ഈ സുന്ദര രാജ്യത്തേക്കും ഇനി ഇന്ത്യക്കാര്‍ക്ക് വീസയില്ലാതെ പറക്കാം

ടൂറിസം മേഖലയെ ഉത്തേജിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ത്യയ്ക്കും ചൈനയ്ക്കും വീസ രഹിത പ്രവേശനവുമായി വിയറ്റ്‌നാം. വിയറ്റ്‌നാം പ്രധാനമന്ത്രി ഫാം മിന്‍ ചിന്‍ അധ്യക്ഷനായ യോഗത്തിലാണ് തീരുമാനമെന്ന് വിയറ്റ്‌നാമീസ് വാര്‍ത്താ ഏജന്‍സിയായ വി.എന്‍.എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ ജര്‍മ്മനി, ഫ്രാന്‍സ്, സ്വീഡന്‍, ഇറ്റലി, സ്‌പെയിന്‍, ഡെന്‍മാര്‍ക്ക്, ഫിന്‍ലാന്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്കാണ് വിയറ്റ്‌നാമിലേക്ക് വീസ രഹിത യാത്ര നടത്താന്‍ കഴിയുന്നത്.

60% അധിക സഞ്ചാരികളെ പ്രതീക്ഷിക്കുന്നു

ഇന്ത്യയില്‍ നിന്ന് 2023 ജനുവരി-മേയില്‍ 1.41 ലക്ഷം സഞ്ചാരികളാണ് വിയറ്റ്‌നാമിലെത്തിയത്. ഈ വര്‍ഷം ആകെ 5 ലക്ഷം ഇന്ത്യന്‍ സഞ്ചാരികളെ വിയറ്റ്‌നാം പ്രതീക്ഷിക്കുന്നു. വിയറ്റ്‌നാം ടൂറിസത്തിന്റെ ഏറ്റവും വലിയ 10 വിപണികളിലൊന്നാണ് ഇന്ത്യയെന്ന് വിയറ്റ്‌നാം ടൂറിസം മന്ത്രി ന്യൂയെന്‍ തന്‍ ഹായ് പറഞ്ഞു. കൊവിഡിന് മുമ്പ് പ്രതിവര്‍ഷം കേരളത്തില്‍ നിന്ന് ശരാശരി 11,000 വിനോദ സഞ്ചാരികള്‍ വിയറ്റ്‌നാമില്‍ എത്തിയിരുന്നു. പുതിയ സര്‍വീസിന്റെ കരുത്തില്‍ ഈ വര്‍ഷം 60 ശതമാനം അധിക സഞ്ചാരികളെ പ്രതീക്ഷിക്കുന്നു. അടുത്തിടെ കൊച്ചിയില്‍ നിന്ന് വിയറ്റ്ജെറ്റ് സര്‍വീസ് ആരംഭിച്ചിരുന്നു.

Read also: കൊച്ചിയില്‍ നിന്ന് നേരിട്ട് വിയറ്റ്‌നാമിലേക്ക് പറക്കാം, 5,555 രൂപയ്ക്ക്

അമേരിക്ക, ഓസ്‌ട്രേലിയ, കാനഡ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്കും യൂറോപ്യന്‍ യൂണിയനിലെ 20 അംഗങ്ങള്‍ക്കും ഇളവ് നല്‍കാനും നിര്‍ദേശമുണ്ട്. തിരഞ്ഞെടുത്ത ചില രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് 90 ദിവസത്തെ സാധുതയുള്ള ഇ-വീസകളും വിയറ്റ്‌നാം നല്‍കും. ഏകദേശം 1 കോടി വിദേശ വിനോദ സഞ്ചാരികളാണ് 2023ലെ ആദ്യ പത്ത് മാസങ്ങളില്‍ വിയറ്റ്‌നാമില്‍ എത്തിയത്. 2022നെ അപേക്ഷിച്ച് 4.6 മടങ്ങ് വര്‍ധന. ഈ വര്‍ഷം ഓഗസ്റ്റ് മുതല്‍ വിയറ്റ്‌നാം എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള വ്യക്തികള്‍ക്കായി ഇ-വീസ നല്‍കാന്‍ തുടങ്ങിയിരുന്നു. ഈ ഇ-വീസകള്‍ക്ക് 90 ദിവസത്തെ സാധുതയുണ്ട്.

ശ്രീലങ്ക, തായ്‌ലൻഡ് എന്നീ രാജ്യങ്ങള്‍ അടുത്തിടെ ഇന്ത്യക്കാര്‍ക്ക് വീസ രഹിത പ്രവേശനം അനുവദിച്ചിരുന്നു. നവംബര്‍ മുതല്‍ ആറ് മാസത്തേക്കാണ് തായ്‌ലൻഡിലേക്കുളള വീസ ഇളവുകള്‍ അനുവദിച്ചിരിക്കുന്നത്. അടുത്ത വര്‍ഷം മാര്‍ച്ച് 31 വരെയാണ് ശ്രീലങ്കയുടെ ഇളവ്. ഇന്ത്യയ്ക്ക് പുറമെ ചൈന, റഷ്യ, ജപ്പാന്‍, ഇന്തോനേഷ്യ, മലേഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും ശ്രീലങ്ക ഇളവ് നല്‍കിയിരുന്നു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it