

2026 ജനുവരി 15ന് കാല്‍നൂറ്റാണ്ട് പൂര്‍ത്തിയാക്കുന്ന വിക്കിപീഡിയ നീങ്ങുന്നത് അകാല മരണത്തിലേക്കാണോ? ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ടൂളുകള്‍ വ്യാപകമായതോടെ കുറച്ച് കാലമായി ടെക് ലോകത്തെ പ്രധാന ചര്‍ച്ചകളിലൊന്നാണിത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വിക്കിപീഡിയയിലേക്കുള്ള ഹ്യൂമന്‍ ട്രാഫിക്കില്‍ 8 ശതമാനം കുറവുണ്ടായെന്നാണ് കണക്കുകള്‍ പറയുന്നത്. നിലവില്‍ ഉപയോക്താക്കളില്‍ നിന്നുള്ള സംഭാവനയില്‍ പ്രവര്‍ത്തിക്കുന്ന വിക്കിപീഡിയയുടെ പ്രസക്തി നഷ്ടമാകുമോ? എ.ഐ മോഡലുകള്‍ വ്യാപകമാകുമ്പോള്‍ വിക്കിപീഡിയ നശിക്കുമോ? പരിശോധിക്കാം...
ലോകത്തിലെ ഏറ്റവും വലിയ സൗജന്യ ഓണ്‍ലൈന്‍ എന്‍സൈക്ലോപീഡിയയാണ് വിക്കിപീഡിയ. മുന്‍നിശ്ചയിച്ച എഡിറോറിയല്‍ പോളിസികളുടെ അടിസ്ഥാനത്തില്‍ വോളണ്ടിയര്‍മാരാണ് ഇതിലേക്കുള്ള കണ്ടന്റുകള്‍ കൂട്ടിച്ചേര്‍ക്കുന്നതും എഡിറ്റ് ചെയ്യുന്നതും. വിക്കിമീഡിയ ഫൗണ്ടേഷന്‍ എന്ന എന്‍.ജി.ഒക്ക് കീഴിലാണ് പ്രവര്‍ത്തനം. ജിമ്മി വെയില്‍സ്, ലാറി സാങ്ങര്‍ എന്നിവര്‍ ചേര്‍ന്ന് 2001 ജനുവരി 15നാണ് വിക്കിപീഡിയ തുടങ്ങുന്നത്.
ഇന്റര്‍നെറ്റില്‍ ലഭ്യമായ ഉയര്‍ന്ന ഗുണമേന്മയുള്ള ഏറ്റവും വലിയ ഡാറ്റാ ശേഖരമാണ് വിക്കിപീഡിയ. മിക്ക ജനറേറ്റീവ് എ.ഐ ടൂളുകളും അവരുടെ മോഡലുകളെ പരിശീലിപ്പിക്കാന്‍ വിക്കിപീഡിയയെ ഉപയോഗിക്കുന്നതിന് പിന്നിലെ കാരണവും മറ്റൊന്നല്ല. വിക്കിപീഡിയയിലെ ഡാറ്റ ഒഴിവാക്കി മോഡലുകളെ പരിശീലിപ്പിക്കുന്ന എ.ഐ ടൂളുകളുടെ വിശ്വാസ്യതയും ആധികാരികതയും കുറയുന്നതായും ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്.
എന്നാല്‍ അടുത്തിടെ പുറത്തുവന്ന ചില റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് എ.ഐ ടൂളുകള്‍ വിക്കിപീഡിയയ്ക്ക് ഭീഷണിയാകുമെന്ന ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. വിക്കിപീഡിയയിലേക്കുള്ള ഹ്യൂമന്‍ ട്രാഫിക്ക് മുന്‍വര്‍ഷത്തേക്കാള്‍ എട്ട് ശതമാനം കുറഞ്ഞെന്നാണ് റിപ്പോര്‍ട്ട്. 2022ന് ശേഷം വിക്കിപീഡിയയിലേക്കുള്ള ട്രാഫിക്കില്‍ 14 ശതമാനം കുറവുണ്ടായെന്ന് ചില പഠനങ്ങള്‍ പറയുന്നു. പ്രതിമാസ സന്ദര്‍ശകരുടെ എണ്ണത്തില്‍ 16-18 ശതമാനം വരെ കുറവുണ്ടായി. ചാറ്റ് ജി.പി.ടി പോലുള്ള എ.ഐ ടൂളുകളും സെര്‍ച്ച് എഞ്ചിനുകളുമാണ് വിക്കിപീഡിയയിലേക്കുള്ള ട്രാഫിക്ക് കുറക്കാനുള്ള പ്രധാന കാരണം. ഇതിനൊപ്പം പുതിയ തലമുറ വിവര ശേഖരണത്തിനായി സോഷ്യല്‍ മീഡിയയെയും ഷോര്‍ട്ട് വീഡിയോകളെയും ആശ്രയിക്കുന്നതും ഭീഷണിയാണ്.
