ഫ്രാഞ്ചൈസിംഗ് ബിസിനസ് വിജയിക്കാന്‍ ഈ 5 കാര്യങ്ങള്‍

ഫ്രാഞ്ചൈസിംഗ് മേഖലയിലുള്ളവര്‍ക്ക് വലിയൊരു ബിസിനസ് വളര്‍ച്ച സാധ്യമാക്കാന്‍ എന്തൊക്കെയാണ് വേണ്ടതെന്ന് കണ്ടെത്താന്‍ വായനക്കാരെയും സ്ഥാപനങ്ങളെയും സഹായിച്ചേക്കും ഈ പഠനം. വായിക്കൂ.
ഫ്രാഞ്ചൈസിംഗ് ബിസിനസ് വിജയിക്കാന്‍ ഈ 5 കാര്യങ്ങള്‍
Published on

ഫ്രാഞ്ചൈസിംഗ് കമ്പനികള്‍ക്ക് എങ്ങനെ വളരാം എന്നതിനെ കുറിച്ചാണ് ഈ ലേഖനം. ഇത്തരത്തിലുള്ള നിരവധി കമ്പനികളെ അടുത്തറിഞ്ഞ അനുഭവം എനിക്കുണ്ട്. പല സ്ഥാപനങ്ങളും തകര്‍ന്നടിഞ്ഞപ്പോള്‍ കോവിഡിന്റെ കാല്ത്തു പോലും മികച്ച വിജയം നേടിയ ഫ്രാഞ്ചൈസികളും നിരവധിയുണ്ട്. സാങ്കേതിക മാറ്റങ്ങള്‍ക്കനുസരിച്ച് ഒരു സ്ഥാപനത്തിന്റെ മനോഭാവത്തില്‍ ഓരോ സമയത്തും എങ്ങനെയൊക്കെ മാറ്റം വരണമെന്നും കൂടുതല്‍ ഇടപെടലുകള്‍ ഇല്ലാതെ തന്നെ സാങ്കേതിക വിദ്യ ഒരു സംരംഭത്തിന്റെ വളര്‍ച്ചയ്ക്ക് എങ്ങനെ സഹായകരമാകുന്നുവെന്നും അടുക്കും ചിട്ടയോടെയും പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ ചെറുതില്‍ നിന്ന് വലുതായി എങ്ങനെ വളരുന്നുവെന്നുമാണ് ഈ ലേഖനത്തിലൂടെ പറയുന്നത്.

മൂന്നു ദശാബ്ദത്തിലേറെയായി ഫ്രാഞ്ചൈസിംഗ് രംഗത്ത് പ്രവര്‍ത്തിച്ചതിന്റെയും ഈ മേഖലയില്‍ പിഎച്ച്ഡി നേടിയതിന്റെയും അനുഭവവുമായി പല സ്ഥാപനങ്ങളെയും വലുതായി വളര്‍ത്താനുള്ള ശ്രമത്തിലാണ് ഞാന്‍. വലിയൊരു വളര്‍ച്ചയ്ക്ക് എന്തൊക്കെയാണ് വേണ്ടതെന്ന കണ്ടെത്താന്‍ ഇത് വായനക്കാരെയും സ്ഥാപനങ്ങളെയും സഹായിക്കും. ഒരു പ്രോസസ് നയിക്കുന്ന സമീപനമാണ് അതില്‍ പ്രധാനം.

വളരാനാഗ്രഹിക്കുന്ന ഓരോ സ്ഥാപനവും പല സംസ്ഥാനങ്ങളില്‍ ഓഫീസുകള്‍ സ്ഥാപിച്ച് ഡിസ്ട്രിബ്യൂട്ടര്‍മാരെയും ഫ്രാഞ്ചൈസികളെയും തേടുകയാണ് പതിവ്. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ മാറിയിരിക്കുന്നു. ചെലവ് കുറയ്ക്കലിന്റെ ഭാഗമായി സംസ്ഥാന ഫ്രാഞ്ചേസികള്‍ക്ക് പുറമേ ജില്ലാ ഫ്രാഞ്ചൈസികളെയും റീജ്യണല്‍ ഫ്രാഞ്ചൈസികളെ പോലും നിയമിക്കുന്നു. ബ്രാന്‍ഡിന്റെ സ്വീകാര്യത കൂട്ടാനും പുതിയ വിപണി കണ്ടെത്താനും ഇത് സഹായിക്കുകയും ചെയ്യുന്നു.

