നേട്ടം കൊയ്യാന്‍ ബിറ്റ്‌കോയിനും മറ്റ് ഡിജിറ്റല്‍ കറന്‍സികളും

നേട്ടം കൊയ്യാന്‍ ബിറ്റ്‌കോയിനും മറ്റ് ഡിജിറ്റല്‍ കറന്‍സികളും
Published on

ഷിഹാബുദ്ദീന്‍ പി.കെ

ബിറ്റ്‌കോയിന്‍ എന്നൊരു ഡിജിറ്റല്‍ ക്രിപ്‌റ്റോ കറന്‍സി ലോകത്തു പ്രചാരത്തിലുണ്ടെന്ന് പലര്‍ക്കും അറിയാം. ബിറ്റ്‌കോയിനെപ്പറ്റി കൂടുതല്‍ അറിയാനും ക്രയവിക്രയം ചെയ്യുവാനും കൂടുതല്‍ പേര്‍ താല്‍പ്പര്യപ്പെടുന്നത് നിക്ഷേപമെന്ന നിലയിലുള്ള അതിന്റെ കുതിച്ചുകയറ്റം കൊണ്ടു തന്നെയാണ്. മറ്റേതൊരു നിക്ഷേപത്തേയും പോലെതന്നെ ക്രിപ്‌റ്റോ കറന്‍സിയെ കുറിച്ചും അറിഞ്ഞിരിക്കേണ്ടത് നിക്ഷേപകന്റെ ബാധ്യതയാണ്.

വിപണിയിലുളള ക്രിപ്‌റ്റോ കറന്‍സികള്‍ ഏതെല്ലാം?

പേര് കൊണ്ട് ഏറെ സുപരിചിതം ബിറ്റ്‌കോയിന്‍ ആണെങ്കിലും വിപണിയിലെ താരം എതേറിയം ആണ്. ബിറ്റ്‌കോയിന്‍ വിപ്ലവത്തിനു പിന്നാലെ 2014ല്‍ അവതരിച്ച മറ്റൊരു ക്രിപ്‌റ്റോ കറന്‍സിയാണ് ഇതെറിയം.

ഉപയോഗത്തിലും പ്രചാരത്തിലും മൂല്യത്തിലും ഒന്നാം സ്ഥാനത്ത് ബിറ്റ്‌കോയിനും രണ്ടാം സ്ഥാനത്ത് എതേറിയവും ആണെന്നത് സത്യം. എന്നാല്‍, ആ പട്ടികയില്‍ ഇവ രണ്ടും പോലെ പ്രവര്‍ത്തിക്കുന്ന ക്രിപ്‌റ്റോ കറന്‍സികള്‍ വേറെയുമുണ്ട്. ഒന്നും രണ്ടുമല്ല, ആയിരക്കണക്കിന്. ദിവസം ഒന്നോ രണ്ടോ എണ്ണം എന്ന വീതം പുതിയവ വന്നുകൊണ്ടുമിരിക്കുന്നു. റിപ്പിള്‍, ലൈറ്റ്‌കോയിന്‍, എതേറിയം ക്ലാസിക്, നെം, ഡാഷ്, അയോട്ട, ബിറ്റ്‌ഷെയേഴ്‌സ്, ട്രംപ് എന്നിങ്ങനെ പോകുന്നു ക്രിപ്‌റ്റോ കറന്‍സികളുടെ പേരുകള്‍.ഓരോന്നിന്റെയും മൂല്യവും വ്യത്യസ്തമാണ്. ചിലതിനു ലക്ഷങ്ങള്‍ വില വരുമ്പോള്‍ മറ്റു ചിലതു വെറും 10 രൂപയില്‍ താഴെ വരെ ലഭ്യമാണ്. ഓഹരിവില പോലെ ഇവ അനുനിമിഷം മാറിക്കൊണ്ടുമിരിക്കും. വില നിലവാരം നിര്‍ണയിക്കുന്നത് വളരെ വിശ്വാസയോഗ്യമായ ക്രയവിക്രയങ്ങളും മറ്റു ഘടകങ്ങളും അനുസരിച്ചാണ്. യുഎസ് ഡോളറിനെ സൂചിപ്പിക്കാന്‍ ഡടഉ, ഇന്ത്യന്‍ റുപ്പിയെ സൂചിപ്പിക്കാന്‍ കചഞ എന്നൊക്കെ പറയുന്നതുപോലെ ഓരോ ക്രിപ്‌റ്റോകറന്‍സിക്കും സൂചകങ്ങളുണ്ട്. ആഠഇ എന്നാല്‍ ബിറ്റ്‌കോയിന്‍, ഋഠഒ എന്നാല്‍ എതേറിയം.

