ഐടി മേഖലയെ കാത്തിരിക്കുന്നത് വലിയ പ്രതിസന്ധി; കാര്യക്ഷമത ഇല്ലാതെ ഇനിയും മുന്നോട്ട് പോകാനാകില്ലെന്ന് ശ്രീധര്‍ വെമ്പു

കഴിഞ്ഞ കാലങ്ങളിലെ പ്രകടനങ്ങളൊന്നും ഭാവിയിലേക്ക് വഴികാട്ടാന്‍ പ്രാപ്തമല്ല
Sridhar Vembu
Sridhar Vembucanva
Published on

നിര്‍മിത ബുദ്ധി പിടിമുറുക്കുന്ന പുതിയ കാലത്ത് ഇന്ത്യന്‍ ഐടി മേഖല വ്യത്യസ്തമായൊരു പ്രതിസന്ധിയാണ് നേരിടാനിരിക്കുന്നതെന്ന് സോഹോ സ്ഥാപകനും പ്രമുഖ ടെക് ഗവേഷകനുമായ ശ്രീധര്‍ വെമ്പു. പുത്തന്‍ സങ്കേതങ്ങള്‍ക്കപ്പുറം അടിസ്ഥാനപരമായ വെല്ലുവിളിയാണ് സോഫ്റ്റ് വെയര്‍ മേഖലയെ കാത്തിരിക്കുന്നതെന്ന് അദ്ദേഹം എക്‌സ് സന്ദേശത്തില്‍ കുറിച്ചു.

എഐയുടെ ഭീഷണിയോ ഇടക്കാല മാന്ദ്യമോ ആഗോള വ്യാപാര യുദ്ധമോ അല്ല ഈ മേഖലക്ക് പ്രതിസന്ധി. മറിച്ച് ഘടനാപരമായ വെല്ലുവിളികള്‍ വരാനിരിക്കുന്ന നിരവധി ദശാബ്ദങ്ങളില്‍ ഐടി മേഖലക്ക് നേരിടേണ്ടി വരുമെന്ന് ശ്രീധര്‍ വെമ്പു ചൂണ്ടിക്കാട്ടി.

കാര്യക്ഷമതയുടെ അഭാവം

ആഗോള തലത്തില്‍ ഐടി ഉല്‍പ്പന്നങ്ങളും സേവനങ്ങളും കാര്യക്ഷമതയില്ലായ്മയാണ് നേരിടുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രകടമായ വെല്ലുവിളികളെക്കാള്‍ വലിയ വിപത്താണ് മുന്നിലുള്ളത്. വിശാലമായ വിപണിയില്‍ കാര്യക്ഷമതയുടെ അഭാവം പ്രകടമാണ്. കുറെ വര്‍ഷങ്ങളായി ഉരുത്തിരിഞ്ഞു വന്നതാണിത്. ഐടി ഉല്‍പ്പന്നങ്ങളുടെയും സേവനങ്ങളുടെയും പ്രധാന കയറ്റുമതി രാജ്യമാണ് ഇന്ത്യ. എന്നിട്ടും മികവില്ലാത്ത ആഗോള ഐടി സംവിധാനത്തെയാണ് ഇന്ത്യയും പിന്തുടരുന്നത്. അദ്ദേഹം പറഞ്ഞു.

തൊഴില്‍ പ്രതിസന്ധി

ഇന്ത്യയിലെ ദശലക്ഷക്കണക്കിന് ഐടി പ്രൊഫഷണലുകള്‍ കാര്യക്ഷമതയില്ലാത്ത അന്തരീക്ഷത്തിലാണ് ജോലി ചെയ്യുന്നതെന്ന ആശങ്കയും ശ്രീധര്‍ വെമ്പു പങ്കുവെച്ചു. ഇന്ത്യയില്‍ നിര്‍മാണ, അടിസ്ഥാന വികസന മേഖലകളില്‍ ഉപയോഗപ്പെടുത്തേണ്ട തൊഴില്‍ ശക്തിയാണ് ഇത്തരത്തില്‍ വഴി മാറി പോകുന്നത്. ദീര്‍ഘ കാലം നിലനില്‍ക്കാന്‍ സാധ്യതയുള്ള പ്രതിസന്ധിയാണ് ഐടി മേഖലയെ ബാധിക്കാനിരിക്കുന്നത്. ഘടനാപരമായ മാറ്റം സംഭവിക്കും.

കഴിഞ്ഞ 30 വര്‍ഷത്തിലുണ്ടായ പ്രവര്‍ത്തനങ്ങളൊന്നും ഭാവിയിലേക്ക് വഴികാട്ടാന്‍ കരുത്തുള്ളതല്ല. പുതിയ വെല്ലുവിളികളെ നേരിടാന്‍ ഐടി മേഖലയെ നയിക്കുന്നവര്‍ തയ്യാറെടുക്കണം-ശ്രീധര്‍ വെമ്പു പറഞ്ഞു.

ആഗോള ഐടി മേഖല പുതിയ മാറ്റങ്ങള്‍ക്കിടയില്‍ കടുത്ത വെല്ലുവിളികളെ അഭിമുഖീകരിക്കുന്നയാണെന്ന ആശങ്കകള്‍ക്കിടയിലാണ് ശ്രീധര്‍ വെമ്പുവിന്റെ നിരീക്ഷണം. എഐയുടെ വ്യാപനത്തോടെ പരമ്പരാഗത ഐടി മേഖലയില്‍ അടിമുടി മാറ്റം വരുമെന്നാണ് മേഖലയിലെ ഗവേഷകര്‍ പൊതുവെ ആശങ്ക ഉയര്‍ത്തിയിട്ടുള്ളത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com