Begin typing your search above and press return to search.
പെട്രോള്‍ കാശുണ്ടെങ്കില്‍ ഇ.എം.ഐ അടയും; നാല് ഇ.വി ഉടമകള്‍ ഉള്ളു തുറന്നപ്പോള്‍
വാഹനത്തിന് എന്തെങ്കിലും തകരാറുണ്ടാവുമോ, മെയിന്റനന്‍സ് ചെലവ് എങ്ങനെ? സര്‍വീസിംഗിന് പ്രയാസപ്പെടുമോ? ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങാന്‍ താല്‍പര്യപ്പെടുന്നവരുടെ പ്രധാന സംശയം അങ്ങനെയൊക്കെയാണ്. ഇ.വി ഉപയോഗിച്ചു വരുന്നവര്‍ ഈ കാര്യങ്ങളില്‍ പോസീറ്റീവായ അഭിപ്രായമാണ് പ്രകടിപ്പിക്കുന്നത്.
മികച്ച കമ്പനികളുടെ ഇ.വി കള്‍ക്ക് കാര്യമായ കേടുപാടുകള്‍ സംഭവിക്കാറില്ലെന്നും പെട്രോള്‍, ഡീസല്‍ വാഹനങ്ങളെ (ഐസി എഞ്ചിനുകള്‍) അപേക്ഷിച്ച് ഇ.വി വാഹനങ്ങള്‍ പരിപാലിക്കാന്‍ ചെലവ് കുറവാണെന്നും ഉപയോക്താക്കള്‍ പറയുന്നു. ഇ.വി കാറുകളും സ്കൂട്ടറുകളും സംബന്ധിച്ച് ഉപയോക്താക്കളുടെ അഭിപ്രായങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്.
യാതൊരു ബുദ്ധിമുട്ടുകളുമില്ല
താന്‍ ഒരു വര്‍ഷമായി ഇ.വി ഉപയോഗിക്കുന്നതായി മാവേലിക്കര ഇന്‍ഡസ്ട്രീയല്‍ എസ്റ്റേറ്റില്‍ വിനായക സ്റ്റീല്‍സ് എന്ന കമ്പനി നടത്തുന്ന ജയ്മോന്‍ പറയുന്നു. പെട്രോളിന്റേയും ഡീസലിന്റേയും വില കൂടുതലാണ് ഇലക്ട്രിക്ക് കാറിലേക്ക് വരാന്‍ കാരണം. വീട്ടില്‍ തന്നെ പുരപ്പുറ സോളാര്‍ സ്ഥാപിച്ചിട്ടുണ്ട്. അതിനെ ചാര്‍ജിംഗ് സംവിധാനത്തിനായി പ്രയോജനപ്പെടുത്താം, കൂടാതെ ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക് മലിനീകരണം വളരെ കുറവാണ്. വിപണിയില്‍ പുതിയതായി വരുന്ന സാങ്കേതിക വിദ്യ പ്രോല്‍സാഹിപ്പിക്കുക എന്ന ലക്ഷ്യം കൂടിയുണ്ട്. കൂടുതല്‍ ആളുകള്‍ ഇത്തരം സാങ്കേതിക വിദ്യ ഉപയോഗിച്ചാല്‍ മാത്രമാണ് ഇത് കൂടുതല്‍ വ്യാപകമാകുകയെന്നും ജയ്മോന്‍ പറയുന്നു.