മൂല്യനിര്‍ണയം

ക്രിപ്‌റ്റോ കറന്‍സികളുടെ വില നിര്‍ണയിക്കുന്നത് വിശ്വാസയോഗ്യമായ ക്രയവിക്രയങ്ങളും മറ്റു ഘടകങ്ങളും അനുസരിച്ചാണ്. മൈന്‍ ചെയ്‌തെടുക്കുവാനുള്ള ബൂദ്ധിമുട്ടാണ് ഇതില്‍ പ്രധാനം. ഉദാഹരണത്തിന്, ബിറ്റ്‌കോയിന്‍ ഇറങ്ങിയ സമയത്ത്, ഒരു ലാപ്‌ടോപ്പോ ഡെസ്‌ക്‌ടോപ്പോ ഉപയോഗിച്ച് മൈനിംഗ് സാധ്യമായിരുന്നു. എന്നാല്‍ ഇന്ന് സ്ഥിതി തികച്ചും വ്യത്യസ്തമാണ്. വളരെയധികം കംപ്യൂട്ടിംഗ് പവര്‍ ഉള്ള ഗ്രാഫിക്‌സ് കാര്‍ഡുകളും, മെമ്മറിയുള്ള കംപ്യൂട്ടറുകളും വേണമെന്ന് മാത്രമല്ല, ഒട്ടേറെ സമയം ചെലവഴിക്കുകയും വേണം. കൂടാതെ ഒരേസമയം അനേകം മൈനര്‍മാരുമായി മല്‍സരിച്ചേ ഇന്ന് ബിറ്റ്‌കോയിന്‍ മൈനിംഗ് സാധ്യമാകു. സ്വര്‍ണം കുഴിച്ചെടുക്കാനുള്ള ചെലവ് കൂടുമ്പോള്‍ സ്വര്‍ണ വില ഉയരുന്നത് പോലെ തന്നെ സ്വാഭാവികമായും ഇവിടെ ബിറ്റ്‌കോയിന്‍ വില ഉയരുന്നു. മറ്റൊന്ന് ക്രയവിക്രയമാണ്. ലോകത്ത് ഇന്ന് ബിറ്റ്‌കോയിന്‍ ക്രയവിക്രയങ്ങള്‍ വളരെ അധികം വര്‍ധിച്ചിരിക്കുന്നു. ഓണ്‍ലൈന്‍ ക്രയവിക്രയങ്ങള്‍ കൂടാതെ ചില റെസ്റ്റൊറന്റുകളും വിനോദ കേന്ദ്രങ്ങളും ബിറ്റ്‌കോയിന്‍ കാര്‍ഡുകള്‍ സ്വീകരിച്ചു തുടങ്ങിയിരിക്കുന്നു. നിക്ഷേപത്തിന് വേണ്ടി ബിറ്റ്‌കോയിന്‍ വാങ്ങുന്നവരും കുറവല്ല. അങ്ങനെ വിപണിയിലെ ആവശ്യക്കാര്‍ കൂടുന്നതിനനുസരിച്ചും ബിറ്റ്‌കോയിന്‍ വില വര്‍ധിക്കുന്നു.

മറ്റൊന്ന് ക്രിപ്‌റ്റോ കറന്‍സി വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്ന കമ്പനികളുടെ മറ്റു ബിസിനസ് മേഖലകളിലെ വളര്‍ച്ചയാണ്. ഉദാഹരണത്തിന്, ഒരു ക്രിപ്‌റ്റോകറന്‍സി കമ്പനി അവരുടെ റെക്കോര്‍ഡ് കീപ്പിംഗിനുള്ള ബ്ലോക്ക് ചെയ്ന്‍ വികസിപ്പിക്കുവാന്‍ വേണ്ടി ക്രിപ്‌റ്റോ കറന്‍സി ഇറക്കുമ്പോള്‍, ആ ഉല്‍പ്പന്നത്തിന്റെ വിപണി വളര്‍ച്ച ഈ കമ്പനിയുടെ ക്രിപ്‌റ്റോ കറന്‍സിയുടെ മൂല്യത്തിലും മാറ്റം വരുത്തുന്നു.

