ചൈനക്കാരുടെ മൂലക പ്രയോഗത്തില്‍ അടി തെറ്റി വാഹന നിര്‍മാതാക്കള്‍, ബജാജും ടി.വി.എസും ഏഥറും ഇരുചക്ര വാഹന നിര്‍മാണം കുറക്കുന്നു; ട്രംപ് അറിയുന്നുണ്ടോ?

അപൂര്‍വ മൂലകങ്ങളുടെ ക്ഷാമം തുടര്‍ച്ചയായ നാലാം മാസവും തുടരുന്നത് വാഹന നിര്‍മാണ മേഖലയുടെ വളര്‍ച്ചയെ സാരമായി ബാധിച്ചതായും റിപ്പോര്‍ട്ട്
ola factory
olaelectric.com
Published on

ചൈനയില്‍ നിന്നുള്ള അപൂര്‍വ മൂലകങ്ങളുടെ (Heavy rare earth magnets) വരവ് കുറഞ്ഞതിനെ തുടര്‍ന്ന് ഇലക്ട്രിക് വാഹനങ്ങളുടെ ഉത്പാദനം വെട്ടിക്കുറക്കാനൊരുങ്ങി ഇന്ത്യന്‍ ഇരുചക്ര വാഹന നിര്‍മാതാക്കള്‍. ബജാജ്, ടി.വി.എസ്, ഏഥര്‍ തുടങ്ങിയ മുന്‍നിര കമ്പനികള്‍ ഈ മാസം ഉത്പാദനം കുറക്കുമെന്ന് ദി ഇക്കണോമിക്‌സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അപൂര്‍വ മൂലകങ്ങളുടെ ക്ഷാമം തുടര്‍ച്ചയായ നാലാം മാസവും തുടരുന്നത് വാഹന നിര്‍മാണ മേഖലയുടെ വളര്‍ച്ചയെ സാരമായി ബാധിച്ചതായും റിപ്പോര്‍ട്ടില്‍ തുടരുന്നു.

നിലവിലെ ഉത്പാദനം പകുതിയായി കുറക്കാനാണ് ബജാജിന്റെ തീരുമാനം. പ്രധാനമായും ബജാജിന്റെ ഹിറ്റ് മോഡല്‍ ചേതക് ഇ.വിയെയാണ് പ്രതിസന്ധി ബാധിച്ചിരിക്കുന്നതെന്നാണ് കമ്പനി വൃത്തങ്ങള്‍ പറയുന്നത്. ബംഗളൂരു ആസ്ഥാനമായ ഏഥര്‍ എനര്‍ജി 8-10 ശതമാനം വരെ ഉത്പാദനം കുറക്കും. കഴിഞ്ഞ കുറച്ച് മാസങ്ങളായി വില്‍പ്പനയില്‍ മുന്നില്‍ നില്‍ക്കുന്ന ടി.വി.എസും സമാനമായ നീക്കത്തിലാണ്. ഇരുചക്ര വാഹനങ്ങളുടെ ട്രാക്ഷന്‍ മോട്ടോറുകള്‍ നിര്‍മിക്കാന്‍ അത്യാവശ്യമായ മൂലകങ്ങളുടെ ക്ഷാമം മൂന്ന് കമ്പനികളെയും ബാധിച്ചതായാണ് വിവരം. പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടായില്ലെങ്കില്‍ ഈ മേഖലയിലെ കമ്പനികളെയെല്ലാം ബാധിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. അപൂര്‍വ മൂലകങ്ങളുടെ അഭാവം മൂലം ഉത്പാദനം കുറക്കുമെന്ന് മാരുതി സുസുക്കി പോലുള്ള കാര്‍ കമ്പനികള്‍ നേരത്തെ തന്നെ അറിയിച്ചിട്ടുണ്ട്.

