7 വര്‍ഷത്തിന് ശേഷം ഇന്ത്യന്‍ ടാബ്‌ലെറ്റ് വിപണിയിലേക്ക് ഷവോമിയുടെ റീ-എന്‍ട്രി; പാഡ് 5 അവതരിപ്പിച്ചു

ചൈനീസ് കമ്പനി ഷവോമിയുടെ ഏറ്റവും പുതിയ ടാബ്‌ലെറ്റ് Xiaomi Pad 5 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. മി പാഡിന് ശേഷം ഷവോമി ഇന്ത്യയില്‍ വില്‍പ്പനയ്‌ക്കെത്തിക്കുന്ന രണ്ടാമത്തെ ടാബ്‌ലെറ്റ് ആണ് പാഡ് 5. 2015ല്‍ ആയിരുന്നു മി പാഡ് ഇന്ത്യന്‍ വിപണിയില്‍ എത്തിയത്. കോവിഡിനെ തുടര്‍ന്ന് ടാബ്‌ലെറ്റുകള്‍ക്ക് ഇന്ത്യന്‍ വിപണിയില്‍ ഡിമാന്‍ഡ് ഉയര്‍ന്നതാണ് ഷവോമിയുടെ ഇപ്പോഴത്തെ നീക്കത്തിന് പിന്നില്‍.

രണ്ട് സ്റ്റോറേജ് വേരിയന്റുകളിലാണ് ഷവോമി പാഡ് 5 എത്തുന്നത്. 128 ജിബി മോഡലിന് 24,999 രൂപയും 256 ജിബി മോഡലിന് 26,999 രൂപയുമാണ് ഓഫര്‍ വില. ഇരു മോഡലുകള്‍ക്കും 6 ജിബിയുടെ റാമാണ് നല്‍കിയിരിക്കുന്നത്. ഏപ്രില്‍ 30 മുതല്‍ ആമസോണ്‍, മി.കോം, മി ഹോം സ്‌റ്റോര്‍ എന്നിവയിലൂടെ പാഡ് 5 വാങ്ങാം. ടാബിനൊപ്പം ഫ്ലാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണ്‍ മോഡല്‍ ഷവോമി 12 പ്രൊയും കമ്പനി ഇന്ത്യയില്‍ അവതരിപ്പിച്ചു. 62,999 രൂപ മുതലാണ് ഫോണിന്റെ വില ആരംഭിക്കുന്നത്.

Xiaomi Pad 5 സവിശേഷതകള്‍

  • 1600x 2560 റെസല്യൂഷനിലുള്ള 11 ഇഞ്ചിന്റെ എച്ച്ഡിആര്‍+ ഡിസ്‌പ്ലെയാണ് പാഡ് 5ന് നല്‍കിയിരിക്കുന്നത്. 120 ഹെര്‍ട്‌സ് ആണ് റിഫ്രഷ് റേറ്റ്. 650 nits ആണ് ഉയര്‍ന്ന ബ്രൈറ്റ്‌നെസ്. സ്‌നാപ്ഡ്രാഗണ്‍ 860 SoC പ്രൊസസറാണ് ടാബിന്റെ കരുത്ത്. ടാബിനൊപ്പം മാഗ്നറ്റിക്കലി ഒട്ടിയിരിക്കുന്നതും ചാര്‍ജ് ആവുന്നതുമായ സ്മാര്‍ട്ട് പേനയും ലഭ്യമാവും. കീ ബോര്‍ഡും ബ്ലൂടൂത്ത് മൗസും ടാബ് 5ല്‍ ഉപയോഗിക്കാം.


  • വൈ-ഫൈ ഒണ്‍ലി വേരിയന്റില്‍ മാത്രമാണ് ടാബ് 5 ലഭിക്കുക. മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ടും ഫിംഗര്‍പ്ലിന്റ് സെന്‍സറും ഷവോമി ടാബ് 5ന് നല്‍കിയിട്ടില്ല. 13 എംപിയുടെ പിന്‍ ക്യാമറയും വീഡിയോ കോളിംഗിനായി 8 എംപിയുടെ സെല്‍ഫി ക്യാമറയും ആണ് നല്‍കിയിരിക്കുന്നത്. 33 വാട്ടിന്റെ ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയ്ക്കുന്ന 8,720 എംഎഎച്ചിന്റെ ബാറ്ററിയാണ് പാഡ് 5ന്. ആന്‍ഡ്രോയിഡ് 11 ഒഎസിലാണ് ടാബ് പ്രവര്‍ത്തിക്കുക.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it