30 ലക്ഷം ഇന്ത്യന്‍ എക്കൗണ്ടുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി വാട്ട്‌സ്ആപ്പ്

വാട്ട്‌സ്ആപ്പിന്റെ മാനദണ്ഡങ്ങള്‍ പാലിക്കാത്ത 30 ലക്ഷം ഇന്ത്യന്‍ എക്കൗണ്ടുകള്‍ വാട്ട്‌സ്ആപ്പ് നിരോധിച്ചു. ജൂണ്‍ 16 മുതല്‍ ജൂലൈ 31 വരെയുള്ള 46 ദിവസത്തിനിടയിലാണ് ഇത്. ഓണ്‍ലൈനിലെ മോശമായ പെരുമാറ്റങ്ങള്‍ തടയുകയും ഉപഭോക്താക്കള്‍ക്ക് സുരക്ഷിതമായ സേവനം നല്‍കുകയും ചെയ്യുക എന്ന നയത്തിന്റെ ഭാഗമായാണ് വാട്ട്‌സ്ആപ്പ് നടപടി. വാട്ട്‌സ്ആപ്പിന്റെ നിബന്ധനകള്‍ അനുസരിക്കാത്തതും ഇന്ത്യന്‍ നിയമങ്ങള്‍ക്ക് എതിരായതുമായ ഇന്ത്യന്‍ എക്കൗണ്ടുകള്‍ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയത്. ഇവയില്‍ 95 ശതമാനവും ബള്‍ക്ക് മെസേജുകള്‍ അയച്ചതിനെ തുടര്‍ന്നാണ് നിരോധിച്ചത്.

ആഗോള തലത്തില്‍ വിവിധ കാരണങ്ങളാല്‍ നിരോധിക്കപ്പെടുന്ന ആകെ എക്കൗണ്ടുകളുടെ എണ്ണം പ്രതിമാസം 80 ലക്ഷമാണെന്ന് വാട്ട്‌സ്ആപ്പ് പറയുന്നു. മാര്‍ക്കറ്റിംഗ് സംബന്ധമായ ബള്‍ക്ക് മെസേജുകള്‍ തടയുന്നതിനാണ് വാട്ട്‌സ്ആപ്പ് എക്കൗണ്ട് നിരോധനം ഉള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നത്.
ഇക്കാലയളവില്‍ 594 പരാതികളാണ് വാട്ട്‌സ്ആപ്പിന് ലഭിച്ചത്. നിരോധനം സംബന്ധിച്ചായിരുന്നു ഇതില്‍ 316 എണ്ണം. എക്കൗണ്ട് സപ്പോര്‍ട്ട് (137), പ്രോഡക്ട് സപ്പോര്‍ട്ട് (64), സുരക്ഷിതത്വം (32) തുടങ്ങിയവ സംബന്ധിച്ചുള്ളവയാണ് മറ്റു പരാതികള്‍.


Related Articles
Next Story
Videos
Share it