നിര്‍മിത ബുദ്ധിയുമായി കൈകോര്‍ത്ത് സോമാറ്റോയും
ഓണ്‍ലൈന്‍ ഭക്ഷണ വിതരണ പ്ലാറ്റ്ഫോമായ സൊമാറ്റോ ജനറേറ്റീവ് നിര്‍മിത ബുദ്ധി (എ.ഐ) ഉപയോഗിക്കാന്‍ തുടങ്ങി. ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സേവനങ്ങള്‍ ഉറപ്പാക്കാനാണ് കമ്പനി നിര്‍മിത ബുദ്ധി ഉപയോഗിക്കാന്‍ തുടങ്ങിയതെന്ന് ദി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് പറയുന്നു.
പദ്ധതികൾ ഏറെ
ഉല്‍പ്പന്നങ്ങളുടെ ഫോട്ടോഗ്രാഫി, ഉപഭോക്തൃ പിന്തുണ തുടങ്ങിയവയ്ക്ക് പുറമെ സെര്‍ച്ച്, നോട്ടിഫിക്കേഷനുകള്‍ തുടങ്ങിയ മറ്റ് നിരവധി ഫീച്ചറുകളിലേക്ക് നിര്‍മിത ബുദ്ധി സംയോജിപ്പിക്കുന്നതിലാണ് സൊമാറ്റോ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
നിര്‍മിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനും ഡേറ്റ സയന്‍സ്, മെഷീന്‍ ലേണിംഗ്, നാച്ചുറല്‍ ലാംഗ്വേജ് പ്രോസസ്സിംഗ് (NLP) ജോലികള്‍ക്കായി എന്‍ജിനീയര്‍മാരെ നിയമിക്കുന്നതിനും സൊമാറ്റോ പദ്ധതിയിട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു.
പല കമ്പനികളും
ഓപ്പണ്‍ എ.ഐ ചാറ്റ്ജിപിടി ആരംഭിച്ചതു മുതല്‍ ജനറേറ്റീവ് എ.ഐയുടെ പിന്നാലെയാണ് പല കമ്പനികളും. നിരവധി കമ്പനികള്‍ അവരുടെ ആപ്പുകളിലും സോഫ്റ്റ്വെയര്‍ ഇന്റര്‍ഫേസുകളിലും ഉപഭോക്തൃ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് ജനറേറ്റീവ് നിര്‍മിത ബുദ്ധി ഉപയോഗിക്കാന്‍ തുടങ്ങി.