ചാറ്റ് ജിപിറ്റി പോലെ ഒരു ചാറ്റ്‌ബോട്ട്; യുഎഇയിലെ ഈ സ്റ്റാര്‍ട്ടപ്പിന് പിന്നില്‍ മലയാളി വനിത

ചാറ്റ് ജിപിറ്റി(ChatGPT)യെക്കുറിച്ച് മലയാളികള്‍ കേട്ടു തുടങ്ങുന്നതിനും മുമ്പ്, അത്തരത്തിലൊരു ചാറ്റ് ബോട്ടിന് പിന്നാലെ പോയ ഒരു മലയാളി വനിതയുണ്ട്, പ്രിയ എം നായര്‍. സെര്‍ച്ച് എന്‍ജിനുകളില്‍ അന്വേഷിക്കുന്ന കാര്യങ്ങള്‍ക്ക് താന്‍ പ്രതീക്ഷിക്കുന്ന മറുപടി ലഭിക്കാതെ വന്നപ്പോഴും മകന്റെ സംശയങ്ങള്‍ക്ക് കൃത്യമായ മറുപടി പറയാന്‍ ബുദ്ധിമുട്ടിയപ്പോഴുമൊക്കെ പ്രിയ മനസ്സില്‍ ഓര്‍ക്കുമായിരുന്നു, അത്തരമൊരു ചാറ്റ് ബോട്ട്; നമ്മള്‍ ചോദിക്കുന്ന ചോദ്യം കൃത്യമായി പെട്ടെന്നു മനസ്സിലാക്കാവുന്ന രീതിയില്‍ ഉത്തരം നല്‍കുന്ന ഒരു സംവിധാനം. അതിനായിരുന്നു പിന്നീട് പ്രിയയുടെ പ്രയത്നങ്ങൾ.

പ്രണയ ദിനത്തിലെ വരവ്

പ്രണയദിനത്തില്‍ ഏത് സമ്മാനമാണ് പങ്കാളിക്ക് ഏറ്റവും ഇഷ്ടമാകുക, അത് ഏത് ബജറ്റില്‍, എവിടെ നിന്നുവാങ്ങും എന്ന് തിരഞ്ഞവര്‍ക്ക് ഒരു കുഞ്ഞന്‍ ചാറ്റ് ബോട്ട് കൈനിറയെ ഉത്തരങ്ങളുമായെത്തി, അതാണ് സീനി(Zenie). തൃശൂര്‍ക്കാരിയായ പ്രിയയുടെ സ്വന്തം എഐ ചാറ്റ് ആപ്പ് (zwag.ai)തുറക്കുമ്പോൾ നിങ്ങളുടെ കൂട്ടുകാരനായി ഓടിയെത്തുന്ന ചാറ്റ് ബോട്ട്.

സ്വാഗും സീനിയും

നിര്‍മിത ബുദ്ധി (Artificial Intelligence - Ai) അധിഷ്ഠിതമായ ഒരു സ്റ്റാര്‍ട്ടപ്പുമായി ആദ്യമായാണ് ഒരു മലയാളി വനിത എത്തുന്നത്. സ്വാഗ് ഏറെ വ്യത്യസ്തമാകുന്നത് അതിന്റെ മികച്ച ഫീച്ചേഴ്‌സ് കൊണ്ടുതന്നെയാണ്. ചാറ്റ് ജിപിറ്റി ഉപയോഗിക്കുന്നത്ര, അല്ലെങ്കില്‍ അതിനേക്കാള്‍ യൂസര്‍ ഫ്രണ്ട്‌ലി എന്നു പറയാം ഇതിനെ. ഈ ആപ്പിന്റെ ആശയം ലളിതമാണ്. ഉല്‍പ്പന്നങ്ങള്‍, സിനിമകള്‍, റെസ്റ്റോറന്റുകള്‍, ജോലികള്‍, ഹോട്ടലുകള്‍, ഭക്ഷണ വിതരണം എന്നിവയെക്കുറിച്ചെല്ലാം ആര്‍ക്കും ഈ ചാറ്റ് ബോട്ടിനോട് ചോദിക്കാം. വ്യക്തിഗതമായി കുഴപ്പിക്കാത്ത ഉത്തരങ്ങള്‍ ഉടനടി ലഭിക്കും.

എളുപ്പത്തില്‍ പ്രവര്‍ത്തനക്ഷമമാക്കാവുന്ന ലിങ്കുകള്‍ക്കൊപ്പം Zenie നിങ്ങള്‍ക്ക് അനുയോജ്യമായ, വ്യക്തിഗതമാക്കിയ ശുപാര്‍ശകള്‍ ആണ് ഈ ചാറ്റ് ബോട്ട് നല്‍കുന്നത്. ഉദാഹരണത്തിന് സിനിമകള്‍ എടുക്കുക, ഒരു സിനിമ സെര്‍ച്ച് ചെയ്താല്‍ സീനി നിങ്ങള്‍ക്ക് അതിന്റെ സംഗ്രഹം, അഭിനേതാക്കളുടെ വിവരങ്ങള്‍, പ്രേക്ഷക അവലോകനങ്ങള്‍, ട്രെയിലര്‍, പ്രദര്‍ശന സമയങ്ങള്‍, ബുക്കിംഗ് ലിങ്ക് എന്നിവ നല്‍കുന്നു. ആപ്പ് വിന്‍ഡോ വിടാതെ തന്നെ ഇതെല്ലാം ലഭിക്കും.

