ഇലക്ട്രിക് വെഹിക്ക്ള്‍ പുറത്തിറക്കാന്‍ ഷവോമി, ഡ്രൈവിംഗ് ടെക് സ്റ്റാര്‍ട്ടപ്പിനെ ഏറ്റെടുക്കുന്നു

ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ ഷവോമി വൈദ്യുത വാഹനങ്ങള്‍ പുറത്തിറക്കാനുള്ള നടപടികള്‍ ഊര്‍ജിതമാക്കി. ഇതിന്റെ ഭാഗമായി ഡീപ്‌മോഷന്‍ എന്ന ഡ്രൈവിംഗ് ടെക്‌നോളജി സ്റ്റാര്‍ട്ടപ്പിനെ 77.4 ദശലക്ഷം ഡോളറിന് സ്വന്തമാക്കാന്‍ ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡ്രൈവര്‍ അസിസ്റ്റന്‍സ് സോഫ്റ്റ് വെയര്‍ നിര്‍മിക്കുന്ന കമ്പനിയാണ് ഡീപ്‌മോഷന്‍.

നേരത്തെ തന്നെ ഷവോമി ഇലക്ട്രിക് കാര്‍ ഉല്‍പ്പാദന രംഗത്തേക്ക് കടക്കുന്നതായി വാര്‍ത്ത ഉണ്ടായെങ്കിലും വിശദാംശങ്ങള്‍ പുറത്തു വിട്ടിട്ടില്ല. ഷവോമിയുടെ നിലവിലെ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ ലീ ജുണ്‍ തന്നെയായിരിക്കും ഈ സംരംഭത്തിനും നേതൃത്വം നല്‍കുകയെന്നാണ് റിപ്പോര്‍ട്ട്. 2013 ല്‍ ലീ ജുണ്‍ രണ്ടു തവണ യുഎസ് സന്ദര്‍ശിക്കുകയും ടെസ്ലയുടെ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറായ ഇലോണ്‍ മസ്‌കുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.
സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ഷവോമിയെ സംബന്ധിച്ച് വേണ്ടത്ര മുന്നേറാനാവാത്ത സാഹചര്യമാണെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് ജനപ്രിയമായിക്കൊണ്ടിരിക്കുന്ന ഇലക്ട്രിക് വെഹിക്ക്ള്‍ വിഭാഗത്തിലേക്ക് തിരിയുന്നത്.
ഇന്ത്യന്‍ വിപണിയിലും വൈദ്യുത വാഹനങ്ങളുടെ സ്വീകാര്യത കൂടി വരുന്നുണ്ട്. ടാറ്റ, മഹീന്ദ്ര തുടങ്ങിയ വന്‍കിട കമ്പനികളെല്ലാം വൈദ്യുത വാഹനങ്ങളുമായി വിപണിയിലേക്ക് കടന്നിട്ടുണ്ട്.
ഷവോമിക്ക് പുറമേ മറ്റൊരു ചൈനീസ് കമ്പനിയായ വാവേയും ഈ വര്‍ഷം സ്മാര്‍ട്ട് കാര്‍ സാങ്കേതിക വിദ്യക്കായി 100 കോടി ഡോളര്‍ നിക്ഷേപം നടത്തുമെന്ന് അറിയിച്ചിരുന്നു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it