

വിപണിയില്‍ തകര്‍പ്പന്‍ വിജയവുമായി 48 മെഗാപിക്സല്‍ ക്യാമറയുടെ റെഡ്മി 7 സീരീസ് കുതിപ്പ് തുടരുമ്പോള്‍ 64മെഗാപിക്സല്‍ ക്യാമറ ഫീച്ചര്‍ ഉള്‍പ്പെടുത്തി പുതിയ സ്മാര്‍ട്ട്ഫോണ്‍ പുറത്തിറക്കാനൊരുങ്ങുകയാണ് ഷവോമി. ഈ വര്‍ഷം അവസാനത്തോടെ 64 മെഗാപിക്സല്‍ ക്യാമറയുമായി എംഐ മിക്സ് 4 എന്ന മോഡല്‍ പുറത്തിറക്കുമെന്ന് ഷാവോമി പ്രൊഡക്റ്റ് ഡയറക്ടര്‍ വാങ് ടെങ് തോമസ് കഴിഞ്ഞ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിനിടെ പറഞ്ഞിരുന്നു. എന്നാല്‍ ഇക്കാര്യം കഴിഞ്ഞ ദിവസം നടന്ന പ്രസ്മീറ്റില്‍ ആവര്‍ത്തിക്കുകയായിരുന്നു ഷവോമി ടീം.
64 മെഗാപിക്സല്‍ സെന്‍സറിന്റെ പിന്‍ബലത്തില്‍ മികച്ച സൂം സൗകര്യവുമായാണ് ഫോണ്‍ എത്തുക. എന്നാല്‍ ഏത് സെന്‍സറാണ് ഇതിന് വേണ്ടി ഉപയോഗിക്കുന്നതെന്ന് ഷാവോമി വെളിപ്പെടുത്തിയിട്ടില്ല. മോഡലിന് അമോലെഡ് 2കെ എഡിആര്‍ 10 ഡിസ്പ്ലേ ആയിരിക്കും എന്നും സ്‌ക്രീനിന് 120 ഹെര്‍ട്സ് റിഫ്രഷ് റേറ്റുണ്ടാവുമെന്നും സൂചനയുണ്ട്.
മികച്ച ക്യാമറ ഫീച്ചറുകളുള്ള ഫോണ്‍ പുറത്തിറക്കുന്നതില്‍ മുന്‍നിരയിലുള്ള ഷവോമിയുടെ ബജറ്റ് ഫോണുകളില്‍ പോലും മികച്ച ക്യാമറാ ഫീച്ചറുകളാണ് ലഭ്യമായിരിക്കുന്നത്. 64 മെഗാ പിക്‌സല്‍ ഇനത്തിലും ഷവോമി സാന്നിധ്യമാകുന്നത് വിപണിയിലെ മറ്റ് മുന്‍നിര ഗാഡ്ജറ്റ് നിര്‍മാതാക്കള്‍ക്ക് വെല്ലുവിളിയാകുമെന്നാണ് വിപണി നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine