വാട്സാപ്പ് ഫേസ്‌ബുക്കിന്റെ ഇന്ത്യൻ ബിസിനസിന് വെല്ലുവിളിയെന്ന് സക്കർബർഗ്
ജനപ്രിയമെങ്കിലും തീരെ ലാഭകരമല്ലാത്ത ആപ്ലിക്കേഷനായ വാട്സാപ്പ് ഇന്ത്യയിലെ ഫേസ്ബൂക്കിന്റെ മൊത്തം ബിസിനസിന് വെല്ലുവിളിയുയർത്തുന്നുണ്ടെന്ന് ഫേസ്‌ബുക്ക് സിഇഒ മാർക്ക് സക്കർബർഗ്.
ഇന്ത്യക്കാർ ഓൺലൈനിൽ ചെലവിടുന്ന സമയത്തിന്റെ സിംഹഭാഗവും വാട്സാപ്പ് കയ്യടക്കുകയാണ്. കമ്പനിയുടെ തന്നെ ലാഭകരമായ മറ്റ് സോഷ്യൽ മീഡിയ ആപ്പുകളിൽ ചെലവിടേണ്ട സമയമാണ് വാട്സാപ്പിൽ ചെലവിടുന്നത്.
ഈ പ്രവണത മറ്റ് ആപ്പുകളുടെ ലാഭത്തെ പ്രതികൂലമായി സ്വാധീനിക്കാമെന്നും ബുധനാഴ്ച്ച ബെഗളൂരുവിലെ അനലിസ്റ്റുകളുമായി നടത്തിയ കോൺഫറൻസ് കോളിൽ അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിന്റെ ഏറ്റവും വലിയ വിപണിയാണ് ഇന്ത്യ.
അഞ്ചു വർഷം മുൻപ് 19 ബില്യൺ ഡോളറിനാണ് ഫേസ്‌ബുക്ക് വാട്സാപ്പ് വാങ്ങിയത്. ഇന്നുവരെ അതിൽ നിന്ന് ലാഭമുണ്ടാക്കാൻ കമ്പനിക്ക് കഴിഞ്ഞിട്ടില്ല.
പബ്ലിക് പ്ലാറ്റ് ഫോമായ ഫേസ്‌ബുക്കിനെ കടത്തി വെട്ടിയിരിക്കുകയാണ് പ്രൈവറ്റ് പ്ലാറ്റ് ഫോമായ വാട്സാപ്പ്. എന്നാൽ റിസ്കിനെക്കാളേറെ അവസരങ്ങളാണ് വാട്സാപ്പ് നൽകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നിലവിൽ ഫേസ്‌ബുക്കിന്റെ ന്യൂസ് ഫീഡിൽ നിന്നാണ് വരുമാനത്തിന്റെ ഭൂരിഭാഗവും ലഭിക്കുന്നത്.
നിയമവാഴ്ച ദുർബലമായ രാജ്യങ്ങളിൽ ഡേറ്റ ലോക്കലൈസേഷൻ താൻ പ്രോത്സാഹിപ്പിക്കില്ലെന്നും സക്കർബർഗ് പറഞ്ഞു. ഏത് രാജ്യങ്ങളാണ് എന്നത് അദ്ദേഹം പേരെടുത്ത് പറഞ്ഞില്ല. ഈയിടെ ഇന്ത്യ ഡേറ്റ ലോക്കലൈസേഷൻ ചട്ടങ്ങൾ കർശനമാക്കിയിരുന്നു.
“നിയമങ്ങൾ ദുർബലമായ രാജ്യങ്ങളിലും സർക്കാരിന് ബലം പ്രയോഗിച്ച് ഡേറ്റ അക്സസ്സ് ചെയ്യാൻ സാധിക്കുന്ന രാജ്യങ്ങളിലും ഞങ്ങൾ സെൻസിറ്റീവ് ആയ ഡേറ്റ സ്റ്റോർ ചെയ്യില്ല,” സർക്കർബർഗ് അറിയിച്ചു.
2019 ന്റെ ആദ്യ പാദത്തിൽ കാലിഫോർണിയ ആസ്ഥാനമായ സോഷ്യൽ മീഡയ ഭീമന്റെ ലാഭം നേർപകുതിയായി 2.43 ബില്യൺ ഡോളറിലേക്ക് താഴ്ന്നു. യുഎസ് റെഗുലേറ്ററിൽ പിഴ ചുമത്താൻ സാധ്യതയുള്ളതിനാൽ അതിലേക്കായി 3 ബില്യൺ ഡോളർ വകമാറ്റിയതാണ് ഇതിനു കാരണം.