

മലയാളിയുടെ സംരംഭകത്വ ഭയങ്ങളുടെ നേര്‍ചിത്രമായിരുന്നു മോഹന്‍ലാലിന്റെ 'വരവേല്‍പ്' എന്ന സിനിമ. ഗള്‍ഫില്‍ നിന്നെത്തിയ 'മുരളി'യുടെ ബസ് ബിസിനസ് പൊളിഞ്ഞുപോയതിന് ട്രേഡ് യൂണിയനുകളുടെ അനാവശ്യ ഇടപെടലുകളും ബാഹ്യ സമ്മര്‍ദ്ദങ്ങളും കാരണമായി പലരും ചൂണ്ടിക്കാണിക്കാറുണ്ട്. എന്നാല്‍ തിരക്കഥയിലെ നാടകീയതകള്‍ക്കപ്പുറം ആ പരാജയത്തിന് പിന്നില്‍ തികച്ചും അടിസ്ഥാനപരമായ ചില ബിസിനസ് വീഴ്ചകളുണ്ടായിരുന്നു. തനിക്ക് പ്രാവീണ്യമോ, മുന്‍പരിചയമോ ഇല്ലാത്ത ഒരു മേഖലയിലേക്ക് യാതൊരു വിപണി പഠനവുമില്ലാതെ 'മുരളി' എടുത്തുചാടി; ഒപ്പം ബിസിനസ് നൈപുണ്യമില്ലാത്ത സുഹൃത്തുക്കളെയും ബന്ധുക്കളെയും കൂടെക്കൂട്ടി പരാജയത്തിലേക്ക് വഴിതുറന്നു.
കേരളത്തിലെ ഒട്ടുമിക്ക ചെറുകിട, ഇടത്തരം (MSME) സംരംഭകരും നേരിടുന്ന പ്രധാന വെല്ലുവിളിയും ഇതുതന്നെയാണ്- പഠനമില്ലാത്ത തുടക്കവും ചിട്ടയില്ലാത്ത വളര്‍ച്ചയും. ബിസിനസ് തുടങ്ങുന്നതിലല്ല, മറിച്ച് ശരിയായ തന്ത്രങ്ങളിലൂടെയും വ്യക്തമായ സംവിധാനങ്ങളിലൂടെയും അതിനെ മുന്നോട്ട് നയിക്കുന്നതിലാണ് വിജയം. ഒരു എംഎസ്എംഇ സംരംഭം അടിപതറാതെ മുന്നേറാന്‍ സഹായിക്കുന്ന 25 പ്രായോഗിക മാര്‍ഗങ്ങള്‍ എന്തൊക്കെയെന്ന് അറിയാം.
ഏതൊരു ബിസിനസിലും നിങ്ങളുടെ ആദ്യ നിക്ഷേപം ഫാക്ടറിയിലോ, മെഷിനറിയിലോ ആകരുത്. മറിച്ച് ആ മേഖലയെക്കുറിച്ചുള്ള സമഗ്രമായ അറിവ് നേടുന്നതിലാവണം. വിപണി, മത്സരങ്ങള്‍, റിസ്‌കുകള്‍ എന്നിവ ആഴത്തില്‍ പഠിച്ച് വ്യക്തമായ അടിത്തറയുണ്ടാക്കുക. ഇതിന് ആവശ്യത്തിന് സമയമെടുക്കുക.
സുഹൃത്തുക്കളോ, ബന്ധുക്കളോ ആയതുകൊണ്ട് മാത്രം ആരെയും ബിസിനസ് പങ്കാളിയാക്കരുത്. അവര്‍ക്ക് ഈ മേഖലയില്‍ എന്ത് സാങ്കേതിക പരിജ്ഞാനമാണുള്ളത് (Knowhow), അവരുടെ വിശ്വാസ്യത എത്രത്തോളമുണ്ട്, അവര്‍ പണം മുടക്കുക മാത്രമാണോ, അതോ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേരുമോ എന്ന് കൃത്യമായി വിലയിരുത്തുക.
