

ഇന്ത്യൻ ടെക് ലോകത്തെ ശ്രദ്ധേയമായ കമ്പനിയായ സോഹോ കോർപ്പറേഷൻ ഡിജിറ്റല്‍ പേയ്‌മെന്റ് രംഗത്തേക്ക് ശക്തമായി കടന്നുവരാൻ ഒരുങ്ങുന്നു. നിലവിൽ ബിസിനസ് സൊല്യൂഷനുകൾക്കായി 'Zoho Payments' എന്ന പേയ്‌മെന്റ് ഗേറ്റ്‌വേ ലഭ്യമാണെങ്കിലും, സാധാരണ ഉപയോക്താക്കളെ ലക്ഷ്യമിട്ടുള്ള 'സോഹോ പേ' എന്ന മൊബൈൽ പേയ്‌മെന്റ് ആപ്ലിക്കേഷൻ പുറത്തിറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
ഇതിനോടകം തന്നെ സംരംഭകർക്ക് വേണ്ടി POS ഉപകരണങ്ങളും (Point-of-Sale), ക്യൂആർ കോഡ് ഡിവൈസുകളും, പേഔട്ട് സൗകര്യങ്ങളും സോഹോ പുറത്തിറക്കിയിട്ടുണ്ട്. ഒരു സ്വതന്ത്ര ആപ്പായും മെസേജിംഗ് പ്ലാറ്റ്ഫോമായ അറട്ടൈയിലും സോഹോ പേ ലഭ്യമാകും. ഉപയോക്താക്കൾക്ക് അറട്ടൈയിലെ അവരുടെ ചാറ്റ് ഇന്റർഫേസ് വിടാതെ തന്നെ ഇടപാടുകൾ നടത്താൻ സാധിക്കും.
തങ്ങളുടെ ഉപയോക്താക്കൾക്ക് പണം സ്വീകരിക്കുന്നതിനും നൽകുന്നതിനും ഒരു ഏകീകൃത ഡിജിറ്റൽ സംവിധാനം ഒരുക്കി നൽകാനാണ് ഈ നീക്കത്തിലൂടെ കമ്പനി ലക്ഷ്യമിടുന്നത്. വായ്പ, ബ്രോക്കിംഗ്, ഇൻഷുറൻസ്, വെൽത്ത്‌ടെക് തുടങ്ങിയവയിലേക്ക് മേഖല വികസിപ്പിക്കാൻ കമ്പനി ഉദ്ദേശിക്കുന്നു.
നിലവിലുള്ള അക്കൗണ്ടിംഗ്, ഇൻവോയ്‌സിംഗ് പോലുള്ള സോഹോയുടെ ബിസിനസ് ആപ്ലിക്കേഷനുകളുമായി Zoho Payments പൂർണ്ണമായി സംയോജിപ്പിച്ചിരിക്കുന്നു. ഇത് വ്യാപാരികൾക്ക് ബില്ലിംഗ്, പണമിടപാട്, അക്കൗണ്ടിംഗ് എന്നിവ ഒരേ പ്ലാറ്റ്‌ഫോമിൽ കൈകാര്യം ചെയ്യാൻ സഹായിക്കും.
ചെറുകിട, ഇടത്തരം സംരംഭങ്ങൾ (SMEs) ഉൾപ്പെടെയുള്ള വ്യാപാരികൾക്ക് കാര്യക്ഷമമായ പേയ്‌മെന്റ് സംവിധാനം ഒരുക്കുന്നതിനോടൊപ്പം, ജനകീയമായ UPI സംവിധാനം ഉൾപ്പെടുത്തി ഉപഭോക്തൃ പേയ്‌മെന്റ് ആപ്ലിക്കേഷൻ രംഗത്തേക്ക് വരുന്നത് ഗൂഗിള്‍ പേ (Google Pay), ഫോണ്‍ പേ (PhonePe) തുടങ്ങിയ വന്‍കിട കമ്പനികള്‍ക്ക് വെല്ലുവിളിയുയര്‍ത്തും. തദ്ദേശീയമായി നിർമ്മിച്ച സാങ്കേതികവിദ്യകൾ പ്രോത്സാഹിപ്പിക്കുന്ന സോഹോയുടെ സ്ഥാപകനും സിഇഒയുമായ ശ്രീധർ വെമ്പു, ഈ പുതിയ സംരംഭത്തിലൂടെ ഇന്ത്യയുടെ ഡിജിറ്റൽ പേയ്‌മെന്റ് മേഖലയിൽ ശക്തമായ സ്വാധീനം ചെലുത്താനാണ് ലക്ഷ്യമിടുന്നത്.
Zoho palns to launch 'Zoho Pay' under Sridhar Vembu's leadership, aiming to disrupt digital payments and challenge Google Pay in India.
Read DhanamOnline in English
Subscribe to Dhanam Magazine