എന്നിരുന്നാലും, ഒരു സമയത്തിനു ശേഷം ബ്രാന്‍ഡുകള്‍ എങ്ങനെയാണ് പരജയപ്പെടുന്നതും പല സ്ഥാപനങ്ങളും ബിസിനസ് അവസാനിപ്പിക്കുന്നതും ചെയ്യുന്നത്. എന്താണ് അവരെ പരാജിതരാക്കുന്നത്?

ശരിയായ ഫ്രാഞ്ചൈസിയെ നിയമിക്കുക

ശരിയായ ഫ്രാഞ്ചൈസിയെ നിയമിക്കുക എന്നതാണ് വിജയത്തിനായി ചെയ്യേണ്ടത് എന്നാണ് എന്റെ അനുഭവം. എന്നാല്‍ പല കമ്പനികളും വലിപ്പത്തിലും പണത്തിലും മാത്രമാണ് ശ്രദ്ധ നല്‍കുന്നത്. ഞാന്‍ വ്യക്തിപരമായി ഇഷ്ടപ്പെടുന്ന ബ്രാന്‍ഡുകളിലൊന്ന് റെയ്മണ്ട് ആണ്. ഈ ഷോപ്പുകള്‍ തലമുറകളായി പ്രവര്‍ത്തിച്ചു വരികയാണെന്ന് തിരിച്ചറിയുകയും നിലവിലുള്ള ഫ്രാഞ്ചൈസിയുടെ താല്‍പ്പര്യം സംരക്ഷിക്കുകയും എല്ലാ ഓഹരിയുടമകളും സുരക്ഷിതരാണെന്ന് ഉറപ്പു വരുത്തുകയും ചെയ്യുന്നു. അതേസമയം പരസ്യങ്ങളിലൂടെ ബ്രാന്‍ഡിനെ ആളുകളുടെ മനസ്സില്‍ നിര്‍ത്തുകയും ചെയ്യുന്നു. അതാണ് ഫ്രാഞ്ചൈസറുടെ ജോലിയും. മിക്ക കമ്പനികളും ഇത് ചെയ്യുന്നില്ല. ഇതു തന്നെയാണ് ദീര്‍ഘകാലം അവര്‍ നിലനില്‍ക്കാതിരിക്കാനുള്ള കാരണവും. ഏതാനും ഫ്രാഞ്ചൈസിംഗ് കമ്പനികളെ ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഞാന്‍ സഹായിച്ചിട്ടുണ്ട്. പലതും മികച്ച ദീര്‍ഘകാല വളര്‍ച്ച നേടുകയും ചെയ്തിട്ടുണ്ട്.

