Begin typing your search above and press return to search.
പ്രേരണ; അധ്യായം-02
ഫില്‍ട്ടര്‍ കോഫി
ഏതാണ്ട് പതിനഞ്ച് മിനിട്ടോളം കാത്തിരിപ്പ് തുടര്‍ന്നു. ദീര്‍ഘദൂര വിമാനയാത്രയുടെ ക്ഷീണം കാരണം ബോധം കെട്ട് ഉറങ്ങിയിരിക്കാം. ഫോണ്‍ ബെല്‍ ഒരുപാട് തവണ അടിച്ചതിനുശേഷമാവാം അറിഞ്ഞതുതന്നെ. ഏതായാലും റിസപ്ഷന്‍ വരെ ചെന്നു നോക്കാം. നടയിറങ്ങുമ്പോള്‍ വിശപ്പിന്റെ വിളി ശക്തമാകുന്നത് അറിയുന്നുണ്ടായിരുന്നു.
റിസപ്ഷനില്‍ ആളു മാറിയിരുന്നു.
അല്‍പ്പം മുമ്പ് 101-ലേക്ക് കണക്ട് ചെയ്യാന്‍ ശ്രമിച്ചിരുന്നോ എന്ന ചോദ്യത്തിന്, ശ്രമിച്ചിരുന്നുവെന്നും അപ്പോഴേയ്ക്കും ഫോണ്‍ കട്ടായിപ്പോയെന്നും അയാള്‍ മറുപടി പറഞ്ഞു. വിളിച്ചയാള്‍ പേരോ നമ്പരോ പറഞ്ഞിരുന്നോ എന്നാരാഞ്ഞപ്പോള്‍ ഒന്നും പറഞ്ഞില്ല 101-ല്‍ താമസിക്കുന്ന ജീവന്‍ ജോര്‍ജിനെ കണക്ട് ചെയ്യുമോ എന്നു മാത്രമേ ചോദിച്ചുള്ളൂ എന്നായിരുന്നു തണുത്ത മറുപടി. വിളിച്ചയാള്‍ സ്ത്രീയാണ് എന്നതാണ് അയാളില്‍നിന്ന് കിട്ടിയ ഏക വിവരം.
വല്ലാതെ വിശക്കാന്‍ തുടങ്ങിയിരുന്നു. റിസപ്ഷനില്‍ പറഞ്ഞേല്‍പ്പിച്ചിട്ട് കഴിക്കാന്‍ പോയേ പറ്റൂ. ഒരു കുപ്പി മിനറല്‍ വാട്ടര്‍ റൂമിലെത്തിക്കണം എന്നു പറഞ്ഞ് മുറിയുടെ ചാവിയും നൂറുരൂപയും അയാളെ ഏല്‍പ്പിച്ചു.
മിനറല്‍ വാട്ടറിന്റെ വിലയ്ക്കു ശേഷമുള്ള തുക തന്റെ ടിപ്പാണെന്ന് തിരിച്ചറിഞ്ഞ റിസപ്ഷനിസ്റ്റിന്റെ കണ്ണുകള്‍ വിടര്‍ന്നു. ഇത് അവസരമായിക്കണ്ടാണ് ഇനിയും ഫോണ്‍ വരാന്‍ സാധ്യതയുണ്ടെന്നും വിളിച്ചയാളിന്റെ പേരും നമ്പരും വാങ്ങി വയ്ക്കണമെന്നും പറഞ്ഞത്.
ബില്‍കുല്‍ എന്നു പറയുമ്പോള്‍ അയാള്‍ കണ്ണുകളിലേക്കു നോക്കി. പണത്തിന്റെ ശക്തി!
ആ ധൈര്യത്തിലാണ് അയാളോട് ഇവിടെയടുത്ത് സൗത്ത് ഇന്ത്യന്‍ ഹോട്ടലുണ്ടോ എന്നു ചോദിച്ചത്.
രണ്ട് മിനിട്ടു നടന്നാല്‍ സൗത്ത് ഇന്ത്യന്‍ ഹോട്ടലില്‍ എത്താം എന്ന മറുപടി തെല്ലാശ്വാസമേകി . വയറിനെ പ്രതികൂലമായി ബാധിക്കാനിടയില്ലാത്ത ദോശയോ ഇഡ്ഢലിയോ കഴിച്ച് വിശപ്പടക്കി പെട്ടെന്ന് തിരിച്ചെത്താം.
ഇറങ്ങി നടന്നു. പറഞ്ഞതുപോലെ തന്നെ സഹകാരി ഭണ്ഡാര്‍ റസ്റ്ററന്റ് എന്ന ബോര്‍ഡ് കണ്ടു. ഇത് സൗത്ത് ഇന്ത്യന്‍ ഹോട്ടല്‍ തന്നെയോ? അകത്ത് കയറി മെനു കാര്‍ഡ് കണ്ടപ്പോള്‍ സമാധാനമായി. മസാലദോശ എന്ന് കണ്ടമാത്രയില്‍ത്തന്നെ അത് ഓര്‍ഡര്‍ ചെയ്തു. അത്രയ്ക്കുണ്ടായിരുന്നു വിശപ്പ്. ഏതാണ്ട് അഞ്ചു മിനിട്ടോളം കാത്തിരിക്കേണ്ടി വന്നു ദോശയെത്താന്‍. കത്തുന്ന വിശപ്പില്‍ ഈ കാത്തിരിപ്പ് ദുസ്സഹം. വെയ്റ്റര്‍ അടുത്തെത്തിയപ്പോഴേ നല്ല നറുനെയ്യുടെ മണം പരന്നു. പഴയ കോളജ് കാലം ഓര്‍മിച്ചു. ഇന്ത്യന്‍ കോഫിഹൗസിലെ മസാലദോശ ആസ്വദിച്ചിരുന്ന നാളുകള്‍. ഉരുളക്കിഴങ്ങിനു പുറമേ ഇട്ടിരുന്ന ബീറ്റ്റൂട്ടിന്റെ നിറമുള്ള ഇന്ത്യന്‍ കോഫി ഹൗസ് മസാലദോശ! ഇവിടെ ബീറ്റ്റൂട്ട് ഇല്ല. മികച്ച തരം നെയ്യില്‍ ചുട്ടെടുത്ത ദോശയ്ക്കുള്ളില്‍ പാകത്തിന് മൂത്ത ചെറിയ ഉള്ളിയും നന്നായി വെന്ത ഉരുളക്കിഴങ്ങും. ഇടയ്ക്ക് സുഖം പകരുന്ന ചെറിയ പരിപ്പും. പച്ച, വെള്ള, ചുവപ്പ് ചട്ണികള്‍ക്കു പുറമേ സാമ്പാറും! റിസപ്ഷനിസ്റ്റിനോട് മനസില്‍ നന്ദി പറഞ്ഞു. വിശന്നു വയറു കരിഞ്ഞിരുന്നതിനാല്‍ പാത്രം കാലിയാവാന്‍ അധികസമയം എടുത്തില്ല.
വെയ്റ്റര്‍ ഓടിവന്നു. ഒരു മസാലദോശകൂടി കഴിക്കാന്‍ തോന്നിയിരുന്നെങ്കിലും ഉടനെ തിരിച്ചു ചെല്ലണമെന്ന് മനസ് ഓര്‍മിപ്പിച്ചതുകൊണ്ട് വേണ്ട എന്നു പറഞ്ഞു.
കിസി ഭീ ചീസ് അധിക്? ഫില്‍ട്ടര്‍ കോഫി?
മസാലദോശ കഴിക്കുന്ന ഒരു തെന്നിന്ത്യന്‍ ഫില്‍ട്ടര്‍ കോഫിയില്‍ തെന്നിവീഴും എന്ന് അയാള്‍ക്ക് ഉറപ്പുണ്ടായിരുന്നപോലെ. വീണു. ഫില്‍ട്ടര്‍ കോഫി ഓര്‍ഡര്‍ ചെയ്തു. മുംബെയില്‍ താമസിച്ചിരുന്ന കാലത്ത് ഫില്‍ട്ടര്‍ കോഫി കുടിക്കാനായി മാത്രം മാട്ടുംഗയില്‍ പോയിരുന്ന നാളുകള്‍!
