായി 'വാട്സാപ്പ് ചാനല്‍' ഫീച്ചര്‍ അവതരിപ്പിച്ച് മെറ്റ
ടെലഗ്രാം ചാനലുകള്‍ക്ക് സമാനമായ രീതിയില്‍ 'വാട്സാപ്പ് ചാനല്‍' ഫീച്ചര്‍ അവതരിപ്പിച്ച് മെറ്റ. ഇവിടെ ഉപയോക്താക്കള്‍ക്ക് വ്യക്തികളുടേയും സ്ഥാപനങ്ങളുടേയും ചാനലുകള്‍ സബസ്‌ക്രൈബ് ചെയ്യാനും അപ്ഡേറ്റുകള്‍ അറിയാനും സാധിക്കും.
കൊളംബിയയിലും സിംഗപൂരിലുമാണ് ഈ സംവിധാനം നിലവില്‍ അവതരിപ്പിച്ചിരിക്കുന്നത്. വൈകാതെ തന്നെ മറ്റ് വിപണികളിലും ഇത് അവതരിപ്പിക്കുമെന്ന് മെറ്റ വ്യക്തമാക്കി.
സബ്സ്‌ക്രൈബര്‍മാരോട് പറയാം
വാട്സാപ്പ് ചാനലില്‍ ഗ്രൂപ്പുകളെ പോലെ എല്ലാവര്‍ക്കും സന്ദേശങ്ങള്‍ അയക്കാനാവില്ല. അഡ്മിന്‍മാര്‍ക്ക് മാത്രമേ ഇതിന് കഴിയു. ഒരു സ്ഥാപനത്തിനോ വ്യക്തിക്കോ തന്റെ സബ്സ്‌ക്രൈബര്‍മാരോട് പറയാനുള്ള കാര്യങ്ങള്‍ പങ്കുവെക്കാനുള്ള സൗകര്യമാണിതെന്ന് മെറ്റ പറയുന്നു. വീഡിയോകള്‍, ചിത്രങ്ങള്‍, സ്റ്റിക്കറുകള്‍, പോളുകള്‍ എന്നിവയെല്ലാം ഈ സംവിധാനത്തിലൂടെ പങ്കുവെക്കാനാകും. ഏതെങ്കിലും ചാനല്‍ സബ്സ്‌ക്രൈബ് ചെയ്ത ഉപയോക്താവിന് ആ ചാനലില്‍ വരുന്ന സന്ദേശങ്ങള്‍ 'അപ്ഡേറ്റ്സ്' എന്ന പ്രത്യേകം ഒരു ടാബിലാണ് കാണാനാവുക.
സ്വകാര്യതയ്ക്ക് ഭീഷണിയില്ല
ഇന്‍വൈറ്റ് ലിങ്ക് മുഖേനയോ വാട്സാപ്പില്‍ തന്നെ തിരഞ്ഞുകൊണ്ടോ ഉപയോക്താക്കള്‍ക്ക് ചാനല്‍ വരിക്കാരാവാം. ഇവിടെ സബ്സ്‌ക്രൈബ് ചെയ്യുന്നവര്‍ക്കും അഡ്മിന്‍മാര്‍ക്കും അതിലെ മറ്റ് സബ്സ്‌ക്രൈബര്‍മാരുടെ ഫോണ്‍ നമ്പറും പ്രൊഫൈല്‍ ചിത്രവും കാണാന്‍ സാധിക്കില്ല. അതിനാല്‍ സ്വകാര്യതയ്ക്ക് ഭീഷണിയില്ല. ചാനലില്‍ അയക്കുന്ന സന്ദേശങ്ങള്‍ക്ക് 30 ദിവസം മാത്രമാണ് ആയുസ്സ്. അതിന് ശേഷം അവ നീക്കംചെയ്യപ്പെടും.
ഉയര്‍ന്ന ക്വാളിറ്റിയുള്ള ചിത്രങ്ങള്‍
വാട്സാപ്പില്‍ ഹൈ-ഡെഫനിഷന്‍ ഫോട്ടോകള്‍ അയയ്ക്കാനുള്ള സംവിധാനവും ഉടനെത്തും. ഇവിടെ ചിത്രം ഹൈ-ഡെഫനിഷനായി അയയ്ക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഉപയോക്താവിന് ഇത് തിരഞ്ഞെടുക്കാനുള്ള ഓപ്ഷന്‍ നല്‍കുന്നു. നിലവില്‍ ഇതിനുള്ള പണിപ്പുരയിലാണ് വാട്സാപ്പ്.