വ്യാജന്മാരെ ഒഴിവാക്കാന്‍ പൈസ വേണമെന്ന് ട്വിറ്റര്‍; അധിക വരുമാനത്തിന് പുതുതന്ത്രവുമായി മസ്‌ക്

ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക് ഏറ്റെടുത്ത ശേഷം ട്വിറ്റര്‍ (എക്‌സ്) വലിയ മാറ്റങ്ങളിലൂടെയാണ് കടന്നു പോകുന്നത്. പേരും ലോഗോയും അടക്കം എല്ലാം പുതുക്കിപണിത മസ്‌ക് മുതിര്‍ന്ന ഉദ്യോഗസ്ഥരില്‍ പലരെയും ഒഴിവാക്കുകയും ചെയ്തിരുന്നു. വരുമാന വര്‍ധനയ്ക്കായി സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനുകളും പെയ്ഡ് ബ്ലു ടിക്കും കൊണ്ടുവന്ന മസ്‌ക് ഇപ്പോഴിതാ പുതിയ സംവിധാനവുമായി രംഗത്തെത്തിയിരിക്കുന്നു.

ഏറ്റവും പുതിയ ധനംഓണ്‍ലൈന്‍ വാര്‍ത്തകളും അപ്ഡേറ്റുകളും ലഭിക്കാന്‍ അംഗമാകൂ: വാട്സ്ആപ്പ്, ടെലഗ്രാം

പുതുതായി എക്‌സില്‍ അക്കൗണ്ട് എടുക്കുന്നവരെയാണ് കമ്പനി വരുമാനത്തിനായി ലക്ഷ്യമിട്ടിരിക്കുന്നത്. ഇനി മുതല്‍ എക്‌സില്‍ അക്കൗണ്ട് തുടങ്ങുന്നവര്‍ ചെറിയൊരു സംഖ്യ ഫീസായി നല്‍കേണ്ടി വരും. ലൈക്ക്, ഷെയര്‍, പോസ്റ്റ്, റിപ്ലൈ തുടങ്ങിയ കാര്യങ്ങള്‍ ചെയ്യണമെങ്കില്‍ പൈസ അടയ്‌ക്കേണ്ടി വരും. എക്‌സ് ഡെയിലി ന്യൂസ് എന്ന അക്കൗണ്ടാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

പരീക്ഷണം ന്യൂസിലന്‍ഡിലും ഫിലിപ്പൈന്‍സിലും
ന്യൂസിലന്‍ഡിലും ഫിലിപ്പൈന്‍സിലും പുതിയ മാറ്റം നിലവില്‍ വന്നതായിട്ടാണ് വിവരം. ഫേക്ക്, സ്പാം അക്കൗണ്ടുകള്‍ തടയുന്നതിന്റെ ഭാഗമായിട്ടാണ് ചെറിയ തുക ഈടാക്കുന്നതെന്നാണ് ഇലോണ്‍ മസ്‌കിന്റെ വാദം. ഉപഭോക്തൃ ഫീസ് വരുന്നതോടെ ഫേക്ക് ഐഡികള്‍ കുറയുമെന്നും കമ്പനി വാദിക്കുന്നു. ഒരു ഡോളര്‍ (83 രൂപ) വാര്‍ഷിക ഫീസാകും ഈടാക്കുകയെന്നാണ് വിവരം.
മറ്റ് സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകള്‍ സൗജന്യമായി തുടരുമ്പോള്‍ എക്‌സ് മാത്രം പെയ്ഡ് രീതിയിലേക്ക് മാറുന്നത് എത്രമാത്രം വിജയിക്കുമെന്ന സംശയം വിദഗ്ധര്‍ക്കുണ്ട്. പുതിയ അക്കൗണ്ട് തുടങ്ങാന്‍ പേയ്‌മെന്റ് രജിസ്‌ട്രേഷന്‍ ഉള്‍പ്പെടെ വേണ്ടതിനാല്‍ പലരും എക്‌സിനെ ഉപേക്ഷിച്ചേക്കുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it