

യൂട്യൂബിൽ നിന്ന് വരുമാനം നേടാൻ ആഗ്രഹിക്കുന്ന പുതിയ ക്രിയേറ്റേഴ്സിന് (Creators) വലിയ വെല്ലുവിളി ഉയർത്തിക്കൊണ്ട് യൂട്യൂബ് പാർട്ണർ പ്രോഗ്രാമിലെ (YPP) യോഗ്യതാ നിബന്ധനകൾ പരിഷ്കരിക്കുന്നു. 2027 ഫെബ്രുവരി 1 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ നിയമങ്ങൾ പ്രകാരം പരസ്യ വരുമാനം ലഭിക്കാനുള്ള കടമ്പകൾ നിലവിലുള്ളതിന്റെ ഇരട്ടിയായി വർദ്ധിപ്പിക്കാനാണ് കമ്പനിയുടെ തീരുമാനം.
പുതിയ നിയമങ്ങൾ പ്രകാരം ക്രിയേറ്റേഴ്സിന് പരസ്യ വരുമാനവും യൂട്യൂബ് പ്രീമിയം വരുമാനവും ലഭിക്കാൻ താഴെ പറയുന്നവയിൽ ഏതെങ്കിലും ഒന്ന് കൈവരിക്കേണ്ടതുണ്ട്:
കഴിഞ്ഞ 365 ദിവസത്തിനുള്ളിൽ 8,000 ക്വാളിഫൈഡ് വാച്ച് അവറുകൾ (Watch Hours) പൂർത്തിയാക്കണം. നിലവിൽ ഇത് 4,000 മണിക്കൂറാണ്.
അല്ലെങ്കിൽ കഴിഞ്ഞ 90 ദിവസത്തിനുള്ളിൽ ഷോട്സിലൂടെ (Shorts) 20 മില്യൺ ക്വാളിഫൈഡ് വ്യൂവ്സ് നേടണം. നിലവിൽ ഇത് 10 മില്യൺ വ്യൂവ്സ് മാത്രമാണ്.
നിലവില്‍ YPP അംഗങ്ങളായ ക്രിയേറ്റേഴ്സിനെ ഈ പുതിയ പ്രവേശന നിബന്ധനകൾ ബാധിക്കില്ല. കൂടാതെ, നിലവിലുള്ള ഷോട്സ് ക്രിയേറ്റേഴ്സിന് പരസ്യ വിഹിതം ലഭിക്കാൻ 90 ദിവസത്തിനുള്ളിൽ 10 മില്യൺ വ്യൂവ്സ് എന്ന നിബന്ധന പാലിക്കണം; ഇത് കുറഞ്ഞാൽ വ്യൂവ്സ് വീണ്ടും 10 മില്യൺ ആകുന്നത് വരെ വരുമാനം താൽക്കാലികമായി നിലയ്ക്കും. long-form content-ൽ നിന്നുള്ള വരുമാനം തുടര്‍ന്നും ലഭിക്കും.
എല്ലാ നിബന്ധനകളും കടുപ്പമേറിയതാകില്ല. മറ്റ് സേവനങ്ങളായ ഫാൻ ഫണ്ടിംഗ് (Fan Funding), ഷോപ്പിംഗ് (Shopping) എന്നിവയുടെ യോഗ്യതാ മാനദണ്ഡങ്ങളിൽ മാറ്റമുണ്ടാകില്ലെന്ന് യൂട്യൂബ് വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ, 'പ്രീമിയം ലൈറ്റ്' (Premium Lite) സേവനം വ്യാപിപ്പിക്കുന്നതിലൂടെ ക്രിയേറ്റേഴ്സിന് പുതിയൊരു വരുമാന മാർഗം കൂടി ലഭിക്കും. ഇതിലൂടെ ലഭിക്കുന്ന വരുമാനത്തിന്റെ 55 ശതമാനം ലോംഗ് ഫോം വീഡിയോകൾക്കും 45 ശതമാനം ഷോട്സുകൾക്കും നൽകും. പരസ്യ വരുമാനത്തെ മാത്രം ആശ്രയിക്കാതെ ബ്രാൻഡ് ഡീലുകൾ, ഷോപ്പിംഗ് ബോണസുകൾ എന്നിവയിലൂടെ ക്രിയേറ്റേഴ്സിനെ സഹായിക്കാനാണ് യൂട്യൂബ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine