നിങ്ങള്‍ക്കുണ്ടോ ഫ്‌ളാഗ്ഷിപ്പ് ബ്രാന്‍ഡും സ്റ്റോറും?

നിങ്ങള്‍ ന്യൂയോര്‍ക്ക് സന്ദര്‍ശിക്കുകയാണ്. അവിടെ സോഹോ നഗരത്തിലേക്ക് നിങ്ങള്‍ കടന്നു ചെല്ലുന്നു. നിങ്ങളെ അതിശയിപ്പിച്ചു കൊണ്ട് അഞ്ച് നിലകളിലായി അന്‍പതിനായിരം സ്‌ക്വയര്‍ ഫീറ്റില്‍ ഒരു കെട്ടിടം മുന്നിലതാ നിവര്‍ന്നു നില്‍ക്കുകയാണ്. അതിനകത്തേക്ക് നിങ്ങള്‍ പ്രവേശിക്കുന്നു. നിങ്ങള്‍ക്കവിടെ ബാസ്‌ക്കറ്റ് ബോള്‍ കോര്‍ട്ടും ഫുട്ബാള്‍ കോര്‍ട്ടും കാണാം, കളിക്കാം. ട്രെഡ്മില്ലില്‍ ഓടി നോക്കാം. അതെ ഇന്നുവരെ അനുഭവിക്കാത്ത കസ്റ്റമര്‍ അനുഭവം ആ കെട്ടിടം നിങ്ങള്‍ക്ക് നല്‍കും. നിങ്ങളുടെ ഓരോ ചലനവും ക്യാമറകള്‍ നിരീക്ഷിച്ച് ഒരു ആപ്ലിക്കേഷനില്‍ സൂക്ഷിക്കും. ഏത് ഉല്‍പ്പന്നം വാങ്ങണം? തീരുമാനമെടുക്കാന്‍ ഈ ആപ്ലിക്കേഷന്‍ നിങ്ങളെ സഹായിക്കും.

ഈ കെട്ടിടം ലോകോത്തര ബ്രാന്‍ഡായ നൈക്കിന്റെ (Nike) ഫ്‌ളാഗ്ഷിപ്പ് സ്റ്റോറാണ്. കസ്റ്റമര്‍ അനുഭവങ്ങളെ വേറൊരു തലത്തിലെത്തിക്കുന്നു ഈ സ്റ്റോര്‍. നൈക്ക് എന്ന ബ്രാന്‍ഡ് എന്താണ്? ചെറിയൊരു സ്റ്റോറില്‍ നിന്നും ഒരു നൈക്ക് ഷൂ വാങ്ങുന്ന അനുഭവമല്ല ഈ സ്റ്റോര്‍ നിങ്ങള്‍ക്ക് നല്‍കുന്നത്. സ്റ്റോറിന്റെ വലുപ്പവും അതില്‍ ഒരുക്കിയിരിക്കുന്ന സൗകര്യങ്ങളും നിങ്ങളുടെ ഭാവനകള്‍ക്കും അപ്പുറമാണ്. അത് നിങ്ങളെ സ്തബ്ദരാക്കുന്നു, മറ്റൊരു ലോകത്തേക്ക് ആനയിക്കുന്നു.

ന്യൂയോര്‍ക്കില്‍ തന്നെ ആപ്പിളിന്റെ (Apple) ഫ്‌ളാഗ്ഷിപ്പ് സ്റ്റോര്‍ നിങ്ങള്‍ക്ക് കാണാം. നിങ്ങള്‍ക്കായി നിറയെ അത്ഭുതങ്ങള്‍ ഒരുക്കിവെച്ചിരിക്കുന്ന ഒരിക്കലും ഉറങ്ങാത്ത ഈ സ്റ്റോര്‍ ഭൂമിക്കടിയിലാണ് സ്ഥിതിചെയ്യുന്നത്. ലോകം മുഴുവനുമുള്ള ആപ്പിള്‍ സ്റ്റോറുകളില്‍ നിന്നൊക്കെ ഇത് വ്യത്യസ്തമാകുന്നു. ആഗോള ബ്രാന്‍ഡുകള്‍ ഇത്തരം ഫ്‌ളാഗ്ഷിപ്പ് സ്റ്റോറുകള്‍ സ്ഥാപിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കുന്നു. കാരണം അവരുടെ ബ്രാന്‍ഡ് തന്ത്രത്തില്‍ ഇത് അത്രയേറെ പ്രധാനപ്പെട്ടതാണ്. വലുപ്പത്തില്‍ മാത്രമല്ല കസ്റ്റമറില്‍ സ്വാധീനം ചെലുത്തുവാനും മതിപ്പുളവാക്കുവാനും സാധിക്കുന്ന അതിസുന്ദരമായ റീറ്റെയില്‍ സ്റ്റോറുകളാണ് ഇതിനായി മികച്ച ബ്രാന്‍ഡുകള്‍ ഒരുക്കുക.

സമയം ചെലവഴിച്ച് ഷോപ്പിംഗ് ആനന്ദകരമാക്കുവാന്‍ എത്തുന്ന ഉപഭോക്താക്കളെയാണ് ഫ്‌ളാഗ്ഷിപ്പ സ്റ്റോറുകള്‍ ലക്ഷ്യം വെക്കുന്നത്. വന്ന് ഉല്‍പ്പന്നം വാങ്ങി എത്രയും വേഗം തിരിച്ചു പോരുവാനല്ല ഉപഭോക്താവ് ശ്രമിക്കുന്നത്. ഷോപ്പിംഗ് എന്നും ഓര്‍മ്മിക്കാവുന്ന ഒരനുഭവമാക്കുവാന്‍ അവര്‍ ആഗ്രഹിക്കുന്നു. ഫ്‌ളാഗ്ഷിപ്പ് സ്റ്റോര്‍ ബ്രാന്‍ഡിന്റെ ശക്തിയും വ്യക്ത്വിത്വവും വിളിച്ചോതുന്നു.

കമ്പനികള്‍ക്ക് ഫ്‌ളാഗ്ഷിപ്പ സ്റ്റോറുകള്‍ മാത്രമല്ല ഫ്‌ളാഗ്ഷിപ്പ് ബ്രാന്‍ഡുകളും ഉണ്ടാകും. കമ്പനിയുടെ ഏറ്റവും പ്രധാനപ്പെട്ട ഉല്‍പ്പന്നമോ സേവനമോ ആയിരിക്കും അതിന്റെ ഫ്‌ളാഗ്ഷിപ്പ ബ്രാന്‍ഡ്. സ്‌പോര്‍ട്‌സ് ഷൂസ് ആണ് നൈക്കിന്റെ ഫ്‌ളാഗ്ഷിപ്പ ബ്രാന്‍ഡ്. ഐ ഫോണ്‍ ആപ്പിളിന്റെ ഫ്‌ളാഗ്ഷിപ്പ ബ്രാന്‍ഡാകുന്നു. നെസ്‌ലെ എടുത്താല്‍ മാഗ്ഗി നൂഡില്‍സും മൈക്രോസോഫ്റ്റ് എടുത്താല്‍ വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റവും ഫ്‌ളാഗ്ഷിപ്പ ബ്രാന്‍ഡുകളാകുന്നു.

വളരെ പ്രശസ്തമായ, തന്ത്രപ്രധാനമായ അല്ലെങ്കില്‍ ഏറ്റവും കൂടുതല്‍ തിരക്കുള്ള ഇടങ്ങളിലാവും കമ്പനികള്‍ തങ്ങളുടെ ഫ്‌ളാഗ്ഷിപ്പ് സ്റ്റോറുകള്‍ സ്ഥാപിക്കുക. തങ്ങളുടെ തന്നെ മറ്റൊരു സ്റ്റോറിലും ലഭിക്കാത്ത അത്യസാധാരണമായ അനുഭവങ്ങളും അവര്‍ ഉപഭോക്താക്കള്‍ക്കായി ഒരുക്കുന്നു. നവീനങ്ങളായ ഉല്‍പ്പന്നങ്ങളും അവയുടെ കണ്ണഞ്ചിപ്പിക്കുന്ന ഡിസ്‌പ്ലേയും ഉപഭോക്താക്കള്‍ക്കായി കരുതിവെക്കുന്നു. നിങ്ങള്‍ വാങ്ങുന്ന ബ്രാന്‍ഡിനെ കുറിച്ച് നിങ്ങള്‍ അഭിമാനം കൊള്ളും അതിനെ നിങ്ങള്‍ നെഞ്ചോട് ചേര്‍ത്തു വെക്കും.

നിങ്ങളുടെ ബിസിനസിന് ഒരു ഫ്‌ളാഗ്ഷിപ്പ് ബ്രാന്‍ഡുണ്ടോ? നിങ്ങള്‍ക്ക് ധാരാളം ഉല്‍പ്പന്നങ്ങള്‍ ഉണ്ടാവാം. പക്ഷേ അതില്‍ ഒന്ന് നിങ്ങളുടെ ഫ്‌ളാഗ്ഷിപ്പ് ബ്രാന്‍ഡാണ്. അതാണ് നിങ്ങളുടെ ബിസിനസിനെ നയിക്കുന്നത്. നിങ്ങള്‍ക്ക് ധാരാളം സ്റ്റോറുകള്‍ ഉണ്ടാകാം. പക്ഷേ നിങ്ങള്‍ക്കൊരു ഫ്‌ളാഗ്ഷിപ്പ് സ്റ്റോറുണ്ടോ? തന്ത്രപ്രധാനമായ സ്ഥലത്തുള്ള ഫ്‌ളാഗ്ഷിപ്പ് സ്റ്റോറിന് നിങ്ങളുടെ ബ്രാന്‍ഡിനെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തുവാന്‍ കഴിയും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram ChannelDr Sudheer Babu
Dr Sudheer Babu  

Related Articles

Next Story

Videos

Share it