സര്‍ ഇവിടെ മാത്രമേ നിങ്ങള്‍ക്ക് ഈ ടേസ്റ്റില്‍ ഫില്‍ട്ടര്‍ കോഫി കുടിക്കാനാവൂ.ആനാ ഫില്‍ട്ടര്‍ കോഫിയുടെ ഊര് കുംഭകോണം താന്‍
മാട്ടുംഗയിലെ തമിഴന്റെ ഹോട്ടലില്‍ ഇരിക്കുമ്പോള്‍ , അക്കൗണ്ടന്റ് രാമരത്നം എത്രയോ തവണ ഇത് പറഞ്ഞിരിക്കുന്നു.
ഒരു അധ്യാപകന്റെ ആധികാരികതയോടെ മലയാളവും തമിഴും കലര്‍ത്തിയുള്ള രാമരത്നത്തിന്റെ വാക്കുകള്‍ ഇന്നും ഓര്‍മിക്കുന്നു.
ഏറെ വിശ്വസ്തനായിരുന്നു രാമന്‍ എന്നു വിളിച്ചിരുന്ന രാമരത്നം. അയാള്‍ ഇപ്പോള്‍ കമ്പനിയില്‍ തുടരുന്നുണ്ടാവുമോ? ഒരു കമ്പനി മേധാവിയും അയാളെ നഷ്ടപ്പെടുത്താനാഗ്രഹിക്കില്ലെന്നു തീര്‍ച്ച.
ഫില്‍ട്ടര്‍ കോഫി എത്തിയിരുന്നു. പഴയ മാട്ടുംഗ രുചി ഇല്ലെങ്കിലും മോശമല്ലാത്ത കാപ്പി. ബില്‍ കൊടുത്ത് വൈ.എം.സി.എയിലേക്ക് തിരിച്ചു നടന്നു.
റിസപ്ഷനിസ്റ്റിന്റെ മുഖം കാത്തുനില്‍ക്കുംപോലെ തോന്നിച്ചു. കോള്‍ വന്നു കാണണം!
സര്‍ ആപ് കേലിയോ ഏക് കവര്‍ ഹേ?
ഡ്രോയറില്‍നിന്നും ഒരു ചെറിയ കവര്‍ അയാള്‍ നീട്ടി.
ജോ ഇസ് ദേ ദീ ഹേ? അത്ഭുതത്തോടെ ചോദിച്ചു.
തുരന്ത് അപ്നെ ബാഹര്‍ ജാനേ കേ ബാദ് ഏക് വ്യക്തി ആയാ ഓര്‍ യഹ് ദിയാ.
വഹ് കോന്‍ ധാ, പുരുഷ് ഓര്‍ സ്ത്രീ?
അത്ഭുതത്തോടെ ചോദിച്ചു.
വോ പുരുഷ് ധാ. മേം നാം കേലിയേ കഹാ. ലേകിന്‍ ഒന്‍ഹോനേ കഹാ കീ വഹ് ആനേ ഓര്‍ ജാനേ സേ പഹലേ ആപ് കോ പൂരാ കരേഗാ കഹാ.
ഞെട്ടലോടെയാണ് കേട്ടത്. കാണാന്‍ ഒരാള്‍ വന്നിരിക്കുന്നു. മുംബെയില്‍ നിന്ന് മടങ്ങും മുന്‍പ് അയാള്‍ വീണ്ടും വരുമത്രെ .
മുംബൈയില്‍ എത്തി എന്ന് ഇവിടെ അറിയാവുന്നത് ഇന്നു കണ്ട മലയാളി പെണ്‍കുട്ടികള്‍ക്ക് മാത്രം. ഇവര്‍ രണ്ടുപേരുമല്ലാതെ ഒരാള്‍ തന്നെ കാണാന്‍ കൃത്യമായി വൈ.എം.സി.എയില്‍ എത്തിയിരിക്കുന്നു. കവറിലേക്കു നോക്കി.
ജീവന്‍ ജോര്‍ജ് - റൂം നമ്പര്‍ 101, വൈ.എം.സി.എ. ആകാംക്ഷയോടെയാണ് കവര്‍ തുറന്നത്. ഉള്ളില്‍ ഒരു പെന്‍ഡ്രൈവ്.
Next Story
Videos