മറ്റൊരു തരത്തില്‍, നിങ്ങള്‍ ഒരു റസ്‌റ്റോറന്റ് തിരഞ്ഞു എന്നു കരുതുക. റസ്‌റ്റോറന്റിന്റെ മെനു, വിലവിവരപ്പട്ടിക, സീറ്റിംഗ് കപ്പാസിറ്റി, പാര്‍ക്കിംഗ് തുടങ്ങി എല്ലാവിവരങ്ങളും ഉടനടി നിങ്ങള്‍ക്ക് ചുരുക്കത്തില്‍ പെട്ടെന്നു മനസ്സിലാക്കാവുന്ന തരത്തില്‍ ഉത്തരമായി എത്തും.


ഉല്‍പ്പന്ന മികവ് ബോധ്യപ്പെട്ടത് കൊണ്ട് തന്നെ സ്വാഗ് ഇതിനകം മൈക്രോസോഫ്റ്റ് സ്റ്റാര്‍ട്ടപ്പ് ഫൗണ്ടേഴ്‌സ് പ്രോഗ്രാമില്‍ ഇടം നേടിയിട്ടുണ്ട്. കൂടാതെ GPT മോഡലുകളുമായി സംയോജിപ്പിച്ച് ചാറ്റ് ബോട്ട് zenie-യുടെ അടുത്ത പതിപ്പ് പുറത്തിറക്കാന്‍ ഒരുങ്ങുകയാണ്. യുഎഇ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനിയായ ദുബായ് ഹോള്‍ഡിംഗിന്റെ ഭാഗമായ ടീകോമിന്റെ സ്റ്റാര്‍ട്ടപ്പ് ഇന്‍കുബേറ്ററായ ദുബായിലെ ടെക് ആണ് സീനിയുടെ മാതൃകമ്പനിയായ സ്വാഗിനെ( zwag Ai )പിന്തുണയ്ക്കുന്നത്.

''ചെറുപ്പക്കാരാണ് ഇപ്പോള്‍ സ്വാഗ് ആപ്പിന്റെ ഉപയോക്താക്കള്‍. ലോഡിംഗിന് അധിക സമയം വേണ്ട, ശ്രദ്ധ തിരിക്കുന്ന പരസ്യങ്ങളില്ല, SEO ഒപ്റ്റിമൈസ് ചെയ്ത ഉള്ളടക്കമില്ല. എന്നതെല്ലാം അവരെ ആകര്‍ഷിക്കുന്നു. അവര്‍ അന്വേഷിക്കുന്നത് വളച്ചൊടിക്കാതെ കൃത്യമായി ഞൊടിയിടയില്‍ ലഭിക്കുന്നുവെന്നതാണ് ഇതിനെ വ്യത്യസ്തമാക്കുന്നത്'' പ്രിയ പറയുന്നു.

ടെക് ജോലിയില്‍ നിന്നും സംരംഭകയിലേക്ക്

തൃശൂര്‍ ജില്ലക്കാരിയാണ് പ്രിയ. ഐടി, കണ്‍സ്ട്രക്ഷന്‍, ഇ-കൊമേഴ്‌സ് മേഖലകളിലായി 18 വര്‍ഷമായി യുഎഇയില്‍ താമസിക്കുന്ന പ്രിയ യുഎഇ എയര്‍ഫോഴ്‌സ് ഐടി ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലി ചെയ്തിട്ടുണ്ട്. ഈ സ്റ്റാര്‍ട്ടപ്പിലേക്ക് കടന്നുവരുന്നതിന് മുമ്പ് ദുബായിലെ ഒരു ബി2ബി ഇ-കൊമേഴ്‌സ് സ്ഥാപനത്തില്‍ സിഇഒ ആയിരുന്നു. 2021-ല്‍ പ്രസിദ്ധീകരിച്ച ഫോര്‍മുല ജി എന്ന ആമസോണ്‍ ബെസ്റ്റ് സെല്ലറിന്റെ സഹ-രചയിതാവ് കൂടിയാണ്. ഭര്‍ത്താവിനും രണ്ട് ആണ്‍കുട്ടികള്‍ക്കുമൊപ്പം അബുദാബിയിലാണ് പ്രിയ ഇപ്പോള്‍ താമസിക്കുന്നത്.

Rakhi Parvathy
Rakhi Parvathy  

Assistant Editor - Special Projects

Related Articles

Next Story

Videos

Share it