പുതിയ ഇ.വി നയത്തിന് കൈയടിച്ച് വിയറ്റ്നാം കമ്പനി വിൻഫാസ്റ്റ്; ഇന്ത്യയിൽ വൈദ്യുത കാറുകൾ നിർമ്മിക്കും

രാജ്യത്ത് കുറഞ്ഞത് 500 മില്യണ്‍ ഡോളര്‍ (ഏകദേശം 4,150 കോടി രൂപ) മുതല്‍മുടക്കില്‍ നിര്‍മ്മാണ യൂണിറ്റുകള്‍ സ്ഥാപിക്കുന്ന വൈദ്യുത വാഹന (EV) കമ്പനികള്‍ക്ക് ഇറക്കുമതി തീരുവ ഇളവ് നല്‍കുന്ന ഇന്ത്യയുടെ പുതിയ ഇലക്ട്രിക് വാഹനനയത്തെ സ്വാഗതം ചെയ്ത് പ്രമുഖ വിയറ്റ്നാമീസ് ഇ.വി ബ്രാൻഡായ വിൻഫാസ്റ്റ്.

കേന്ദ്രത്തിന്റെ പുതിയനയം ഉൾക്കൊണ്ട് പരിസ്ഥിതി സൗഹൃദ പ്രീമിയം കാറുകള്‍ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ വിന്‍ഫാസ്റ്റ് ഓട്ടോ ഒരുങ്ങുകയാണ്. അമേരിക്കൻ ഓഹരിവിപണിയിൽ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനിയാണിത്. 12.57 ബില്ല്യണ്‍ ഡോളറാണ് (1.04 ലക്ഷം കോടി രൂപ) വിപണിമൂല്യം.

ഇലക്ട്രിക് കാറുകള്‍ക്ക് ഇറക്കുമതി തീരുവ നിലവില്‍ 70-100 ശതമാനമാണ്. ഇത് 15 ശതമാനത്തിലേക്ക് കുറയ്ക്കുന്ന നയമാണ് കേന്ദ്രം പ്രഖ്യാപിച്ചത്. ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.

ഇന്ത്യയിൽ വൻ ലക്ഷ്യങ്ങൾ

കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വൈദ്യുത വാഹന നയം പ്രയോജനപ്പെടുത്തി രാജ്യത്ത് വലിയ നിക്ഷേപം നടത്താനും ശക്തമായ വിതരണ ശൃംഖല സൃഷ്ടിക്കാനും ഉപഭോക്താക്കള്‍ക്ക് ലോകോത്തര വാഹനങ്ങള്‍ വാഗ്ദാനം ചെയ്യാനുമാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് വിന്‍ഫാസ്റ്റ് ഇന്ത്യ സി.ഇ.ഒ ഫാം സാന്‍ ചൗ പറഞ്ഞു. പ്രതിവര്‍ഷം 50,000 വാഹനങ്ങളുടെ പ്രാരംഭ ശേഷിയുള്ള ഇ.വി പ്ലാന്റ് തമിഴ്‌നാട്ടില്‍ സ്ഥാപിക്കുന്നതിനായി കമ്പനി തമിഴ്നാട് സര്‍ക്കാരുമായി ജനുവരിയില്‍ ധാരണാപത്രം ഒപ്പുവച്ചിരുന്നു.

രാജ്യത്ത് കുറഞ്ഞത് 4,150 കോടി രൂപ നിക്ഷേപിക്കുന്ന വൈദ്യുത വാഹന കമ്പനികള്‍ക്ക് കസ്റ്റംസ് തീരുവയില്‍ ഇളവുകളോടെ ഇറക്കുമതി ചെയ്യാന്‍ അനുവദിക്കുന്ന ഇ.വി നയത്തിന് കേന്ദ്രം കഴിഞ്ഞ ആഴ്ച അംഗീകാരം നല്‍കിയിരുന്നു. ഇലോണ്‍ മസ്‌കിന്റെ ടെസ്ല പോലുള്ള പ്രമുഖ ബഹുരാഷ്ട്ര കമ്പനികളെ ആകര്‍ഷിക്കാനും ഇന്ത്യയെ ഇ.വി നിർമ്മാണ ഹബ്ബായി ഉയർത്താനും ലക്ഷ്യമിടുന്നതാണ് പുതിയ നയം. മേയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് പുതിയനയം കേന്ദ്രം ആവിഷ്കരിച്ചത്.

വിൻഫാസ്റ്റ് ഓട്ടോ

ആഗോള ശ്രദ്ധനേടുന്ന വിയറ്റ്നാമീസ് വൈദ്യുത വാഹന ബ്രാൻഡാണ് വിൻഫാസ്റ്റ്. 2023ൽ ആഗോളതലത്തിൽ കമ്പനി 34,845 ഇലക്ട്രിക് കാറുകളാണ് വിറ്റഴിച്ചത്. ഏഷ്യക്ക് പുറമേ അമേരിക്ക, കാനഡ, ഏതാനും യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലും സാന്നിദ്ധ്യമറിയിച്ച വിൻഫാസ്റ്റ്, പുതിയലക്ഷ്യം നേടാനായി ഇന്ത്യ, ഇൻഡോനേഷ്യ എന്നിവിടങ്ങളിലേക്കും ചുവടുവയ്ക്കുകയാണ്.

എസ്.യു.വി ശ്രേണിയിലെ വിഫ്6, വി.എഫ്7, വി.എഫ്8, വി.എഫ്9 എന്നിവയാണ് വിന്‍ഫാസ്റ്റിന്റെ ശ്രദ്ധേയ മോഡലുകള്‍. ഒരുവേള അമേരിക്കന്‍ വാഹന ബ്രാന്‍ഡുകളായ ഫോഡ്, ജനറല്‍ മോട്ടോഴ്‌സ് എന്നിവയേക്കാള്‍ വിപണിമൂല്യമുള്ള കമ്പനിയായിരുന്നു വിന്‍ഫാസ്റ്റ്. വിശദാംശങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it