കുറച്ച് കാലം മുമ്പ് വരെ ഒരു കാര്യത്തെക്കുറിച്ചുള്ള വിവരശേഖരണത്തിന് വിക്കിപീഡിയ പോലുള്ള പേജുകളാണ് നമ്മളില്‍ പലരും ആശ്രയിച്ചിരുന്നത്. ഇന്നാണെങ്കിലോ ചാറ്റ് ജി.പി.ടി പോലുള്ള എ.ഐ ടൂളുകളും ഗൂഗ്ള്‍ ക്രോം പോലുള്ള വെബ് ബ്രൗസറുകളിലെ എ.ഐ മോഡുമാണ് പലരും ഉപയോഗിക്കുന്നത്. ഇത്തരം എ.ഐ ചാറ്റ് ബോട്ടുകളും സെര്‍ച്ച് എഞ്ചിനുകളും വിക്കിപീഡിയ പോലുള്ള വെബ്‌സൈറ്റുകളിലെ വിവരങ്ങള്‍ ഉപയോഗിച്ച് ഉപയോക്താവിന് നേരിട്ട് ഉത്തരങ്ങള്‍ നല്‍കുന്നു. ബന്ധപ്പെട്ട വെബ്‌സൈറ്റ് സന്ദര്‍ശിക്കാതെ തന്നെ ഉത്തരം ലഭിക്കുമെന്നതാണ് പ്രത്യേകത. ഇത് പേജിലേക്കുള്ള ട്രാഫിക്ക് കുത്തനെ കുറക്കുകയും ചെയ്യും. ട്രാഫിക്ക് കുറയുന്നതോടെ വരുമാനത്തില്‍ ഇടിവുണ്ടാവുകയും നിലനില്‍പ്പ് ഭീഷണിയാവുകയും ചെയ്യുമെന്നാണ് ആശങ്ക. ലോകത്തെ ഏതാണ്ടെല്ലാ വെബ്‌സൈറ്റുകളും അനുഭവിക്കുന്ന പ്രശ്‌നം തന്നെയാണിത്.
അതേസമയം, എ.ഐ മോഡലുകളുടെ കുത്തൊഴുക്ക് വിക്കിപീഡിയ പോലുള്ള വെബ്‌സൈറ്റുകളുടെ അകാലനാശത്തിലേക്ക് വഴിവെക്കില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. എ.ഐ മോഡലുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ മനുഷ്യനിര്‍മിതമായ ഡാറ്റ ആവശ്യമാണ്. അതില്ലാതെ വന്നാല്‍ എ.ഐ മോഡലുകളുടെ പ്രവര്‍ത്തനം അവതാളത്തിലാകും. നിരന്തരമായ തിരുത്തലുകളിലൂടെ കൂട്ടിച്ചേര്‍ത്തുകൊണ്ടിരിക്കുന്ന ഡാറ്റ ശേഖരമാണ് വിക്കിപീഡിയയുടെ കരുത്ത്. 300ലധികം ഭാഷകളിലുള്ള എഴുത്തുകാരാണ് ഓരോ ദിവസവും വിക്കിപീഡിയയിലേക്ക് കണ്ടന്റ് കൂട്ടിച്ചേര്‍ക്കുന്നത്. ഇത്തരം വിവരങ്ങള്‍ ഒരിക്കലും എ.ഐ മോഡലുകള്‍ക്ക് സൃഷ്ടിക്കാന്‍ കഴിയില്ല. അടുത്ത 25 വര്‍ഷം കൂടി വിക്കിപീഡിയ ഇന്റര്‍നെറ്റിലുണ്ടാകുമെന്നാണ് കഴിഞ്ഞ ദിവസം വിക്കിമീഡിയ തങ്ങളുടെ ബ്ലോഗ് പോസ്റ്റില്‍ പറഞ്ഞത്. വിക്കിപീഡിയ അത്രപെട്ടെന്ന് മരിക്കില്ലെന്നാണ് വിദഗ്ധരും കരുതുന്നത്.
അതേസമയം, വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്ന മറ്റൊരു അപകടമുണ്ട്. വിക്കിപീഡിയയില്‍ എ.ഐ ടൂളുകള്‍ ഉപയോഗിച്ച് എഴുതിയ കണ്ടന്റുകള്‍ നിറയുന്നതായി ചിലര്‍ പരാതിപ്പെടുന്നുണ്ട്. ഇത്തരം ക്വാളിറ്റിയില്ലാത്ത ഡാറ്റ ഉപയോഗിച്ച് പരിശീലനം ലഭിച്ച എ.ഐ ടൂളുകളെപ്പറ്റി ചിന്തിച്ച് നോക്കൂ. ഇത് വിക്കിപീഡിയയിലെ വിവരങ്ങളുടെ ആധികാരികതയെയും എ.ഐ ടൂളുകളുടെ പ്രവര്‍ത്തനത്തെയും ബാധിക്കുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. എന്നാല്‍ നേരത്തെ തന്നെ ഈ അപകടം മനസിലാക്കിയ വിക്കിപീഡിയ എ.ഐ ഉപയോഗിച്ച് കണ്ടന്റ് തയ്യാറാക്കുന്നതിനുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ഈ വര്‍ഷത്തിന്റെ ആദ്യം തന്നെ പുറത്തിറക്കിയിട്ടുണ്ട്. മനുഷ്യ നിര്‍മിത വിവരങ്ങളിലാണ് തങ്ങള്‍ വിശ്വാസിക്കുന്നത്. എ.ഐ മോഡലുകള്‍ നിലനില്‍ക്കണമെങ്കില്‍ ഇത്തരം വിവര ശേഖരണം അത്യാവശ്യമാണെന്നും വിക്കിപീഡിയ പറയുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine