
ഗൂഗ്‌ളിന്റെ എ.ഐ അധിഷ്ഠിത വീഡിയോ ജനറേഷന്‍ ടൂളായ വിയോ 3 (Veo3) അധികം വൈകാതെ യൂട്യൂബിലുമെത്തും. യൂട്യൂബ് ഷോര്‍ട്‌സിലേക്കുള്ള ബാക്ക്ഗ്രൗണ്ടുകളും വീഡിയോ ക്ലിപ്പുകളും വിയോ 3യുടെ സഹായത്തോടെ നിര്‍മിക്കാം. അധികം വൈകാതെ ഈ സൗകര്യം ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കാന്‍സ് ലയന്‍സ് ഇന്റര്‍നാഷണല്‍ ഫെസ്റ്റിവല്‍ ഓഫ് ക്രിയേറ്റിവിറ്റി 2025 ഇവന്റില്‍ യൂട്യൂബ് സി.ഇ.ഒ നീല്‍ മോഹനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
നിലവില്‍ വിയോ 3യുടെ മുന്‍ഗാമിയായ വിയോ 2 ഉപയോഗിച്ച് ബാക്ക്ഗ്രൗണ്ടുകളും വീഡിയോ ക്ലിപ്പുകളും നിര്‍മിക്കാനുള്ള സൗകര്യം യൂട്യൂബിലുണ്ട്. എന്നാല്‍ കൂടുതല്‍ ഗുണമേന്മയുള്ള വീഡിയോയും ഒപ്പം ഓഡിയോയും നിര്‍മിക്കുന്നതിനാണ് വിയോ 3 കൂടി യൂട്യൂബില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്. ഇതോടെ വിലകൂടിയ ക്യാമറയോ എഡിറ്റിംഗ് ടൂളുകളോ ഇല്ലാതെ തന്നെ യൂട്യൂബില്‍ മികച്ച വീഡിയോകള്‍ പ്രസിദ്ധീകരിക്കാനാകുമെന്നാണ് കരുതുന്നത്. യൂട്യൂബ് സി.ഇ.ഒ പറയുന്നത് പോലെ ഒരു കഥ പറയാനുള്ളവര്‍ക്കെല്ലാം ഇനി യൂട്യൂബില്‍ വീഡിയോ പ്രസിദ്ധീകരിക്കാം. കൃത്യമായ പ്രോംപ്ട് അറിഞ്ഞിരിക്കണമെന്ന് മാത്രം. ഇതേക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ നീല്‍ മോഹന്‍ തയ്യാറായില്ല.
സാങ്കല്‍പിക കാര്‍ ഷോയെക്കുറിച്ച് വിയോ 3 എ.ഐ തയ്യാറാക്കിയ വീഡിയോ ചുവടെ
അടുത്തിടെ നടന്ന ഐ.ഒ ഇവന്റില്‍ ഗൂഗ്ള്‍ പുറത്തിറക്കിയ ഏറ്റവും പുതിയ എ.ഐ വീഡിയോ ജനറേറ്റീവ് ടൂളാണ് വിയോ 3. ഉപയോക്താവ് നല്‍കുന്ന നിര്‍ദേശങ്ങള്‍ക്ക് (Prompt) അനുസരിച്ച് യാഥാര്‍ത്ഥ്യമെന്ന് തോന്നിക്കുന്ന വീഡിയോ നിര്‍മിക്കാന്‍ ഈ ടൂളിനാകും. സിനിമാറ്റിക് ക്വാളിറ്റിയില്‍ നിര്‍മിക്കുന്ന ഈ വീഡിയോ പിന്നീട് ഏതെങ്കിലും വീഡിയോ എഡിറ്റിംഗ് സോഫ്റ്റ്‌വെയറുകളുടെ സഹായത്തോടെ എഡിറ്റ് ചെയ്യാനും സാധിക്കും. ഗൂഗ്‌ളിന്റെ എ.ഐ പ്രോ സബ്‌സ്‌ക്രിപ്ഷന്‍ ഉള്ളവര്‍ക്ക് മാത്രമാണ് വിയോ 3 ഉപയോഗിച്ച് വീഡിയോ നിര്‍മിക്കാനാകുന്നത്. യൂട്യൂബിലേക്ക് ചേര്‍ക്കുമ്പോള്‍ പണം കൊടുക്കേണ്ടി വരുമോ എന്ന് വ്യക്തമല്ല.
അതേസമയം, യൂട്യൂബ് വീഡിയോകളില്‍ നിര്‍മിത ബുദ്ധിയുടെ അതിപ്രസരമുണ്ടായാല്‍ നിലവിലുള്ള വീഡിയോ ക്രിയേറ്റര്‍മാരുടെ ഭാവി എന്താകുമെന്ന കാര്യത്തില്‍ ചിലര്‍ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. എ.ഐ ജനറേറ്റഡ് വീഡിയോ വ്യാജപ്രചാരണത്തിന് ഉപയോഗിക്കാനുള്ള സാധ്യതയുമുണ്ട്. യൂട്യൂബില്‍ എ.ഐ വീഡിയോകള്‍ നിറഞ്ഞാല്‍ മറ്റ് പ്ലാറ്റ്‌ഫോമുകള്‍ തേടി പോകുമെന്നും ചിലര്‍ പറയുന്നു. സെലിബ്രിറ്റികളെയും ചരിത്ര - സൂപ്പര്‍ഹീറോ കഥാപാത്രങ്ങളെയും ഉള്‍പ്പെടുത്തിയുള്ള എ.ഐ വീഡിയോകള്‍ ഇപ്പോള്‍ മലയാളത്തിലും സജീവമാണ്.
സൂപ്പര്‍ഹീറോ കഥാപാത്രങ്ങള്‍ കേരളത്തിലെത്തിയാല്‍ - എ.ഐ വീഡിയോ
YouTube Shorts will integrate Google’s new Veo 3 AI video generator with synchronized audio this summer, making high-quality, sound-enabled AI clips easily accessible to all creators.
Read DhanamOnline in English
Subscribe to Dhanam Magazine