'എന്ത് ചെയ്യണം' എന്നതിനേക്കാള്‍ 'എന്ത് ചെയ്യരുത്' എന്ന് മുന്‍കൂട്ടി തീരുമാനിക്കുന്നതിലാണ് സ്ട്രാറ്റജിയുടെ വിജയം. മുന്നിലെത്തുന്ന എല്ലാ അവസരങ്ങളുടെയും പിന്നാലെ പായുന്നത് വളര്‍ച്ചയല്ല. ആരെയാണ് സേവിക്കേണ്ടത്, എന്ത് ഉല്‍പന്നമാണ് നിര്‍മിക്കേണ്ടത് എന്നതില്‍ വ്യക്തമായ അതിര്‍വരമ്പ് വേണം.
ബിസിനസിന്റെ അന്തിമ ലക്ഷ്യം എവിടെയാണെന്ന് ആദ്യം കൃത്യമായി തീരുമാനിക്കുക. അതിന് ശേഷം അവിടെയെത്താന്‍ ആവശ്യമായ ആളുകള്‍ (Talent), സാങ്കേതികവിദ്യ (Technology), പങ്കാളിത്തം (Partnership), മൂലധനം (Capital) എന്നിവ കണ്ടെത്തുക.
ഉപഭോക്താക്കള്‍ക്ക് യഥാര്‍ത്ഥത്തില്‍ എന്താണ് ആവശ്യമെന്ന് പഠിക്കുക. ഉപഭോക്താവ് പറയുന്ന അതേ വാക്കുകളിലും ആവശ്യങ്ങളിലും വേണം നിങ്ങളുടെ ബിസിനസ് രൂപപ്പെടേണ്ടത്.
'നമ്മള്‍ എന്താണ് ഉല്‍പാദിപ്പിക്കുന്നത്' എന്നതില്‍ ഒതുങ്ങാതെ, 'വിപണിക്ക് യഥാര്‍ത്ഥത്തില്‍ എന്താണ് ആവശ്യം' (Shift from what we produce to what market wants) എന്നതിലേക്ക് ബിസിനസിന്റെ ഫോക്കസ് മാറ്റുക.
ഇന്ത്യയെന്നത് ഒരൊറ്റ വിപണി മാത്രമല്ല, അത് പലതരം ചെറു വിപണികളുടെ സങ്കലനമാണ്. നിങ്ങളുടെ ഉല്‍പന്നത്തിന് ഓരോ പ്രദേശത്തും ഉപവിഭാഗത്തിലും ആവശ്യമായ മാറ്റങ്ങള്‍ വരുത്താന്‍ തയാറാകണം.
ഒരു ബിസിനസ് വെറുതെ വലുതായാല്‍ (Grow bigger) പോര, അത് മികച്ച രീതിയില്‍ വളരണം (Grow better). ഇതിന് കഴിവുറ്റ പ്രതിഭകളും ആരോഗ്യകരമായ തൊഴില്‍ സംസ്‌കാരവും ആവശ്യമാണ്. ശരിയായ ആളുകളില്ലെങ്കില്‍ വിപുലീകരണം സാധ്യമല്ല.
'എല്ലാം എനിക്കറിയാം' എന്ന ഭാവം മാറ്റിവെച്ച്, എല്ലാ ദിവസവും പുതിയ കാര്യങ്ങള്‍ പഠിക്കാനുള്ള മനസുണ്ടാവുക. വിപണി മാറുന്നതിനനുസരിച്ച് പഴയ പ്രവര്‍ത്തനശൈലികള്‍ മറക്കാനും പുതിയത് ഉള്‍ക്കൊള്ളാനും മടിക്കരുത്.
ബിസിനസില്‍ ഒരു പ്രതിസന്ധി വരുമ്പോള്‍ 'ഇത് വളരെ ബുദ്ധിമുട്ടാണ്' എന്ന് ചിന്തിച്ച് പിന്മാറരുത്. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ദ്രുതഗതിയിലുള്ള പരിഹാരങ്ങളും ബിസിനസ് പ്രോസസ് റീ-എന്‍ജിനീയറിങ്ങും (BPR) നടപ്പാക്കുക.
ജീവനക്കാരാണ് ഒരു സ്ഥാപനത്തിന്റെ കരുത്ത്. കാര്യക്ഷമതയും ഉല്‍പാദനക്ഷമതയും ഉയര്‍ത്താന്‍ താഴേത്തട്ട് മുതലുള്ള ജീവനക്കാര്‍ക്ക് നിരന്തരമായ പരിശീലനം നല്‍കുക. പുതിയ വിഷയങ്ങളില്‍ അവര്‍ക്ക് അറിവുണ്ടാകണം.
കാര്യങ്ങള്‍ ആരുടെയും ഓര്‍മയിലോ, തോന്നലുകളിലോ നടക്കരുത്. കസ്റ്റമറുടെ അന്വേഷണം (Enquiry) > ക്വട്ടേഷന്‍ (Quote) > ഓര്‍ഡര്‍ (Order) > നിര്‍മാണം (Production) > ക്വാളിറ്റി ചെക്ക് (QC) > ഡെലിവറി (Dispatch) > ബില്ലിങ് (Invoice) > പണം പിരിക്കല്‍ (Collection) എന്ന എട്ട് ഘട്ടങ്ങള്‍ ഒരു റിലേ ഓട്ടം പോലെ തടസമില്ലാതെ നടക്കണം. ഉടമസ്ഥന്‍ എപ്പോഴും നേരിട്ട് നോക്കിയില്ലെങ്കിലും ഈ സൈക്കിള്‍ കൃത്യമായി സ്വയം ചലിക്കുന്ന ഒരു സിസ്റ്റം ഉണ്ടാക്കിയാല്‍ കാലതാമസവും പിഴവുകളും ഒഴിവാക്കാം.
മാനേജ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം (MIC) മാസാവസാനം മാത്രം നോക്കാനുള്ള വെറുമൊരു കണക്കുപുസ്തകമല്ല; ബിസിനസ് എങ്ങനെ മുന്നോട്ടുപോകുന്നു എന്ന് കാണിക്കുന്ന പ്രതിഫലനമാണ്. ഒരു വര്‍ക്കിന്റെ നിലവിലെ അവസ്ഥ, ഉത്തരവാദിത്തമുള്ള വ്യക്തി, എടുക്കുന്ന സമയം എന്നിവ എല്ലാവര്‍ക്കും ഒരുപോലെ സുതാര്യമായിരിക്കണം.
ഒരു വര്‍ക്കില്‍ കാലതാമസമോ, പിഴവോ വരുമ്പോള്‍ മാത്രം മാനേജ്‌മെന്റ് അതില്‍ ഇടപെടുന്ന രീതി പിന്തുടരുക. എല്ലാം തനിയെ നിയന്ത്രിക്കാന്‍ ശ്രമിക്കാതെ തടസങ്ങള്‍ മാത്രം തീര്‍ക്കുക.
ഒറ്റയടിക്ക് വന്‍കിട ടെക്നോളജി കൊണ്ടുവരാതെ നാല് ഘട്ടങ്ങളിലായി ഡിജിറ്റൈസേഷന്‍ കൊണ്ടുവരിക:
പ്രോസസ് കൃത്യമാക്കുക (Process) ഡാറ്റ ശേഖരിക്കുക (Data)ഓട്ടോമേറ്റ് ചെയ്യുക (Automate), മുന്‍കൂട്ടി കാണുക (Predict).
നിങ്ങളുടെ ബിസിനസിന്റെ യാത്രയും സംസ്‌കാരവും വ്യക്തമായി രേഖപ്പെടുത്തുക. സംരംഭകന്റെ ലക്ഷ്യം, ജീവനക്കാര്‍ എന്തിന് ഇവിടെ ജോലി ചെയ്യുന്നു, ഉപഭോക്താക്കള്‍ എന്തിന് നമ്മില്‍ നിന്ന് സാധനം/സേവനം വാങ്ങുന്നു എന്നത് രേഖപ്പെടുത്തുന്നത് പുതിയ നിക്ഷേപകരെയും ജീവനക്കാരെയും ആകര്‍ഷിക്കും.
വേഗത്തിലുള്ള പണമിടപാടുകളിലാണ് ഒരു ബിസിനസിന്റെ നിലനില്‍പ്. ഉല്‍പന്നം വേഗത്തില്‍ നിര്‍മിച്ച് വില്‍ക്കുന്നതിലൂടെ വര്‍ക്കിങ് ക്യാപിറ്റല്‍ സൈക്കിള്‍ സുഗമമാക്കാന്‍ സാധിക്കും.
സര്‍ക്കാര്‍ സബ്‌സിഡികളും സ്‌കീമുകളും കാണാപ്പാഠം പഠിക്കുന്നതിന് പകരം, നാല് പ്രധാന ചോദ്യങ്ങളിലൂടെ നിങ്ങളുടെ കമ്പനിക്ക് അനുയോജ്യമായവ തിരഞ്ഞെടുക്കുക:എന്റെ ബിസിനസ് ഏത് ഘട്ടത്തിലാണ് (Starting/Operating/Scaling)? എനിക്ക് ആവശ്യമുള്ള സഹായമെന്ത് (Capital/Working Capital/Tech)? ലഭിക്കുന്ന ആനുകൂല്യമെന്ത് (Grant/ Subsidy/Loan Guarantee)?
ഇതിന് അര്‍ഹത നേടാന്‍ ഞാന്‍ എന്ത് രേഖകളാണ് സമര്‍പ്പിക്കേണ്ടത്?
സാമ്പത്തിക അച്ചടക്കത്തിന് കൃത്യമായ ചട്ടക്കൂട് ഉണ്ടാക്കുക. കസ്റ്റമേഴ്സില്‍ നിന്നുള്ള തുക പരമാവധി 30 ദിവസത്തിനകം തിരിച്ചുപിടിക്കുക. സ്റ്റോക്ക് 30 ദിവസത്തിലധികം കൈവശം വെക്കാതിരിക്കുക. അപ്രതീക്ഷിത പ്രതിസന്ധികളെ മറികടക്കാന്‍ കുറഞ്ഞത് മൂന്ന് മാസത്തെ നടത്തിപ്പ് ചെലവുകള്‍ക്കായുള്ള ഫണ്ട് കരുതല്‍ ധനമായി സൂക്ഷിക്കുക.
പുതിയ കസ്റ്റമേഴ്‌സിനെ കണ്ടെത്താന്‍ ചെലവഴിക്കുന്ന തുകയേക്കാള്‍ വളരെ കുറഞ്ഞ ചെലവില്‍ നിലവിലെ കസ്റ്റമേഴ്‌സിനെ നിലനിര്‍ത്താനാകും. നിലവിലുള്ള കസ്റ്റമേഴ്‌സ് വീണ്ടും നമ്മില്‍ നിന്ന് വാങ്ങുന്നുണ്ടെന്നും (Repeat Purchases) അവര്‍ കമ്പനിയുടെ അംബാസഡര്‍മാരായി മാറുന്നുണ്ടെന്നും ഉറപ്പാക്കുക.
ജിഎസ്ടി, ടാക്സ് റിട്ടേണുകള്‍, മറ്റ് നിയമപരമായ ലൈസന്‍സുകള്‍ എന്നിവ തുടക്കം മുതല്‍ കൃത്യമായി പാലിക്കുക. വ്യക്തമായ കണക്കുകളും രേഖകളും സൂക്ഷിക്കുന്നത് ഭാവിയില്‍ ബാങ്ക് വായ്പകള്‍, സബ്സിഡികള്‍, പുതിയ നിക്ഷേപങ്ങള്‍ എന്നിവ നേടാന്‍ എളുപ്പമാക്കും.
മത്സരാധിഷ്ഠിതമായ വിപണിയില്‍ നിങ്ങളുടെ ഉല്‍പന്നം മറ്റുള്ളവരില്‍ നിന്ന് എന്ത് വ്യത്യാസമാണ് നല്‍കുന്നതെന്ന് ഉപഭോക്താവിന് വ്യക്തമായി ബോധ്യപ്പെടണം. വിലക്കുറവ് മാത്രമല്ല, ഗുണനിലവാരമോ, മികച്ച സേവനമോ വഴി വേറിട്ടുനില്‍ക്കുന്ന ഒരു ഘടകം നിര്‍വചിക്കുക.
സ്വന്തം വെബ്‌സൈറ്റിന് പുറമെ ആമസോണ്‍, ഫ്ളിപ്കാര്‍ട്ട്, ജിഇഎം (GeM) പോര്‍ട്ടല്‍ എന്നിവ വഴി പ്രാദേശിക വിപണി കടന്ന് ദേശീയതലത്തിലേക്ക് വില്‍പന വ്യാപിപ്പിക്കുക. വലിയ പരസ്യ ബജറ്റുകള്‍ ഇല്ലാതെ തന്നെ സോഷ്യല്‍ മീഡിയ, ഗൂഗിള്‍ മൈ ബിസിനസ്, കണ്ടന്റ് മാര്‍ക്കറ്റിങ് എന്നിവയിലൂടെ ഉപഭോക്താക്കളിലേക്ക് കൃത്യമായി എത്തുക.
ഒരൊറ്റ ഉല്‍പന്നത്തെയോ, സേവനത്തെയോ മാത്രം ആശ്രയിക്കാതെ വിപണിയിലെ ഡിമാന്‍ഡ് അനുസരിച്ച് അനുബന്ധ ഉല്‍പന്നങ്ങളിലേക്ക് ഘട്ടംഘട്ടമായി ബിസിനസ് വികസിപ്പിക്കുക.
ബാങ്ക് വായ്പകള്‍ക്ക് പുറമെ ബിസിനസ് വലിയ തോതില്‍ വികസിപ്പിക്കാന്‍ ബിഎസ്ഇ, എന്‍എസ്ഇ എന്നിവയുടെ എസ്എംഇ പ്ലാറ്റ്‌ഫോമുകള്‍ വഴി ഓഹരി വിപണിയില്‍ നിന്ന് മൂലധനം സമാഹരിക്കാനുള്ള സാധ്യത പരിശോധിക്കുക. ആവേശമല്ല, മറിച്ച് വസ്തുനിഷ്ഠമായ പഠനങ്ങളും ചിട്ടയായ സിസ്റ്റങ്ങളുമാണ് ഏതൊരു എംഎസ്എംഇ സംരംഭത്തെയും വിജയത്തിലേക്ക് നയിക്കുന്നത്. മുന്‍വിധികളില്ലാത്ത പരീക്ഷണങ്ങള്‍ക്ക് പകരം ആധുനിക മാനേജ്‌മെന്റ് തത്വങ്ങളും കൃത്യമായ പ്രോസസുകളും കൈമുതലാക്കിയാല്‍ കേരളത്തിലെ ഏതൊരു എംഎസ്എംഇക്കും ആഗോളതലത്തില്‍ വളരാം.
(ധനം മാഗസീന്‍ 2026 ഒക്ടോബര്‍ 15 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്)
An essential action plan and modern management principles for MSME entrepreneurs to scale sustainably and avoid business pitfalls.
Read DhanamOnline in English
Subscribe to Dhanam Magazine