ഫ്രാഞ്ചൈസിക്ക് പരിശീലനം നല്‍കുക

ഒരു ഫ്രാഞ്ചൈസിയെ നിയമിക്കുന്നതില്‍ മാത്രമല്ല കാര്യം. സ്ഥാപനത്തിന്റെ സംസ്‌കാരം, ഉല്‍പ്പന്നം, പ്രോസസ് എന്നിവയെ കുറിച്ച് ഫ്രാഞ്ചൈസിക്കും ജീവനക്കാര്‍ക്കും അറിവുണ്ടാകാന്‍ നിരന്തരമായ പരിശീലനം നല്‍കേണ്ടതുണ്ട്. ഇത് സമയം കളയലാണെന്ന വിചാരമാണ് പല ഫ്രാഞ്ചൈസികള്‍ക്കുമുള്ളത്. അതുകൊണ്ടു തന്നെ അവര്‍ പങ്കെടുക്കുകയെ ജീവനക്കാരെ പരിശീലനപരിപാടിയിലേക്ക് അയക്കുകയോ ചെയ്യാറില്ല. ജീവനക്കാര്‍ പരിശീലനം സിദ്ധിക്കുന്നതോടെ അവര്‍ സ്ഥാപനം വിട്ടു പോകുകയോ അതല്ലെങ്കില്‍ മറ്റാരെങ്കിലും വലവീശിപ്പിടിക്കുകയോ ചെയ്യുമെന്നാണ് ഫ്രാഞ്ചൈസികളുടെ വിചാരം. എന്നാല്‍ മികച്ച പരിശീലനവും ശമ്പളവും നല്‍കിയാല്‍ അവര്‍ കൂടുതല്‍ ബിസിനസ് പിടിക്കുമെന്നാണ് എന്റെ വിശ്വാസം. ഒരു ബ്രാന്‍ഡിന്റെ ട്രെയിനിംഗ് വിഭാഗത്തില്‍ എട്ടു വര്‍ഷം പ്രവര്‍ത്തിച്ച പരിചയം എനിക്കുണ്ട്. അവര്‍ അവരുടെ ഫ്രാഞ്ചൈസിയെ പരിശീലനത്തില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിക്കാറുണ്ട്. സമ്മാനവും ശിക്ഷയുമൊക്കെ നല്‍കുന്ന ഒരു നയമാണ് അവര്‍ ഇക്കാര്യത്തില്‍ പാലിച്ചത്. ആ ബ്രാന്‍ഡിന്റെ ആദ്യത്തെ ഫ്രാഞ്ചൈസി കഴിഞ്ഞ 25 വര്‍ഷമായി പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. 25 വര്‍ഷമായി ഇതേ ബ്രാന്‍ഡിന്റെ ഫ്രാഞ്ചൈസി നടത്തിക്കൊണ്ടു പോകുന്നത് ചെറിയ കാര്യമല്ല, ബ്രാന്‍ഡ് എന്തോ നല്ലത് നല്‍കുന്നുണ്ട് എന്നതാണിതിലൂടെ വ്യക്തമാകുന്നത്.

ഇതൊരു പ്രോസസ് ആയി തന്നെ ഫ്രാഞ്ചൈസര്‍ കൊണ്ടു പോകുന്നില്ലെങ്കില്‍ വളര്‍ച്ച സംഭവിക്കില്ല.

ശരിയായ ആളുകളെ നിയമിക്കുക

മൂല്യങ്ങളും ധാര്‍മികതയും ഏതൊരു സ്ഥാപനത്തിനും പ്രധാനമാണ്. ഒരു ബ്രാന്‍ഡ് സൃഷ്ടിക്കുന്നതിന് ഇതാവശ്യമാണ്. പല കമ്പനികളും മൂല്യവും ധാര്‍മികതയും ഉയര്‍ത്തിപ്പിടിക്കുന്ന ജീവനക്കാര്‍ക്ക് മതിയായ പരിഗണന നല്‍കുന്നുണ്ട്. പല കമ്പനികളും ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാറില്ല. ഫ്രാഞ്ചൈസികളില്‍ നിന്നോ വ്യാപാരികളില്‍ നിന്നോ കൈക്കൂലി വാങ്ങുന്നത് പലരും കര്‍ശനമായി വിലക്കുമ്പോള്‍ തന്നെ മറ്റു ചില ബ്രാന്‍ഡുകള്‍ ഇക്കാര്യങ്ങള്‍ അവഗണിക്കുന്നു. വന്‍കിട ബ്രാന്‍ഡുകള്‍ പോലും തകര്‍ന്നടിയാന്‍ ഇത് കാരണമാകുന്നു.

