വരുമാനം ₹35,000 കോടി കടന്നു, സന്ദര്‍ശകരും കൂടി; കേരള ടൂറിസത്തില്‍ പുത്തനുണര്‍വ്

പ്രളയവും കൊവിഡും ഉള്‍പ്പെടെയുള്ള തിരിച്ചടികളില്‍ നിന്ന് കേരളത്തിന്റെ വിനോദ സഞ്ചാരമേഖല അതിവേഗം തിരിച്ചുകയറുന്നു. സംസ്ഥാന ടൂറിസം വകുപ്പില്‍ നിന്നുള്ള റിപ്പോര്‍ട്ട് പ്രകാരം, കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2022-23) കേരളത്തിലെത്തിയ വിനോദ സഞ്ചാരികള്‍ 2.05 കോടിപ്പേരാണ്. 2021-22ലെ 92.21 ലക്ഷത്തേക്കാള്‍ 122.35 ശതമാനം അധികമാണിത്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷമെത്തിയ സന്ദര്‍ശകരില്‍ രണ്ട് കോടിപ്പേരും ആഭ്യന്തര വിനോദ സഞ്ചാരികളാണ്. കേരളത്തിലുള്ളവര്‍ക്ക് പുറമേ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുമാണ് ആഭ്യന്തര സഞ്ചാരികള്‍. 2021-22ലെ 91.32 ലക്ഷത്തില്‍ നിന്ന് 119.10 ശതമാനം വര്‍ദ്ധനയോടെയാണ് കഴിഞ്ഞവര്‍ഷം ആഭ്യന്തര സന്ദര്‍ശകര്‍ രണ്ടുകോടി കടന്നത്. കഴിഞ്ഞവര്‍ഷം കേരളം കണ്ട വിദേശ വിനോദ സഞ്ചാരികളുടെ എണ്ണം 89,545ല്‍ നിന്ന് 454 ശതമാനം കുതിച്ച് 4.95 ലക്ഷത്തിലെത്തി.
മുന്നില്‍ എറണാകുളവും തിരുവനന്തപുരവും
കഴിഞ്ഞവര്‍ഷം ഏറ്റവുമധികം വിനോദ സഞ്ചാരികളെ വരവേറ്റത് എറണാകുളമാണ്; 2021-22നേക്കാള്‍ 127.03 ശതമാനം വളര്‍ച്ചയോടെ 45.54 ലക്ഷം പേര്‍. തിരുവനന്തപുരത്ത് 129.03 ശതമാനം വര്‍ദ്ധനയോടെ 34.02 ലക്ഷം പേരെത്തി. ഇടുക്കി സന്ദര്‍ശിച്ചവര്‍ 29.75 ലക്ഷം പേരാണ്; വര്‍ദ്ധന 151.59 ശതമാനം. കൊവിഡാനന്തരം പൂരം വീണ്ടും ആവേശം വീണ്ടെടുത്ത തൃശൂരില്‍ 22.71 ലക്ഷം പേരെത്തി; വര്‍ദ്ധന 180 ശതമാനം.
വരുമാനവും കുതിക്കുന്നു
2022ല്‍ 35,168.42 കോടി രൂപയാണ് കേരളത്തിന്റെ ടൂറിസം മേഖല നേടിയ വരുമാനമെന്ന് ടൂറിസം വകുപ്പിന്റെ കണക്ക് വ്യക്തമാക്കുന്നു. 2021ലെ 12,285.91 കോടി രൂപയേക്കാള്‍ 186.25 ശതമാനം അധികമാണിത്.
കൊവിഡ് ഉള്‍പ്പെടെയുള്ള തിരിച്ചടികളില്‍ കൂപ്പുകുത്തിയ വരുമാനമാണ് കേരള ടൂറിസം തിരിച്ചുപിടിക്കുന്നത്. 2018ല്‍ 36,258.01 കോടി രൂപയും 2019ല്‍ 45,010.69 കോടി രൂപയും വരുമാനം കേരള ടൂറിസം നേടിയിരുന്നു. 2020ല്‍ വരുമാനം 55,000 കോടി രൂപ കവിയുമെന്ന് പ്രതീക്ഷിച്ചിരിക്കേയാണ് കൊവിഡ് ആഞ്ഞടിച്ചത്. തുടര്‍ന്ന്, ആ വര്‍ഷത്തെ വരുമാനം 11,335.96 കോടി രൂപയിലേക്ക് കൂപ്പുകുത്തുകയായിരുന്നു.
അതിവേഗം തിരിച്ചുകയറ്റം
കൊവിഡ് ഭീതിയും നിയന്ത്രണങ്ങളും അയഞ്ഞതോടെയാണ് കേരളത്തിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് വീണ്ടും സജീവമായതും വരുമാനം കൂടിയതും. പുതിയ ടൂറിസം കേന്ദ്രങ്ങളുടെ ഉദയം, പുതിയ ടൂറിസം പദ്ധതികളുടെ അവതരണം എന്നിവയും നേട്ടമായി.
സാഹസിക ടൂറിസം, കാരവന്‍ ടൂറിസം, വിവാഹ ടൂറിസം (വെഡിംഗ് ഡെസ്റ്റിനേഷന്‍), ഹെലികോപ്ടര്‍ ടൂറിസം തുടങ്ങിയ പദ്ധതികളിലൂടെ കൂടുതല്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനുള്ള ശ്രമത്തിലാണ് ടൂറിസം വകുപ്പ്.
Anilkumar Sharma
Anilkumar Sharma  

Assistant Editor

Related Articles
Next Story
Videos
Share it