

ഇന്‍സ്റ്റഗ്രാമില്‍ നിന്ന് വാട്‌സ്ആപ്പിലേക്ക് മെസേജ് അയക്കാവുന്ന സൗകര്യത്തെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? മറ്റൊരു മെസേജിംഗ് ആപ്ലിക്കേഷനില്‍ നിന്ന് മെസേജ് സ്വീകരിക്കാനോ അയക്കാനോ കഴിയുന്ന ക്രോസ് കംപാറ്റിബിലിറ്റി ഫീച്ചര്‍ ഇന്നത്തെ മിക്ക പ്ലാറ്റ്‌ഫോമുകളിലും ഇല്ലെന്നതാണ് സത്യം. എന്നാല്‍ സോഹോ സ്ഥാപകന്‍ ശ്രീധര്‍ വെമ്പു ഇത്തരം ഫീച്ചറുകള്‍ അനുവദിക്കണമെന്ന് വാദിക്കുന്നയാളാണ്. ഇപ്പോഴിതാ മറ്റൊരു ആപ്പില്‍ നിന്ന് നേരിട്ട് വാട്‌സ്ആപ്പിലേക്ക് മെസേജ് അയക്കാവുന്ന ഫീച്ചര്‍ പരീക്ഷിക്കാന്‍ മെറ്റ ഒരുങ്ങിയതായി റിപ്പോര്‍ട്ട്.
വാട്‌സആപ്പിലെ പുതിയ മാറ്റങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന വാബീറ്റഇന്‍ഫോ (Wabetainfo) എന്ന വെബ്‌സൈറ്റാണ് ഇത്തരമൊരു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മറ്റ് ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ചേരാനും സംഭാഷണങ്ങളില്‍ പങ്കെടുക്കാനും അനുവദിക്കുന്ന തേര്‍ഡ് പാര്‍ട്ടി ചാറ്റ് ഫീച്ചറാണ് നിലവില്‍ വാട്‌സ്ആപ്പ് ഡെവലപ്പ് ചെയ്യുന്നത്. പിന്നാലെ വ്യക്തിഗത ചാറ്റുകളിലേക്കും ഈ ഫീച്ചര്‍ നീളും. പുതിയ ഫീച്ചര്‍ അനുസരിച്ച് വാട്‌സ്ആപ്പിലേക്ക് മറ്റ് ആപ്പുകളില്‍ നിന്നും തിരിച്ചും മെസേജുകള്‍ കൈമാറാം. എന്നാല്‍ സ്റ്റാറ്റസ് അപ്‌ഡേറ്റ്, സ്റ്റിക്കറുകള്‍, ഡിസപ്പിയറിംഗ് മെസേജ് തുടങ്ങിയ ഫീച്ചറുകള്‍ ഇതില്‍ ലഭ്യമായേക്കില്ല.
നിലവില്‍ യൂറോപ്പിലെ ചില ബീറ്റ ടെസ്റ്റര്‍മാര്‍ക്ക് മാത്രമാണ് ഈ സംവിധാനം ലഭ്യമാക്കിയിട്ടുള്ളത്. പൊതുജനങ്ങള്‍ക്ക് റിലീസ് ചെയ്യുന്നതിന് മുമ്പ് ആപ്പുകളുടെ പുതിയ ഫീച്ചറുകള്‍ പരീക്ഷിക്കാന്‍ കഴിയുന്ന സംവിധാനമാണ് ബീറ്റ പ്രോഗ്രാം എന്നറിയപ്പെടുന്നത്. പുതിയ ഫീച്ചറുകളിലെ തെറ്റുകള്‍ കണ്ടെത്തി പരിഹരിക്കാന്‍ ഇതിലൂടെ ആപ്പുകള്‍ക്ക് കഴിയും. വാട്‌സ്ആപ്പിലെ തേര്‍ഡ് പാര്‍ട്ടി ചാറ്റ് ലഭ്യമായിട്ടുള്ള ബീറ്റ പ്രോഗ്രാമുകാര്‍ക്ക് സെറ്റിംഗ്‌സിലെ അക്കൗണ്ട് ഓപ്ഷന്‍ വഴി തേര്‍ഡ് പാര്‍ട്ടി ചാറ്റ്‌സ് എനേബിള്‍ ചെയ്യാവുന്നതാണ്. ബേര്‍ഡിചാറ്റ് എന്നൊരു ആപ്ലിക്കഷന് മാത്രമാണ് തേര്‍ഡ് പാര്‍ട്ടി ചാറ്റ് ഫീച്ചര്‍ അനുവദിച്ചിരിക്കുന്നത്. വൈകാതെ കൂടുതല്‍ ആപ്പുകളെയും ഇതില്‍ ഉള്‍പ്പെടുത്തും. നിലവില്‍ ചാറ്റ് ജി.പി.ടി സേവനങ്ങള്‍ വാട്‌സ്ആപ്പില്‍ ലഭ്യമാകുന്നുണ്ട്.
തേര്‍ഡ് പാര്‍ട്ടി ചാറ്റ് ഓപ്ഷന്‍ ഇന്ത്യയിലെത്താനുള്ള സാധ്യത വിരളമാണെന്നാണ് വിലയിരുത്തല്‍. നിലവില്‍ യൂറോപ്പിലെ നിയമങ്ങള്‍ അനുസരിച്ചാണ് വാട്‌സ്ആപ്പ് ഇത്തരമൊരു ഫീച്ചര്‍ തയ്യാറാക്കിയിരിക്കുന്നത്. ഇന്ത്യയില്‍ ഇത്തരം ഫീച്ചറുകളെ നിയന്ത്രിക്കുന്ന നിയമങ്ങളൊന്നും നിലവില്‍ ഇല്ല. മാത്രവുമല്ല ഇങ്ങനെയൊരു ഫീച്ചര്‍ നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുക്കമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
വിവിധ ആപ്പുകള്‍ തമ്മില്‍ പരസ്പരമുള്ള ആശയ വിനിമയം നടക്കുമ്പോള്‍ സുരക്ഷയുടെ കാര്യത്തില്‍ ചില വെല്ലുവിളികളുണ്ട്. നിലവില്‍ വാട്‌സ്ആപ്പില്‍ രണ്ട് പേര്‍ തമ്മിലുള്ള ആശയവിനിമയം എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റഡായാണ് നടക്കുന്നത്. അതായത് അയക്കുന്നയാളും സ്വീകരിക്കുന്നയാളും അല്ലാതെ മറ്റൊരു അപ്ലിക്കേഷന് ഈ സന്ദേശം കാണാന്‍ കഴിയില്ല, വാട്‌സ്ആപ്പിന് പോലും. വ്യത്യസ്ത പ്രോട്ടോകോളുകള്‍ ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളിലെ പരസ്പര ആശയ വിനിമയം സുരക്ഷിതമാക്കാനായി മാര്‍ഗരേഖ കൊണ്ടുവരേണ്ടി വരുമെന്നും വിദഗ്ധര്‍ പറയുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine