സൂക്ഷിക്കുക, 2019ല്‍ സൈബര്‍ ക്രൈം തോത് ഉയരാം

ലക്ഷക്കണക്കിന് ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളുടെ വിവരങ്ങള്‍ ചോര്‍ത്തി അവയുടെ ഡ്യൂപ്ലിക്കേറ്റ് വില്‍പ്പനയ്ക്ക് വെച്ച വാര്‍ത്ത് കേട്ട് ഞെട്ടിയിരിക്കുകയാണ് കേരളം. നിരവധിപ്പേരുടെ പണം വരും നാളുകളില്‍ നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നിരവധിപ്പേരെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.

പുതുവര്‍ഷത്തിലും ആശ്വസിക്കാന്‍ സാഹചര്യമില്ല. വരും വര്‍ഷം ഇത്തരത്തിലുള്ള തട്ടിപ്പുകളും സൈബര്‍ കുറ്റകൃത്യങ്ങളും കൂടും എന്ന മുന്നറിയിപ്പാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
സ്ഥാപനങ്ങളെ ബാധിക്കുന്ന സൈബര്‍ കുറ്റകൃത്യങ്ങള്‍ വരും വര്‍ഷം ഇരട്ടിയാകാനുള്ള സാധ്യതയാണ് വിദഗ്ധര്‍ നല്‍കുന്നത്. ഇതിനുള്ള സൂചനയായി 2018 മൂന്നാം പാദത്തില്‍ മാത്രം 26 മില്യണ്‍ സൈബര്‍ ഭീഷണികളാണ് ഇന്ത്യന്‍ കമ്പനികള്‍ നേരിട്ടത്.

മൈക്രോസോഫ്റ്റിന്റെ സഹായത്തോടെ നടന്ന പഠനത്തില്‍ തെളിഞ്ഞത് വന്‍കിട സ്ഥാപനങ്ങള്‍ക്ക് ഇത്തരം സൈബര്‍ കുറ്റകൃത്യങ്ങള്‍ വഴി ശരാശരി 10.3 മില്യണ്‍ ഡോളറും ഇടത്തരം സംരംഭങ്ങള്‍ക്ക് ശരാശരി 11,000 ഡോളറും നഷ്ടപ്പെടുന്നുണ്ടെന്നാണ്. ദിനംപ്രതി കമ്പനികള്‍ നേരിടുന്നത് 24,000 സൈബര്‍ ആക്രമണങ്ങളാണത്രെ.

ഈ സാഹചര്യത്തില്‍ 2019 കമ്പനികളെ സംബന്ധിച്ചടത്തോളം കടുത്ത വര്‍ഷം തന്നെയായിരിക്കും എന്ന് വിദഗ്ധര്‍ ഓര്‍മ്മിപ്പിക്കുന്നു. വളരെ തന്ത്രപരമായ നിലപാടായിരിക്കും തട്ടിപ്പുകാര്‍ എടുക്കുന്നത്. ഉയര്‍ന്നുവരുന്ന സാങ്കേതികവിദ്യകളായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയിലേക്ക് തട്ടിപ്പുകള്‍ കടന്നുവരും. കൂടുതല്‍ കമ്പനികള്‍ ക്ലൗഡിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ ക്ലൗഡ് ഇന്‍ഫ്രാസ്ട്രക്ചറിലും ആക്രമണം പ്രതീക്ഷിക്കാം. ദുര്‍ബലമായ സെക്യൂരിറ്റി സംവിധാനത്തില്‍ ഇവര്‍ക്ക് ജോലി എളുപ്പമാകും. എന്നാല്‍ കമ്പനികള്‍ മാത്രമല്ല, സാമ്പത്തിക തട്ടിപ്പുകള്‍ക്കെതിരെ വ്യക്തികളും പ്രത്യേക ജാഗ്രത പുലര്‍ത്തണം.

Related Articles
Next Story
Videos
Share it