വായിക്കുക: ഇ.വി വില്പനയില് കൊച്ചുകേരളം മൂന്നാം സ്ഥാനത്ത്, സ്വീകാര്യത വര്‍ധിക്കുന്നു; ആജീവനാന്ത വാറന്റിയുമായി കമ്പനികള്‍ (ഭാഗം- 1)
ഇ.വിയില്‍ തന്നെ വലിയ റേഞ്ചുകള്‍ (മൈലേജുകള്‍) ഉളള വണ്ടികള്‍ ഉണ്ട്. 400 കിലോമീറ്ററിന് മുകളില്‍ റേഞ്ചുളള വാഹനം എടുക്കുകയാണെങ്കില്‍ 30 ലക്ഷം മുതല്‍ മുകളിലോട്ട് ചെലവാക്കേണ്ടി വരും. "എന്റെ കൈയിലുളളത് എം.ജി മോട്ടോഴ്‌സിന്റെ കോമറ്റ് എന്ന വാഹനമാണ്. അത് എ.സി യില്‍ ചാര്‍ജ് ആകാന്‍ 5 മുതല്‍ 6 മണിക്കൂര്‍ വരെ എടുക്കും. വീടിന് ചുറ്റുപരിസരങ്ങളിലായി പോയി വരാവുന്ന സ്ഥലങ്ങളില്‍ മാത്രമാണ് ഇ.വി ഉപയോഗിക്കുന്നത്. കോമറ്റ് ഇ.വി ക്ക് 200 കിലോമീറ്റര്‍ റേഞ്ചാണ് കമ്പനി പറയുന്നത്. ഇതിന് ഏകദേശം 10 ലക്ഷം രൂപയായിരുന്നു ഓണ്‍റോഡ് വില. വേറൊരു ഐസി എഞ്ചിന്‍ വണ്ടി ഉളളതുകൊണ്ട് എനിക്ക് മറ്റു കുഴപ്പങ്ങളോ ബുദ്ധിമുട്ടുകളോ ഇല്ല. ഡീസല്‍ വണ്ടിയുടെ ഉപയോഗം ഇപ്പോള്‍ വളരെ കുറച്ചു. എന്നാല്‍ ഇ.വി ക്ക് എനിക്ക് അധികം റേഞ്ച് കിട്ടാത്തതുകൊണ്ട് വളരെ ദൂരെയുളള യാത്രകള്‍ക്കായി ഉപയോഗിക്കാന്‍ സാധിക്കുന്നില്ല. ഉദാഹരണത്തിന് കായംകുളത്ത് നിന്ന് എനിക്ക് പാലക്കാടോ, കോയമ്പത്തൂരോ പോകണമെങ്കില്‍ ഇ.വി യാത്ര അത്ര കംഫര്‍ട്ടബിള്‍ അല്ല."- ജയ്മോന്‍ പറഞ്ഞു. ഒരു വര്‍ഷമായി ഇ.വി ഉപയോഗിക്കുന്ന തനിക്ക് കൂടുതലായി ജനങ്ങള്‍ ഇ.വി യിലേക്ക് മാറണമെന്നാണ് പറയാനുളളതെന്നും ജയ്മോന്‍ അടിവരയിടുന്നു.
സര്‍വീസിന് മിതമായ ചെലവ് മാത്രം
ചാര്‍ജിംഗ് സൗകര്യത്തിന്റെ പോരായ്മ അല്ലാതെ മറ്റു ബുദ്ധിമുട്ടുകളൊന്നും തനിക്ക് ഇ.വി കൊണ്ട് ഇല്ലെന്ന് കാക്കനാട് ഇന്‍ഫോപാര്‍ക്കില്‍ ജോലി ചെയ്യുന്ന കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ ലിജോ വടശ്ശേരി പറയുന്നു. ബാറ്ററിയുടെ ടെക്നോളജി അഡ്വാന്‍സ്ഡ് ആകുന്നതുകൊണ്ട് ഇപ്പോള്‍ എല്ലാ മോട്ടോര്‍ നിര്‍മ്മാണ കമ്പനികളും താങ്ങാവുന്ന വിലയില്‍ ഇ.വി കള്‍ ഇറക്കാന്‍ തുടങ്ങിയിട്ടുണ്ട്.
"ഞാന്‍ ഉപയോഗിക്കുന്ന വണ്ടിക്ക് യാതൊരു കംപ്ലയിന്റും ഇല്ല. വീട് സ്ഥിതി ചെയ്യുന്ന എറണാകുളം വടക്കന്‍ പറവൂരില്‍ നിന്ന് കാക്കനാട് വരെ ദിവസം 35 കിലോമീറ്റര്‍ ഒരു ദിശയില്‍ താന്‍ സഞ്ചരിക്കുന്നുണ്ട് ഒന്നര വര്‍ഷമായി ഇലക്ട്രിക്ക് കാര്‍ ഉപയോഗിക്കുന്ന താന്‍ 3,200 കിലോമീറ്റര്‍ ഓടിക്കഴിഞ്ഞു. ബാറ്ററി, മോട്ടോര്‍ തുടങ്ങിയവയാണ് ഇ.വി യുടെ പ്രധാന ഭാഗങ്ങള്‍ എന്നതിനാല്‍ വാഹനം സര്‍വീസ് ചെയ്യുമ്പോള്‍ ടയര്‍ അലൈന്‍മെന്റ്, വീല്‍ അലൈന്‍മെന്റ് തുടങ്ങിയ ജനറല്‍ ആയ കാര്യങ്ങള്‍ മാത്രമേ ചെയ്യാന്‍ ഉളളൂ. എനിക്ക് സര്‍വീസ് ചെയ്യാന്‍ 1500 രൂപയില്‍ കൂടുതല്‍ ചെലവ് ആകുന്നില്ല." ലിജോ പറഞ്ഞു നിര്‍ത്തി.
സാമ്പത്തിക ലാഭം
ഐസി എഞ്ചിനുകളെ അപേക്ഷിച്ച് സാമ്പത്തിക ലാഭമുളളതുകൊണ്ടാണ് ഇ.വി വാഹനങ്ങളിലേക്ക് തിരിയാന്‍ കാരണമെന്ന് ചേര്‍ത്തലയില്‍ താമസിക്കുന്ന വിഷ്ണു എസ്. പറയുന്നു. രണ്ടു വര്‍ഷമായി ഏഥര്‍ 450 എക്സ് സ്കൂട്ടര്‍ താന്‍ ഉപയോഗിക്കുന്നുണ്ട്. വാഹനം അത്യാവശ്യം ഭാരം ഉളളതിനാല്‍ പെട്രോള്‍ സ്കൂട്ടറുകള്‍ ഓടിക്കുന്ന അനുഭവം തന്നെയാണ് ഇതും നല്‍കുന്നത്. ഇക്കോ മോഡില്‍ 105 കിലോമീറ്ററും നോര്‍മല്‍ മോഡില്‍ 85-90 കിലോമീറ്ററും റേഞ്ച് സ്കൂട്ടര്‍ നല്‍കുന്നുണ്ട്.
സ്കൂട്ടര്‍ സ്പോര്‍ട്സ് മോഡില്‍ പ്രവര്‍ത്തിപ്പിച്ചാല്‍ ഏത് കയറ്റവും അനായാസം ഓടിക്കാന്‍ സാധിക്കും. ഒന്നല ലക്ഷം രൂപയ്ക്കാണ് സ്കൂട്ടര്‍ വാങ്ങിച്ചത്. പെട്രോള്‍ സ്കൂട്ടറുകള്‍ ഉപയോഗിക്കുമ്പോള്‍ മാസം ഉണ്ടാകുന്ന ചെലവിന്റെ തുക മതി ഇ.വി സ്കൂട്ടറിന്റെ ഇ.എം.ഐ അടയ്ക്കാന്‍. വാഹനം സര്‍വീസ് ചെയ്യുന്നതിന് അധികം ചെലവ് തനിക്കാകുന്നില്ലെന്നും വിഷ്ണു പറയുന്നു.
നഗരത്തില്‍ സഞ്ചരിക്കാന്‍ സൗകര്യം
സെക്കന്‍ഡ് കാറായി ഉപയോഗിക്കാന്‍ വളരെ മികച്ചതാണ് എം.ജി കോമറ്റെന്ന് പാലാരിവട്ടം ആലിന്‍ചുവടില്‍ താമസിക്കുന്ന സിമി ഡാനിയേല്‍ പറയുന്നു. നിത്യോപയോഗ ആവശ്യങ്ങള്‍ക്ക് മികച്ചതാണ് വാഹനം. നഗരങ്ങളില്‍ ഓടിക്കാനും തിരക്കുളള സ്ഥലങ്ങളില്‍ സൗകര്യപൂര്‍വം പാര്‍ക്ക് ചെയ്യാനും കാര്‍ വളരെ നല്ലതാണ്. ചെറിയ യാത്രകള്‍ക്ക് അനുയോജ്യമാണ് ഇത്.
വായിക്കുക: ഇലക്ട്രിക് വാഹനങ്ങളുടെ വില, വായ്പ, ചാർജിംഗ് വിവരങ്ങൾ ഇങ്ങനെയൊക്കെയാണ് (ഭാഗം- 2)
രണ്ടു വര്‍ഷമായി ഓല ഇലക്ട്രിക്ക് സ്കൂട്ടര്‍ ഉപയോഗിക്കുന്ന കൊച്ചിയില്‍ പ്രൈവറ്റ് കമ്പനിയില്‍ ജോലി ചെയ്യുന്ന സോജിന്‍ ആന്റണിക്കും വാഹനത്തെക്കുറിച്ച് നല്ല അഭിപ്രായമാണ് പങ്കുവെക്കാനുളളത്. സ്കൂട്ടറിന് പെട്രോള്‍ എഞ്ചിനേക്കാള്‍ ശബ്ദം വളരെ കുറവാണ്. നഗരത്തില്‍ സുഗമമായി യാത്ര ചെയ്യാന്‍ സാധിക്കുന്നുണ്ട്. സ്കൂട്ടര്‍ സര്‍വീസ് ചെയ്യുന്നതിനായി കമ്പനിയുടെ ശാഖകളെ സമീപിക്കുമ്പോള്‍ ചിലപ്പോള്‍ കൃത്യമായ പ്രതികരണം ലഭിക്കാറില്ലെന്നും സോജിന്‍ പറയുന്നു.