ola factory
ചൈന കളിച്ചാല്‍ വണ്ടി ഷോറൂം കാണാതിരിക്കുമോ? ഇന്ത്യക്ക് അപൂര്‍വ മൂലകങ്ങള്‍ നല്‍കാന്‍ ഓസ്‌ട്രേലിയ, വാഹന ഓഹരികള്‍ ഫിഫ്ത് ഗിയറില്‍

നേരത്തെ കണ്ട് ഒല

അതേസമയം, അപൂര്‍വ മൂലകങ്ങളുടെ അഭാവം മൂലം ഉടനെ ഉത്പാദനത്തില്‍ കുറവുണ്ടാകില്ലെന്നാണ് ഒല ഇലക്ട്രിക് നല്‍കുന്ന വിശദീകരണം. അഞ്ച് മുതല്‍ ആറ് മാസത്തേക്കുള്ള അപൂര്‍വ മൂലകങ്ങള്‍ നിലവില്‍ സ്‌റ്റോക്കുണ്ട്. കൂടുതല്‍ സ്‌റ്റോക്ക് എത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്. അവസരം മുതലെടുത്ത് ജൂലൈ മാസത്തില്‍ ഉത്പാദനം കൂട്ടാനും ഒലക്ക് പദ്ധതിയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രതിസന്ധി ഇങ്ങനെ

യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ വ്യാപാര യുദ്ധത്തിന് പിന്നാലെയാണ് ഏഴ് അപൂര്‍വ മൂലകങ്ങളുടെ കയറ്റുമതി ചൈന നിരോധിച്ചത്. സമേരിയം (Samarium), ഗഡോലിനിയം (Gadolinium), ടെര്‍ബിയം (Terbium), ഡൈസ്പ്രോസിയം (Dysprosium), ലുറ്റേറ്റിയം (Lutetium), സ്‌കാന്‍ഡിയം (Scandium), യിട്രിയം (Yttrium) എന്നിവയ്ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയത്. ഇലക്ട്രിക് വാഹന നിര്‍മാണത്തിന് നിര്‍ണായകമായ നിയോഡൈമിയം അയണ്‍ ബോറോണ്‍ (Neodymium iron boron), സമേരിയം-കൊബാള്‍ട്ട് (Samarium Cobalt) എന്നീ മാഗ്നെറ്റുകളുടെ ഉത്പാദനവും ഇതോടെ പ്രതിസന്ധിയിലായി. ഇതോടെ ചൈനയല്ലാത്ത മറ്റ് രാജ്യങ്ങളില്‍ നിന്നും ഇവ വാങ്ങാനുള്ള ശ്രമങ്ങള്‍ ഇന്ത്യ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.

ola factory
ഒടുവില്‍ ഭയപ്പെട്ടത് സംഭവിച്ചു, ആദ്യ തിരിച്ചടി സുസുക്കിയുടെ സ്വിഫ്റ്റിന്, ചൈന തടഞ്ഞുവയ്ക്കുന്നത് ചെറുമീനല്ല, വലിയ പ്രതിസന്ധിക്ക് കളമൊരുങ്ങുന്നു

സര്‍വം ചൈന മയം

ആഗോള വിപണിയില്‍ ഉത്പാദിപ്പിക്കുന്ന അപൂര്‍വ മൂലകങ്ങളില്‍ 69 ശതമാനവും ചൈനയുടെ വകയാണ്. യു.എസ് 12%, മ്യാന്‍മര്‍ 11%, ഓസ്‌ട്രേലിയ 5% എന്നിങ്ങനെയാണ് ബാക്കി രാജ്യങ്ങളുടെ വക. മ്യാന്‍മറിന് ചൈനയുമായി വലിയ രാഷ്ട്രീയ-സാമ്പത്തിക ബന്ധമുള്ളതിനാല്‍ അപൂര്‍വ മൂലകങ്ങളുടെ 80 ശതമാനവും ചൈനയുടെ നിയന്ത്രണത്തിലാണെന്ന് പറയാം.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com