കമ്പനിയുടമകള്‍ കരുതുന്നത്, കുറഞ്ഞ ശമ്പളം നല്‍കുകയും വ്യാപാരികളില്‍ നിന്ന് പണം നേടാന്‍ അവരെ അനുവദിക്കുകയും ചെയ്യാമെന്നാണ്. എന്നാല്‍ വ്യാപാരികളെയും ചതിക്കുകയാണവര്‍. ഇത്തരത്തിലുള്ള ജീവനക്കാര്‍ നല്‍കുന്ന കണക്കുകള്‍ ശരിയാണെന്ന് ആര്‍ക്കറിയാം. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് കൂച്ചുവിലങ്ങിട്ട്, വിശ്വസ്തമായ ബ്രാന്‍ഡ് ആവുകയാണ് വേണ്ടത്. അവയ്ക്ക് മാത്രമേ നിലനില്‍പ്പുണ്ടാവൂ. ഹ്രസ്വകാലത്തേക്ക് നേട്ടവും ദീര്‍ഘകാലത്തേക്ക് കോട്ടവും ഉണ്ടാകുന്ന മറ്റൊരു വെല്ലുവിളിയാണിത്. മികച്ചൊരു ബ്രാന്‍ഡ് കെട്ടിപ്പുടുക്കുന്നതിന് ഫ്രാഞ്ചൈസറും ഫ്രാഞ്ചൈസിയും ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നവരെ നിര്‍ദയം നേരിടണം.

പണമിടപാടുകള്‍ കൃത്യമായിരിക്കുക

കമ്പനിയുടെ നിയമങ്ങള്‍ ഫ്രാഞ്ചൈസി കൃത്യമായി പാലിക്കണം. കൃത്യസമയത്ത് പേമെന്റ് നടത്തുന്നതിലൂടെ ഫ്രാഞ്ചൈസറുടെ സേവനം മുടങ്ങുന്നില്ലെന്ന് ഉറപ്പിക്കാനാകും. എന്നാല്‍ മിക്ക ഫ്രാഞ്ചൈസര്‍മാരും സമയത്തിന് പണം വാങ്ങാറില്ല. ഇത് വലിയ കടക്കെണിയുണ്ടാക്കുകയും കമ്പനിയുടെ വളര്‍ച്ചയ്ക്ക് വിഘാതമാകുകയും ചെയ്യും. എന്നാല്‍ ഫ്രാഞ്ചൈസിക്ക് സമയത്തിന് പണം നല്‍കാനാവാതെ വന്നാലും മികച്ച സേവനം നല്‍കുന്നതില്‍ നിന്ന് ഫ്രാഞ്ചൈസര്‍ പിന്മാറരുത്. ബന്ധങ്ങള്‍ക്ക് പ്രധാന്യമുള്ള ബിസിനസാണിത്. പല കമ്പനികളും അവരുടെ ഫ്രാഞ്ചൈസികളെ ഉപഭോക്താവായി കാണുന്നതിനു പകരം പാര്‍ട്ണര്‍മാരായി കാണുകയും അവരോട് മോശമായി പെരുമാറുകയും ചെയ്യുന്നത് നല്ല സൂചനയല്ല. ഫ്രാഞ്ചൈസികള്‍ക്ക് ബഹുമാനം നല്‍കി മൃദുവായും ശക്തമായും കാര്യങ്ങള്‍ പറയുക. വിദൂര പ്രദേശങ്ങളിലുള്ള കമ്പനിയുടെ ഉപഭോക്താക്കള്‍ക്ക് സേവനം നല്‍കുന്നതിനായുള്ള മൂല്യങ്ങളും ധാര്‍മികതയുമുള്ള പരസ്പര ബന്ധത്തിലൂന്നിയുള്ള ബിസിനസാണ് ഫ്രാഞ്ചൈസിംഗ് എന്ന് മനസ്സിലാക്കുക.