ഇ.വി കള്‍ക്കെതിരായും വാദം
അതേസമയം, കേരളത്തില്‍ ഇ-ബസുകള്‍ വ്യാപകമാക്കണമെന്ന തന്റെ മുന്‍ നിലപാടില്‍ നിന്ന് പിന്നോക്കം പോകുകയാണെന്ന് ശശി തരൂര്‍ എം.പി കഴിഞ്ഞ ദിവസം പറഞ്ഞത് ശ്രദ്ധേയമാകുകയാണ്. ഫോസില്‍ ഇന്ധനങ്ങളെ ആശ്രയിച്ചാണ് ഇ.വി കള്‍ ചാർജ് ചെയ്യുന്നതിന് ആവശ്യമായ വൈദ്യുതി കണ്ടെത്തുന്നതെങ്കില്‍ അത് ഭാവിയില്‍ വലിയ വിപത്താണ് സൃഷ്ടിക്കുകയെന്ന വാദഗതിയെ പിന്തുണച്ചാണ് തരൂര്‍ ആശങ്ക പ്രകടിപ്പിച്ചത്.
കാർബൺ (CO2) ബഹിര്‍ഗമനം കുറയ്ക്കുക എന്നതാണ് ഇ.വി കളെ പ്രോത്സാഹിപ്പിക്കാനുളള പ്രധാന കാരണങ്ങളില്‍ ഒന്നായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഫോസില്‍ ഇന്ധനങ്ങളെ ആശ്രയിച്ച് വൈദ്യുതി ഉല്‍പ്പാദിപ്പിച്ച് ഇലക്ട്രിക്ക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നയം ഭാവിയില്‍ കൂടുതല്‍ അപകടമാണ് സൃഷ്ടിക്കുകയെന്നും ഇവര്‍ പറയുന്നു.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പിന്തുണ
കേന്ദ്ര സര്‍ക്കാരില്‍ നിന്നും സംസ്ഥാന സര്‍ക്കാരില്‍ നിന്നും ഇ.വി കള്‍ക്ക് മികച്ച പിന്തുണയാണ് ലഭിക്കുന്നത്. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് 2030 ഓടെ ഇ.വി കളുടെ വില്‍പ്പന ഒരു കോടിയിലെത്തുമെന്നാണ് കരുതുന്നത്. ഇ.വി വിപണി 20 ലക്ഷം കോടി രൂപയിലെത്തുമെന്നും ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിധിന്‍ ഗഡ്കരി പറയുന്നു. രണ്ട് വർഷത്തിനുള്ളിൽ ഇ.വി കൾ പെട്രോൾ, ഡീസൽ വാഹനങ്ങളുടേതിന് തുല്യമായ വിലയില്‍ വാങ്ങാനാകുന്ന നിലയിലാകും. ഉൽപ്പാദനം കൂടുന്നതിനനുസരിച്ച് ഇ.വി കളുടെ ഉൽപ്പാദന ചെലവ് കുറയുന്നതിനാല്‍ വിലയില്‍ ഗണ്യമായ കുറവുണ്ടാകുമെന്നാണ് കരുതുന്നത്.
ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഇന്ത്യയുടെ മുൻനിര പദ്ധതിയാണ് ഫെയിം (FAME, ഫാസ്റ്റര്‍ അഡോപ്ഷന്‍ ആന്‍ഡ് മാനുഫാക്ചറിംഗ് ഓഫ് (ഹൈബ്രിഡ് ആന്‍ഡ്) ഇലക്ട്രിക്ക് വെഹിക്കിള്‍സ്). 11,500 കോടി രൂപ ചെലവില്‍ നടപ്പാക്കിയ ഫെയിം പദ്ധതിയുടെ രണ്ടാം ഘട്ടം 2024 മാര്‍ച്ചിലാണ് അവസാനിച്ചത്. ഇതിനെ തുടര്‍ന്നാണ് പി.എം ഇലക്ട്രിക് ഡ്രൈവ് റെവല്യൂഷൻ ഇൻ ഇന്നൊവേറ്റീവ് വെഹിക്കിൾ എൻഹാൻസ്‌മെൻ്റ് (പി.എം ഇ-ഡ്രൈവ്) എന്ന പേരിൽ കേന്ദ്ര സർക്കാർ പുതിയ പദ്ധതി അവതരിപ്പിച്ചത്. 10,900 കോടി രൂപയാണ് പദ്ധതിക്കായി നീക്കിവെച്ചിരിക്കുന്നത്.
ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾ, ഇലക്ട്രിക് ത്രീ വീലറുകൾ, ഇലക്ട്രിക് ട്രക്കുകൾ, ബസുകൾ, ഇലക്ട്രിക് ആംബുലൻസുകൾ എന്നിവ വാങ്ങുന്നതിന് പി.എം ഇ-ഡ്രൈവ് പദ്ധതി സബ്‌സിഡി നൽകുന്നു. അതേസമയം, ഇലക്ട്രിക് കാറുകളെ പദ്ധതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കൂടാതെ 88,500 ഇ.വി ചാർജിംഗ് സൈറ്റുകളും പദ്ധതിയുടെ ഭാഗമായി ഒരുക്കും.
ഫെയിം പദ്ധതിയുടെ മൂന്നാം ഘട്ടം ഉടന്‍ പ്രഖ്യാപിക്കാന്‍ സാധിക്കുമെന്നാണ് കേന്ദ്ര ഘനവ്യവസായ മന്ത്രി എച്ച്.ഡി കുമാരസ്വാമി വ്യക്തമാക്കിയത്. ഇന്‍സന്റീവുകള്‍, റോഡ് ടാക്സ് ഇളവുകള്‍, രജിസ്ട്രേഷൻ ഫീസ് ഇളവുകള്‍, ആദായ നികുതി ആനുകൂല്യങ്ങള്‍, പലിശ രഹിത വായ്പകൾ തുടങ്ങിയവ നല്‍കി ഇ.വി കളെ പ്രോത്സാഹിപ്പിക്കുന്നതിനുളള പദ്ധതികളാണ് അധികൃതര്‍ പരിഗണിക്കുന്നത്.
കേന്ദ്ര സര്‍ക്കാരിന്റെ നവ, പുനരുപയോഗ ഊര്‍ജ ഗവേഷണ ഏജന്‍സിയായ അനര്‍ട്ട് (ANERT) പോലുളള സ്ഥാപനങ്ങള്‍ ഇ.വി കളെ വളരെ പ്രോല്‍സാഹിപ്പിക്കുന്ന നയമാണ് സ്വീകരിക്കുന്നത്. ഐ.എ.എസ്, ഐ.പി.എസ് റാങ്കിലുളള ഉദ്യോഗസ്ഥര്‍ക്ക് ഏജന്‍സി ഇലക്ട്രിക്ക് കാറുകള്‍ എടുത്തു നല്‍കാനാണ് മുന്‍ഗണന നല്‍കുന്നത്.
സംസ്ഥാന സര്‍ക്കാരും ഇ.വി കള്‍ക്ക് മികച്ച പിന്തുണയാണ് നല്‍കുന്നത്. കേരളാ ഇലക്ട്രിസിറ്റി ബോര്‍ഡ് (കെ.എസ്.ഇ.ബി) ഇ.വി കള്‍ക്ക് വലിയ പ്രോത്സാഹനങ്ങള്‍ നല്‍കുന്നു. 71 ഇ കാറുകള്‍ കെ.എസ്.ഇ.ബി ക്ക് സ്വന്തമായുണ്ട്.
അതേസമയം, ഇന്റേണല്‍ കമ്പഷന്‍ എഞ്ചിനും ഇലക്ട്രിക്ക് മോട്ടോറും ഉളള ഹൈബ്രിഡ് വാഹനങ്ങള്‍ക്കാണ് സമീപ ഭാവിയില്‍ കൂടുതല്‍ സാധ്യതകള്‍ ഉളളതെന്ന് വാദിക്കുന്ന വിഭാഗവും പ്രബലമാകുന്നുണ്ട്. ഹൈബ്രിഡ് വാഹനങ്ങൾ പരമ്പരാഗത വാഹനങ്ങളെ അപേക്ഷിച്ച് കുറഞ്ഞ ഗ്യാസോലിനാണ് കത്തിക്കുന്നത്. ഇത് ഇന്ധനക്ഷമത മെച്ചപ്പെടുത്തുന്ന പ്രക്രിയയാണ്. രണ്ട് ഊര്‍ജ സംവിധാനങ്ങള്‍ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാം എന്നതിനാല്‍ ആളുകള്‍ക്ക് ആശങ്കകള്‍ കൂടാതെ സഞ്ചരിക്കാമെന്ന മെച്ചവും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
Next Story
Videos