തായ്‌ലന്‍ഡിലേക്കുള്ള ഇ-വീസ ഫീസ് വെട്ടിക്കുറയ്ക്കുന്നു

ഇന്ത്യക്കാര്‍ക്ക് നേട്ടമാകും; ഇ-വീസ കാലാവധി കൂട്ടാനും സാദ്ധ്യത
floating market, Thailand
തായ്‌ലന്‍ഡിലെ പ്രസിദ്ധമായ ഒഴുകുന്ന മാര്‍ക്കറ്റ് (floating market, Thailand), Image: tourismthailand
Published on

തെക്ക്-കിഴക്കനേഷ്യന്‍ ദ്വീപ് രാഷ്ട്രമായ തായ്‌ലന്‍ഡ് (Thailand) വിനോദ സഞ്ചാരമേഖലയില്‍ നിന്നുള്ള വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഇ-വീസ (E-Visa) ചട്ടങ്ങളില്‍ ഉള്‍പ്പെടെ കൂടുതല്‍ ഇളവുകള്‍ നല്‍കാനൊരുങ്ങുന്നു. തായ്‌ലന്‍ഡിന്റെ പ്രധാനമന്ത്രിയായി ചുമതലയേറ്റ ശ്രേതാ തവിസിന്റെ നിര്‍ദേശപ്രകാരമാണ് നടപടികള്‍. ഇന്ത്യ, ചൈന, ബെലറൂസ്, റഷ്യ, ഖസാക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് കൂടുതല്‍ ഇളവ് ലഭ്യമാക്കുകയെന്നാണ് സൂചന.

നിലവില്‍ തായ്‌ലന്‍ഡിലേക്ക് എത്തുന്ന വിനോദ സഞ്ചാരികളില്‍ രണ്ടാംസ്ഥാനത്താണ് ഇന്ത്യക്കാര്‍. ഇപ്പോള്‍ 15 ദിവസത്തേക്കുള്ള ഇ-വീസ ലഭിക്കാന്‍ ഇന്ത്യക്കാര്‍ 2,000 ബാത്ത് (തായ്‌ലന്‍ഡ് കറന്‍സി/ഏകദേശം 4,700 രൂപ) കൊടുക്കണം. ഈ നിരക്ക് വെട്ടിക്കുറച്ചേക്കും. മാത്രമല്ല, ഇ-വീസ കാലാവധി കൂട്ടാനും സാദ്ധ്യതയുണ്ട്. സഞ്ചാരികള്‍ക്ക് ഓണ്‍ലൈനായി അതിവേഗം സ്വന്തമാക്കാവുന്നതാണ് ഇ-വീസ.

വരുമാനം കൂട്ടുക ലക്ഷ്യം

2022ല്‍ ഏകദേശം 1.12 കോടി വിദേശ വിനോദ സഞ്ചാരികളാണ് തായ്‌ലന്‍ഡില്‍ എത്തിയത്. ഇതില്‍ പത്ത് ലക്ഷത്തോളം പേര്‍ ഇന്ത്യയില്‍ നിന്നായിരുന്നു. ഈ വര്‍ഷം തായ്‌ലന്‍ഡ് പ്രതീക്ഷിക്കുന്നത് മൂന്ന് കോടി വിദേശ സഞ്ചാരികളെയാണ്. ഓഗസ്റ്റ് ആയപ്പോഴേക്കും തന്നെ വിദേശ സഞ്ചാരികളുടെ എണ്ണം 1.7 കോടി കവിഞ്ഞിട്ടുണ്ട്.

നിലവില്‍ 6,450 കോടി ഡോളറാണ് (5.33 ലക്ഷം കോടി രൂപ) ടൂറിസത്തില്‍ നിന്നുള്ള തായ്‌ലന്‍ഡിന്റെ പ്രതിവര്‍ഷ വരുമാനം. അടുത്ത വര്‍ഷത്തോടെ ഇത് 10,000 കോടി ഡോളറാക്കുകയാണ് (8.27 ലക്ഷം കോടി രൂപ) പ്രധാനമന്ത്രി ശ്രേതാ തവിസിന്‍ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി വീസയില്ലാതെ തായ്‌ലന്‍ഡിലേക്ക് എത്താവുന്ന രാജ്യങ്ങളുടെ എണ്ണം ഉയര്‍ത്തും. തായ്‌ലന്‍ഡിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകളുടെ എണ്ണം ഉയര്‍ത്താനും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. 

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com