കാഷ് ഫ്‌ളോ

പല ഫ്രാഞ്ചൈസര്‍മാരും കരുതുന്നത് ഫ്രാഞ്ചൈസികളില്‍ നിന്നും പണം എടുത്ത് ബ്രാന്‍ഡ് കെട്ടിപ്പടുക്കാമെന്നാണ്. ( ഇതിനെ വിളിക്കുക OPM എന്നാണ്. Other Peoples Money) മിക്ക ഫ്രാഞ്ചൈസര്‍മാരും സ്മാര്‍ട്ട് ആണ് പക്ഷേ ഇക്കാര്യത്തില്‍ അവര്‍ സ്വയം കുഴിമാടം മാന്തുകയാണ്. നിങ്ങള്‍ ഒരു ബ്രാന്‍ഡ് സൃഷ്ടിക്കപ്പെട്ടു കഴിഞ്ഞാല്‍ ആളുകള്‍ നിങ്ങളോട് ഫ്രാഞ്ചൈസി ആവശ്യപ്പെടാം. ഇന്ത്യയില്‍ പലരും സ്വന്തമായി ഒരു സ്റ്റാള്‍ നടത്തിയ പരിചയം പോലുമില്ലാതെ ഫ്രാഞ്ചൈസി നല്‍കുകയും ഇതിലൂടെ ഫ്രാഞ്ചൈസികളെ കുഴപ്പത്തിലാക്കുകയും ചെയ്യുന്നു. ഫ്രാഞ്ചൈസര്‍ നിര്‍ബന്ധമായും സ്വന്തം സ്റ്റോര്‍ സ്ഥാപിക്കുകയും അതിന്റെ പ്രവര്‍ത്തനത്തിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ കണ്ടറിഞ്ഞ് പരിഹരിച്ച ശേഷം മാത്രം ഫ്രാഞ്ചൈസി നല്‍കുകയും ചെയ്യുക. ഇതിന് ആവശ്യത്തിന് പണം ഉണ്ടായിരിക്കേണ്ടതുണ്ട്. 50 ലക്ഷം രൂപ മുടക്കി 100 സ്റ്റോറുകള്‍ സ്വന്തമായി സ്ഥാപിച്ച് പ്രവര്‍ത്തനം തുടങ്ങിയ വലിയൊരു ബ്രാന്‍ഡിനു വേണ്ടി ഞാന്‍ ജോലി ചെയ്തിട്ടുണ്ട്. ഇന്ന് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന 500 ലേറെ സ്റ്റോറുകള്‍ അവര്‍ക്കുണ്ട്. ഫ്രാഞ്ചൈസിയിലൂടെയും അല്ലാതെയും അവര്‍ ഉപഭോക്താക്കളിലേക്ക് മികച്ച സേവനം നല്‍കുന്നു. വലുതായി വളരാന്‍ ഇത് ആവശ്യമാണ്. അതിനൊപ്പം മറ്റു കുറേ കാര്യങ്ങളുമുണ്ട്.

ഫ്രാഞ്ചൈസ് ചെയ്യുന്നതിന് പാഷന്‍ വേണം. നിങ്ങളുടെ ബ്രാന്‍ഡിലൂടെ നിങ്ങളുടെ ഫ്രാഞ്ചൈസ് പണമുണ്ടാക്കണമെന്നും നിങ്ങളെ പോലെ അവരും നന്നായി ജീവിക്കണമെന്നും കരുതണം. എന്നാല്‍ തനിക്ക് മാത്രം പണമുണ്ടാക്കണമെന്നും പൊന്‍മുട്ടയിടുന്ന താറാവുകളെ കൊല്ലണമെന്നുമാണ് ചിന്തിക്കുന്നതെങ്കില്‍ ദൈവത്തിന് മാത്രമേ അവരെ രക്ഷിക്കാനാകൂ. ചെറുതില്‍ നിന്ന് വലുതായി വളരാന്‍ എളുപ്പമല്ല. ശരിയായ മനോഭാവവും സാങ്കേതിക വിദ്യയുടെ സഹായവും ഉണ്ടെങ്കില്‍ സാധ്യമാകുകയും ചെയ്യും.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com