ക്രിപ്‌റ്റോ കറന്‍സികള്‍ എത്രത്തോളം സുരക്ഷിതമാണ്?

ബ്ലോക്‌ചെയ്ന്‍ സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ ക്രിപ്‌റ്റോ കറന്‍സികള്‍ ഏറെ സുരക്ഷിതമാണ്. ബ്ലോക് ചെയ്ന്‍ സാങ്കേതികവിദ്യ സുരക്ഷിതമാണെങ്കിലും ഓരോരുത്തരുടെയും സ്വകാര്യ എക്കൗണ്ട് ആയ ബിറ്റ്‌കോയിന്‍ വാലറ്റ് ഹാക്ക് ചെയ്യപ്പെടാനുള്ള സാധ്യതയുണ്ട്. നിലവിലെ ബാങ്കിംഗ് സംവിധാനങ്ങളെക്കാള്‍ ഏറെ സുരക്ഷിതമാണ് ക്രിപ്‌റ്റോ കറന്‍സികള്‍ എന്ന് വേണമെങ്കില്‍ പറയാം.

നിയമപരമായ വശങ്ങള്‍

നിലവില്‍ ചൈന ഒഴികെ ഒരു രാജ്യവും ക്രിപ്‌റ്റോ കറന്‍സി നിരോധിച്ചിട്ടില്ല. ജപ്പാന്‍ പോലെയുള്ള രാജ്യങ്ങള്‍ ക്രിപ്‌റ്റോ കറന്‍സി അംഗീകരിക്കുകയും ചെയ്യുന്നു. ഇന്ത്യ പോലുള്ള രാജ്യത്തു ക്രിപ്‌റ്റോ കറന്‍സി അംഗീകരിക്കുകയോ നിരോധിക്കുകയോ ചെയ്തിട്ടില്ലാത്തതിനാല്‍ ഓണ്‍ലൈന്‍ വഴിയുള്ള ക്രയവിക്രയങ്ങള്‍ സാധൂകരിക്കപ്പെടുന്നതാണ്. പക്ഷെ എന്തെങ്കിലും സംഭവിച്ചു നമ്മുടെ വാലറ്റ് ചോര്‍ത്തപ്പെട്ടാല്‍ നിയമപരമായി അതിനെ നേരിടുക പ്രയാസമായിരിക്കും.

വിശ്വാസ്യത

നിലവിലെ ക്രിപ്‌റ്റോ കറന്‍സികളായ ബിറ്റ്‌കോയിന്‍, എതേറിയം, ലൈറ്റ്‌കോയിന്‍ തുടങ്ങിയ എല്ലാ കറന്‍സികളും വളരെ വിശ്വസ്തവും ജനകീയവുമാണ്. എന്നിരുന്നാലും വ്യാജന്മാരും വന്നു കൂടായ്കയില്ല. മൂല്യത്തിലെ വ്യതിയാനവും മറ്റു പ്രശ്‌നങ്ങളും ഇടയ്ക്കിടെ വലിയ നഷ്ടങ്ങളുമുണ്ടാക്കുമെന്നതും വിസ്മരിക്കാനാവില്ല. രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധങ്ങളോ മറ്റു ദുരിതങ്ങളോ പ്രകൃതി ക്ഷോഭങ്ങളോ ഒന്നും തന്നെ രാജ്യങ്ങളുടെ അതിര്‍വരമ്പുകള്‍ ഇല്ലാത്ത ക്രിപ്‌റ്റോ കറന്‍സിയെ ബാധിക്കില്ല എന്നതിനാല്‍ അടിത്തറ ശക്തമാണ്.

സ്റ്റാര്‍ട്ടപ്പ്, msme ബിസിനസ് സ്ഥാപനങ്ങള്‍ക്ക് സോഫ്റ്റ്‌വെയര്‍ സൊല്യൂഷന്‍സ് കണ്‍സള്‍ട്ടിംഗ് നല്‍കുന്ന വിന്‍വിയസ് ടെക്‌നോ സൊല്യൂഷന്‍സ് എന്ന സ്ഥാപനത്തിന്റെ സ്ഥാപകനും സി.ഇ.ഒ യും ആണ് ലേഖകന്‍. ഇ-മെയ്ല്‍: shihab@winwius.com, www.winwius.com

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com