'ഇന്ത്യന്‍ ചാറ്റ് ജിപിടി' നിര്‍മിക്കാന്‍ വന്‍കിട കമ്പനികള്‍
ഇക്കഴിഞ്ഞിടെയാണ് നിര്‍മിത ബുദ്ധിയുടെ (AI) ഏറ്റവു പുതിയ പതിപ്പായ ചാറ്റ് ജിപിടി പുറത്തിറക്കിയ സാം ആള്‍ട്ട്മാന്‍ (Sam Altman)ഇന്ത്യയില്‍ നിന്നും ചാറ്റ് ജിപിടി പോലൊന്നു പുറത്തിറക്കുക സാധ്യമല്ലെന്ന തരത്തില്‍ പ്രസ്താവന നടത്തിയത്. 'ഹോപ്പ്ലെസ്' എന്നായിരുന്നു സാം ആള്‍ട്ട്മാന്‍ ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞത്.
ആള്‍ട്ട്മാന്റെ പരാമര്‍ശങ്ങള്‍ ഉടനടി വന്‍ ചര്‍ച്ചയ്ക്ക് വഴിവെച്ചു, പ്രത്യേകിച്ച് ട്വിറ്റര്‍ ടെക്കികള്‍ക്കിടയില്‍ ഇത് ഒഴുകി നടന്നു. ഇന്ത്യന്‍ സാങ്കേതിക വൈദഗ്ധ്യത്തിന്റെ കഴിവുകളെ സംശയിച്ചതിന് നെറ്റിസണ്‍സ് സാം ആള്‍ട്ട്മാനെതിരെ ഹാഷ് ടാഗ് ക്യാമ്പെയ്ന്‍ പോലും ആരംഭിച്ചു. എന്നാല്‍ പിന്നീട് സാം തന്നെ തന്റെ പ്രസ്താവനയില്‍ വിശദീകരണവുമായി വന്നിരുന്നു. പരിമിതമായ ബജറ്റില്‍ ഇന്ത്യയിലെ ഒരു ടീമിന് അടിസ്ഥാന AI മോഡല്‍ നിര്‍മ്മിക്കുക സാധ്യമായേക്കില്ലെന്നാണ് താന്‍ ഉദ്ദേശിച്ചതെന്ന തരത്തില്‍ ചര്‍ച്ചകള്‍ തുടര്‍ന്നു. സംഭവം ഇതാണെങ്കിലും നമ്മുടെ ഇന്ത്യന്‍ ടെക് ഭീമന്മാര്‍ക്ക് ചാറ്റ് ജിപിടി പോലൊന്നു പുറത്തിറക്കാന്‍ ആവേശം കൂടിയിരിക്കുകയാണ്.
നിര്‍മിത ബുദ്ധിയുടെ കളി
ശ്രീധര്‍ വെമ്പുവിന്റെ നേതൃത്വത്തില്‍ ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സോഹോ, ചാറ്റ് ജിപിടി പോലെ തന്നെയുള്ള ലാംഗ്വേജ് മോഡല്‍ പുറത്തിറക്കുമെന്ന് അറിയിച്ചിരിക്കുകയാണ്. സാം ആള്‍ട്ട്മാന്റെ ചാറ്റ് ജിപിടി, ഗൂഗ്‌ളിന്റെ പാം 2 (Google's PaLM 2) തുടങ്ങിയവയ്ക്ക് സാധ്യമാക്കുന്ന ഒട്ടുമിക്ക ഫീച്ചറുകളും സേവനങ്ങളും കൈയ്യെത്തിപ്പിടിക്കാനൊരുങ്ങുകയാണ് ഇന്ത്യന്‍ ടെക് ഭീമന്മാര്‍.
ചെറിയ ചില ഫീച്ചറുകളെങ്കില്‍ പോലും മിന്ത്ര ഷോപ്പിംഗ് ആപ്പ് പോലും ജിപിടി സാങ്കേതിക വിദ്യയിലെ ചാറ്റ് ബോട്ട് ഇവിടെ അവതരിപ്പിച്ചു കഴിഞ്ഞു.
ആഗോള തലത്തില്‍ സാന്നിധ്യമുള്ള ടെക് മഹീന്ദ്ര, സോഹോ കോര്‍പ്, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് എന്നീ ഇന്ത്യന്‍ ടെക് പുലികള്‍ നിര്‍മിത ബുദ്ധിയിലൂടെ ഉപയോക്തൃ സേവനം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങലില്‍ വലിയ പദ്ധതികള്‍ ഉള്‍പ്പെടുത്തുകയാണ്. ടെക് മഹീന്ദ്രയുടെ 'എഐ തിങ്ക് ടാങ്ക്' ഇപ്പോള്‍ തന്നെ ഇന്നൊവേഷന്‍ രംഗത്ത് സജീവമായിക്കഴിഞ്ഞിരിക്കുന്നു.