ഇന്ന് സൗജന്യം, നാളെ പണം: ഇങ്ങനെയുമുണ്ട് ഒരു തന്ത്രം!

നിങ്ങള്‍ക്ക് മൊബൈല്‍ ഗെയിം കളിക്കാന്‍ ഇഷ്ടമാണ്. നിങ്ങള്‍ ഗെയിം മൊബൈലില്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ നോക്കുന്നു. ആയിരക്കണക്കിന് ഫ്രീ ഗെയിമുകള്‍ സ്റ്റോറില്‍ ലഭ്യമാണ്. നിങ്ങള്‍ ഒരു ഗെയിം എടുക്കുന്നു, കളിച്ചു തുടങ്ങുന്നു. കളിയില്‍ കൂടുതല്‍ മുഴുകിത്തുടങ്ങുമ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലാകുന്നു ഈ ഗെയിം ഒരു ബേസിക് വേര്‍ഷന്‍ മാത്രമാണ്. കൂടുതല്‍ ഫീച്ചറുകള്‍ ഉള്ള ഗെയിം വേണമെങ്കില്‍ അത് സൗജന്യമായി ലഭ്യമല്ല പകരം വില കൊടുത്ത് വാങ്ങേണ്ടി വരും.

നിങ്ങള്‍ക്ക് കൂടുതല്‍ മികച്ച അനുഭവങ്ങള്‍ (Experiences) ഗെയിമില്‍ നിന്നും ലഭിക്കണമെങ്കില്‍ നിങ്ങള്‍ പണം മുടക്കാന്‍ തയ്യാറാവണം. ഫ്രീ ഗെയിം എന്ന ഓഫറില്‍ നിങ്ങള്‍ ആദ്യം ആകൃഷ്ടനാകുന്നു. കളിച്ചു തുടങ്ങുമ്പോള്‍ നിങ്ങള്‍ക്ക് ഹരം പിടിക്കുന്നു. നിങ്ങള്‍ ഗെയിമില്‍ കൂടുതല്‍ പ്രാവീണ്യം നേടിത്തുടങ്ങുന്നു. കളിക്കുന്നത് തന്നെ കളിച്ചു കൊണ്ടിരിക്കുമ്പോള്‍ നിങ്ങള്‍ക്ക് ബോറടിക്കുന്നു. നിങ്ങളുടെ മനസ്സ് കൂടുതല്‍ ത്രില്‍ ആഗ്രഹിക്കുന്നു. നിങ്ങള്‍ പണം മുടക്കാന്‍ തയ്യാറാകുന്നു.

ഫ്രീമിയം (Freemium) ബിസിനസ് മോഡലിന്റെ തന്ത്രം അതാണ്. ഉല്‍പ്പന്നം സൗജന്യമായി ഓഫര്‍ ചെയ്യുന്നു. ഉല്‍പ്പന്നം ലഭിക്കുവാന്‍ പണം മുടക്കേണ്ടതില്ല എന്ന ഓഫറില്‍ നിങ്ങള്‍ വീഴുന്നു. ഉപഭോക്താവിനെ കുടുക്കുവാനുള്ള ചൂണ്ടയാണ് ഫ്രീ വേര്‍ഷന്‍. വളരെ ലിമിറ്റഡ് ഫീച്ചറുകളുള്ള ബേസിക് വേര്‍ഷനായിരിക്കും ഉപഭോക്താവിന് ലഭിക്കുക. യഥാര്‍ത്ഥ ഉപഭോക്താക്കളിലേക്കുള്ള ലീഡായി മാറുന്നു ഈ സൗജന്യ ഓഫര്‍.

സ്‌പോട്ടിഫൈ (Spotify) ഡൌണ്‍ലോഡ് ചെയ്ത് ഗാനങ്ങള്‍ കേള്‍ക്കാത്തവര്‍ ചുരുക്കമായിരിക്കും. സൗജന്യമായി തന്നെ പ്ലേ സ്റ്റോറില്‍ നിന്നും സ്‌പോട്ടിഫൈ ലഭിക്കും. നിങ്ങള്‍ ഗാനങ്ങള്‍ തിരഞ്ഞെടുക്കുന്നു, കേള്‍ക്കുന്നു. എന്നാല്‍ ഓരോ ഗാനം കഴിയുമ്പോഴും പരസ്യങ്ങള്‍ നിങ്ങളെ അലോസരപ്പെടുത്തുന്നു. ഈ പരസ്യങ്ങള്‍ വലിയ ശല്യമാണല്ലോ ഇതെങ്ങിനെ ഒഴിവാക്കാന്‍ കഴിയുമെന്ന് നിങ്ങള്‍ പരിശോധിക്കുന്നു. അപ്പോള്‍ കാണാം സ്‌പോട്ടിഫൈ പ്രീമിയം വാങ്ങൂ പരസ്യങ്ങള്‍ ഇല്ലാതെ പാട്ടുകള്‍ ആസ്വദിക്കൂ.

സ്‌പോട്ടിഫൈ നിങ്ങള്‍ക്ക് സൗജന്യമായി നല്‍കുന്നത് ക്വാളിറ്റി കുറഞ്ഞ ശ്രവണാനുഭവമാണ് കൂടെ പരസ്യങ്ങളും. നിങ്ങള്‍ പണം മുടക്കാന്‍ തയ്യാറാണെങ്കില്‍ മെച്ചപ്പെട്ട ക്വാളിറ്റിയുള്ള ഗാനങ്ങള്‍ കേള്‍ക്കാം അതും പരസ്യങ്ങളുടെ ശല്യമില്ലാതെ. പുതിയ ഗാനങ്ങള്‍ ചൂടോടെ ലഭിക്കും. ഓഫ്ലൈനില്‍ സേവ് ചെയ്യാന്‍ സാധിക്കും. അങ്ങനെ നിരവധി ഗുണങ്ങള്‍. എന്നാല്‍ ഇതൊന്നും ബേസിക് വേര്‍ഷനില്‍ ലഭ്യമല്ല.

കുട്ടിയുടെ വിദ്യാഭ്യാസം നിങ്ങള്‍ക്ക് വളരെ പ്രധാനമാണ്. വളരെ എളുപ്പം കുട്ടിക്ക് പഠിക്കാന്‍ സാധിക്കുന്ന ഒരു ഓണ്‍ലൈന്‍ എഡ്യൂക്കേഷന്‍ പ്ലാറ്റ്‌ഫോം നിങ്ങള്‍ തിരയുന്നു. ബൈജൂസ് ആപ്പ് നിങ്ങളുടെ കണ്ണിലുടക്കുന്നു. എന്നാല്‍ അത് എത്രമാത്രം നല്ലതാണെന്ന് നിങ്ങള്‍ക്ക് അറിയില്ല. അതുകൊണ്ട് പണം മുടക്കണോ വേണ്ടയോയെന്ന് നിങ്ങള്‍ ശങ്കിക്കുന്നു. അപ്പോള്‍ അതാ നിങ്ങള്‍ ബൈജൂസിന്റെ ഓഫര്‍ കാണുന്നു. 15 ദിവസം നിങ്ങള്‍ക്ക് ആപ്ലിക്കേഷന്‍ സൗജന്യമായി ഉപയോഗിക്കാം. ഇഷ്ടപ്പെട്ടാല്‍ മാത്രം പണം മുടക്കി വാങ്ങിയാല്‍ മതി.

ട്രയല്‍, ഡെമോ വേര്‍ഷനുകള്‍ ഉപഭോക്താക്കളെ പ്രലോഭിപ്പിക്കും. ഉപയോഗിച്ച് തുടങ്ങിയാല്‍ പണം മുടക്കി ഉല്‍പ്പന്നം വാങ്ങുവാനുള്ള സാധ്യത വളരെ കൂടുതലാണ്. ആവശ്യക്കാരനെ കണ്ടെത്താനും അവരെ പ്രീമിയം ഉല്‍പ്പന്നത്തിലേക്ക് നയിക്കാനും ഫ്രീമിയം മോഡല്‍ ബിസിനസ് തന്ത്രത്തിന് സാധിക്കുന്നു. ഡ്രോപ്പ്‌ബോക്‌സ് എല്ലാ ഉപഭോക്താക്കള്‍ക്കും 2 ജി ബി ഫ്രീയായി നല്‍കുന്നു. കൂടുതല്‍ സ്‌പേസ് വേണമെങ്കില്‍ പണം നല്‍കണം. ആദ്യം ഉപഭോക്താവിനെക്കൊണ്ട് ഉല്‍പ്പന്നം ഉപയോഗിപ്പിക്കുക പിന്നീട് വില്‍ക്കുക ഇതാണ് തന്ത്രം.


Dr Sudheer Babu
Dr Sudheer Babu  

Related Articles

Next Story
Share it